പ്രതീകാത്മക ചിത്രം
അടിമാലി: ഇരൂനൂറേക്കറിൽ അമിതവേഗത്തിലെത്തിയ ബൈക്ക് സൈക്കിളിലിടിച്ച് 13 വയസുകാരനു ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റ തെക്കിനാട്ട് സനു സ്കറിയയുടെ മകൻ എയ്ഡനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിലായ ബൈക്ക് യാത്രക്കാരായ യുവാക്കളിൽനിന്ന് ആറു ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ഞായറാഴ്ച രാത്രി പത്തോടെയാണ് അപകടം നടന്നത്.
ബൈക്കിൽ സഞ്ചരിച്ചിരുന്ന രാമക്കൽമേട് സ്വദേശി ആരോമൽ, കുഞ്ചിത്തണ്ണി സ്വദേശി അജിത്ത് എന്നിവർക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ തൊടുപുഴയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടത്തെ പരിശോധനകൾക്കിടെയാണ് ഇവരിൽനിന്ന് എംഡിഎംഎ കണ്ടെത്തിയത്. അജിത്ത് വിനോദിന്റെ ഷർട്ടിന്റെ പോക്കറ്റിൽനിന്ന് മൂന്നു പാക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന ആറു ഗ്രാം എംഡിഎംഎ ആശുപത്രി അധികൃതർ കണ്ടെത്തുകയായിരുന്നു. അടിമാലി പൊലിസിന് ലഹരിമരുന്ന് കൈമാറി.
അടിമാലി എസ്എച്ച്ഒ അജീഷ് കെ. ജോണിന്റെ നേതൃത്വത്തിൽ സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ലഹരിമരുന്നിന്റെ ഉറവിടത്തെക്കുറിച്ചും പൊലിസ് അന്വേഷിക്കുന്നുണ്ട്.