കൊച്ചി: കൊച്ചി മെട്രോയിലേക്കും വാട്ടര് മെട്രോയിലേക്കും ലാസ്റ്റ് മൈല് കണക്ടിവിറ്റി ശക്തിപ്പെടുത്തുന്നതിനായി ആരംഭിച്ച മെട്രോ ഇലക്ട്രിക് ഫീഡര് ബസ് സര്വീസ് ഒരു വയസ് പൂര്ത്തിയാകുമ്പോള്, സഞ്ചരിച്ച യാത്രക്കാരുടെ എണ്ണം 14 ലക്ഷം പിന്നിട്ടു.
മികച്ച സേവനം, സുഖകരമായ യാത്രാനുഭവം, സുരക്ഷിതത്വം എന്നിവയിലൂടെ മികച്ച ബദല് റോഡ് ഗതാഗത ശൃംഖലയായി വളരുകയാണ് ഇലക്ട്രിക് ഫീഡര് ബസ് സര്വീസ്.
2025 ജനുവരി 15നാണ് അര്ബന് ഫീഡര് ബസ് സര്വീസ് ഉദ്ഘാടനം ചെയ്തത്. മെട്രോ റെയിലും വാട്ടര് മെട്രോയിലും വന്നിറങ്ങുന്ന യാത്രക്കാര്ക്ക് വീടുകളിലേക്കും മറ്റും പോകുന്നതിനുള്ള കണക്ടിവിറ്റി സര്വീസായാണ് പദ്ധതി ആരംഭിച്ചത്. ആദ്യ വര്ഷം തന്നെ ആറു പ്രധാന റൂട്ടുകളിലായി സര്വീസ് വ്യാപിപ്പിക്കുകയും 15 ഇലക്ട്രിക് ബസുകള്, ഏഴ് ചാര്ജിംഗ് യൂണിറ്റുകള്, ഒരു ഡിപ്പോ എന്നിവയടങ്ങിയ സംവിധാനമായി ഫീഡര് ബസ് സര്വീസ് വളരുകയും ചെയ്തു.
പ്രതിദിനം ശരാശരി 2,300 കിലോമീറ്റര് സര്വീസ് നടത്തുന്ന ഈ സംവിധാനം ഒരു വര്ഷത്തിനുള്ളില് ഏകദേശം ഏഴ് ലക്ഷം കിലോമീറ്റര് പിന്നിട്ടു. ഈ കാലയളവില് 14 ലക്ഷം യാത്രക്കാരാണ് ഇലക്ട്രിക് ഫീഡര് ബസ് സര്വീസിന്റെ ഗുണഭോക്താക്കളായത്. ആലുവ-എയര്പോര്ട്ട് റൂട്ട്, മെഡിക്കല് കോളജ്, കടവന്ത്ര - പനമ്പിള്ളിനഗര്, ഹൈക്കോര്ട്ട് സര്ക്കുലര് റൂട്ടുകള്ക്കും മികച്ച പ്രതികരണമാണ് ലഭിച്ചത്.
കൊച്ചി മെട്രോ റെയിലിന്റെയും വാട്ടര് മെട്രോയുടെയും യാത്രക്കാരുടെയും വരുമാനത്തിന്റെയും വര്ധനയിലും ഫീഡര് സര്വീസ് നിര്ണായക പങ്ക് വഹിച്ചിട്ടുണ്ടെന്ന് കെഎംആര്എല് എംഡി ലോക്നാഥ് ബെഹ്റ പറഞ്ഞു.
Tags : nattu vishesham Kochi Metro feeder bus service