പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: എക്സൈസ് വകുപ്പ് നടപ്പിലാക്കുന്ന ഓപ്പറേഷന് തണ്ടര്‍ 100 ദിന കര്‍മപരിപാടിയുടെയും ഓണം സ്പെഷല്‍ ഡ്രൈവിന്റെയും ഭാഗമായി തിരുവനന്തപുരം ജില്ലയില്‍ എക്സൈസ് സംഘം വ്യാപക പരിശോധന നടത്തി.
വിവിധ ഭാഗങ്ങളില്‍ നിന്നായി 158.8 ലിറ്റര്‍ വിദേശമദ്യവും 330 സെന്റീമീറ്റര്‍ വരെ ഉയരത്തോടു കൂടിയതടക്കം മൂന്നുകഞ്ചാവ് ചെടികളും പിടിച്ചെടുത്തു. 20 അബ്കാരി കേസുകളും രണ്ട് എന്‍ഡിപിഎസ് കേസുകളും 24 കോട്പ കേസുകളും രജിസ്റ്റര്‍ ചെയ്തു. മദ്യവില്‍പ്പനയുമായി ബന്ധപ്പെട്ട് 19 പേര്‍ക്കെതിരേ ജാമ്യമില്ല വകുപ്പു പ്രകാരം കേസുകളെടുത്തു.
കിളിമാനൂര്‍ പ്രദേശത്ത് എക്സൈസ് ഇന്‍സ്പെക്ടര്‍ ഷിജിനയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് 60 ലിറ്റര്‍ വിദേശമദ്യം പിടിച്ചത്.
നേമത്ത് എക്സൈസ് ഇന്‍സ്പെക്ടര്‍ ശ്യാംകുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ വില്‍പ്പനയ്ക്കായി സൂക്ഷിച്ച 53 കുപ്പി വിദേശമദ്യവുമായി വിമുക്തഭടന് പിടിയിലായി. വാമനപുരത്ത് എക്സൈസ് ഇന്‍സ്പെക്ടര്‍ ബാബു പ്രസാദിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് 330 സെന്റീമീറ്റര്‍ നീളവും 51 ശാഖകളോടും കൂടിയതുമായ വലിയ കഞ്ചാവ് ചെടി കണ്ടെത്തിയത്.
നെയ്യാറ്റിന്‍കരയില്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ ലതീഷിന്റെ നേതൃത്വത്തില്‍ ഒരു മീറ്റര്‍ നീളത്തോടു കൂടിയതടക്കം രണ്ടു കഞ്ചാവ് ചെടികള്‍ പിടികൂടി. അസി. എക്സൈസ് കമ്മീഷണര്‍ ആര്. മനോജിന്റെ നേതൃത്വത്തിലുള്ള സംഘങ്ങളാണ് പരിശോധനകള്‍ ഏകോപിപ്പിച്ചത്. ഓണം സ്പെഷല്‍ ഡ്രൈവിനോടനുബന്ധിച്ചുള്ള ലഹരിവിരുദ്ധ പരിശോധനകള്‍ ശക്തമാക്കുമെന്നു ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ എം. സൂരജ് അറിയിച്ചു.
Tags : NattuVishasham DistrictNews