ബീനാച്ചി ഗവ. ഹൈസ്കൂളിലെ വിദ്യാര്‍ഥികള്‍ ഞാറു നടുന്നു.
സുൽത്താൻ ബത്തേരി: പാഠപുസ്തകങ്ങൾക്കപ്പുറം നെൽകൃഷിയുടെ പാഠം അനുഭവിച്ചറിഞ്ഞ് ബീനാച്ചി ഗവ. ഹൈസ്കൂളിലെ വിദ്യാർഥികൾ.പഴുപ്പത്തൂർ ചപ്പക്കൊല്ലിയിലെ 40 സെന്റ് പാടത്താണ് സ്കൂളിലെ കൃഷി ക്ലബ്ബിന്റെ നേതൃത്വത്തിൽ മൂന്നാം വർഷവും നെൽകൃഷി ആരംഭിച്ചത്. ചെളിയിലിറങ്ങി ഞാറ് നാട്ടിവച്ചും കൂട്ടുകാരോടൊപ്പം മീൻപിടിച്ചും കുട്ടികൾ നാട്ടിപ്പണി ആഘോഷമാക്കി.
പ്രദേശവാസിയും കല്ലൂർ രാജീവ് ഗാന്ധി റെസിഡൻഷ്യൽ സ്കൂളിന്റെ പ്രിൻസിപ്പലുമായ ഉണ്ണികൃഷ്ണൻ കൃഷിക്കായി പാടം വിട്ടുനൽകി. പഠനത്തോടൊപ്പം വിദ്യാർഥികളിൽ നെൽകൃഷിയോടുള്ള താത്പര്യം വളർത്തുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. കൃഷി ക്ലബ്ബിലെ നാൽപതോളം വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും ചേർന്നാണ് നാട്ടിപ്പണി നടത്തിയത്. ഉത്സവാന്തരീക്ഷത്തിലായിരുന്നു ചടങ്ങുകൾ. ചെളിയിലിറങ്ങി ഞാറ് നട്ട വിദ്യാർഥികൾക്ക് ഇത് വേറിട്ട അനുഭവമായി.
അധ്യാപകരും രക്ഷിതാക്കളും കുട്ടികൾക്കൊപ്പം പാടത്തിറങ്ങി നാട്ടിപ്പണിയിൽ പങ്കാളികളായി.മുൻവർഷങ്ങളിൽ "സേവ് ദ എർത്ത്’ സന്ദേശം ഉൾക്കൊള്ളുന്ന പാടി ആർട്ടിനൊപ്പമായിരുന്നു കൃഷി.രണ്ട് വർഷവും ലഭിച്ച വിളവ് നെല്ല് സ്കൂളിലെ ഉച്ചഭക്ഷണ പദ്ധതിയിൽ ഉപയോഗിച്ചിരുന്നു. ഇത്തവണയും നാട്ടിപ്പണിക്ക് ശേഷമുള്ള കളപറിക്കൽ, വളപ്രയോഗം, കൊയ്ത്ത് ഉൾപ്പെടെയുള്ള തുടർ കാർഷിക പ്രവർത്തനങ്ങൾ കൃഷി ക്ലബ്ബിന്റെ നേതൃത്വത്തിൽ നടക്കും. നാട്ടിപ്പണിയുടെ ഉദ്ഘാടനം ഡിവിഷൻ കൗണ്‍സിലർ ഷേർളി കൃഷ്ണൻ നിർവഹിച്ചു.
എസ്എംസി ചെയർമാൻ എസ്. കൃഷ്ണകുമാർ, പ്രധാനാധ്യാപകൻ കെ. ദിനേശൻ, അധ്യാപകരായ കെ.കെ. അരുണ്‍, പി.പി. സതീശൻ, റോയി ജോസഫ്, കെ.കെ. സജ്ന, കെ.കെ. ഫൗസിയ, സുജ, ഗീത, സിന്ധു, മേഘ എന്നിവർ നേതൃത്വം നൽകി.
Tags : NattuVishasham DistrictNews