തിരുവഴാംകുന്ന് മേഖലയിൽ അലഞ്ഞു തിരിയുന്ന കൊമ്പൻ.
മണ്ണാർക്കാട്: കഴിഞ്ഞ ദിവസങ്ങളിൽ കാളികാവ്, തൂവൂർ, കരുവാരകുണ്ട്, ഇടപ്പറ്റ മേഖലകളിൽ ഭീതി പരത്തിയ കാട്ടാന 30 കിലോമീറ്റർ ജനവാസമേഖലയിലൂടെ സഞ്ചരിച്ച് തിരുവിഴാംകുന്ന് മേഖലയിലെത്തി വിലസുന്നു.
തിരുവിഴാംകുന്ന് കന്നുകാലി ഗവേഷണകേന്ദ്രത്തിൽ തമ്പടിച്ച കാട്ടാനയെ നാട്ടുകാരും വനംവകുപ്പും ചേർന്ന് തുരത്തി. തുടർന്ന് കോട്ടാണി റിസർവനത്തിലേക്ക് കയറ്റിവിട്ടെങ്കിലും വീണ്ടും ഇന്നലെ കരടിയോട് മേഖലയിൽ വിലസുകയാണ്.
ജനവാസമേഖലയിലേക്ക് ഇറങ്ങാതിരിക്കാൻ ഏറെ പണിപ്പെടുന്നുണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും പറഞ്ഞു.
കരുവാരകുണ്ടിൽ ശല്യമായതോടെ കഴിഞ്ഞ ബുധനാഴ്ച രാത്രി അവിടെയുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് കൊമ്പനെ പറയൻമാട് വനമേഖലയിലേക്കു കടത്തിവിട്ടിരുന്നു. അവിടെനിന്നും എടത്തനാട്ടുകര ചിരട്ടക്കുളം ഭാഗത്തുകൂടി ആന യത്തീംഖാനയിൽ എത്തി.
തുടർന്ന് കൊടിയൻകുന്ന് മുണ്ടക്കുന്ന് വഴി തിരുവിഴാംകുന്ന് ഫാമിലെത്തുകയായിരുന്നു. ആന വന്ന വഴികളെല്ലാം ജനവാസമേഖലയാണ്. ചക്ക പറിച്ചു തിന്നതൊഴിച്ചാൽ മറ്റു നാശനഷ്ടങ്ങളൊന്നും 30 കിലോമീറ്ററിനിടയിൽ ആന വരുത്തിയിട്ടില്ല. കരടിയോട് മേഖലയിലുള്ളവർക്കാണ് ഇപ്പോൾ ആന ഭീതിയായി മാറിയിരിക്കുന്നത്.
പുറത്തിറങ്ങാനാവാത്ത അവസ്ഥയാണെന്ന് നാട്ടുകാർ പറഞ്ഞു. ആനയെ സൈലന്റ് വാലി വനമേഖലയിലേക്ക് തുരത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags : Nattuvishesham Districtnews Tusker that spread