വയോധികനെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റുന്നു.
സുല്‍ത്താന്‍ ബത്തേരി: നിയോജകമണ്ഡലത്തില്‍ ശക്തമായ കാലവര്‍ഷത്തെ തുടര്‍ന്നുണ്ടായ സാഹചര്യവും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ പുരോഗതിയും വിലയിരുത്തുന്നതിനായി ഐ.സി. ബാലകൃഷ്ണന് എംഎല്‍എയുടെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നു.അപകടഭീഷണി നിലനില്‍ക്കുന്ന പ്രദേശങ്ങളിലെ മണ്ണിടിച്ചില്‍ സാധ്യതകളും ഭൂവിള്ളലുകളും ജില്ലാ ദുരന്തനിവാരണ അഥോറിറ്റിയുടെ ശ്രദ്ധയില്‍പ്പെടുത്തി പരിശോധന നടത്തുന്നതിന് ശിപാര്‍ശ ചെയ്യാന്‍ യോഗം തീരുമാനിച്ചു.
അപകടസാധ്യത നേരിടുന്ന കുടുംബങ്ങളെ അനുയോജ്യമായ പുനരധിവാസ പദ്ധതികളില്‍ ഉള്‍പ്പെടുത്തി സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ ആവശ്യമായ റിപ്പോര്‍ട്ടുകള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ സമര്‍പ്പിക്കാനും തീരുമാനമായി. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന എല്ലാവര്ക്കും യഥാസമയം ഭക്ഷണം, കുടിവെള്ളം, ആരോഗ്യപരിരക്ഷ, ശുചിത്വം എന്നിവ ഉള്‍പ്പെടെയുള്ള എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് എംഎല്‍എ നിര്‍ദേശം നല്കി. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കുക എന്നതാണ് ഏറ്റവും പ്രധാനമെന്നും അപകടസാധ്യതയുള്ള പ്രദേശങ്ങളിലുള്ളവര്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ച് ആവശ്യമായ സാഹചര്യങ്ങളില്‍ സുരക്ഷിത കേന്ദ്രങ്ങളിലേക്കോ ദുരിതാശ്വാസ ക്യാമ്പുകളിലേക്കോ മാറാന്‍ തയാറാകണമെന്നും എംഎല്‍എ അഭ്യര്‍ഥിച്ചു.
ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന ശശീന്ദ്രന്, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ് കുമാര്‍, തഹസില്‍ദാര്‍ വി.ആര്. ജയപ്രകാശ്, ഡിവൈഎസ്പി എന്‍. രാജേഷ് കുമാര്‍, നിയോജകമണ്ഡലത്തിലെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ആരോഗ്യ, റവന്യു, പോലീസ്, തദ്ദേശസ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥര്‍, വില്ലേജ് ഓഫീസര്‍മാര്‍, സ്റ്റേഷന് ഹൗസ് ഓഫീസര്‍മാര്‍ എന്നിവരുള്‍പ്പെടെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.
പടിഞ്ഞാറത്തറ-വരാമ്പറ്റ റോഡില്‍ മണ്ണിടിഞ്ഞു
പടിഞ്ഞാറത്തറ: കനത്ത മഴയെത്തുടര്‍ന്ന് പടിഞ്ഞാറത്തറ-വരാമ്പറ്റ റോഡില്‍ ബാണാസുര സാഗര്‍ പ്രോജക്ട് ഡിവിഷന് അസിസ്റ്റന്റ് എന്‍ജിനീയറുടെ കാര്യാലയത്തിന് മുന്‍വശത്ത് മണ്ണ് ഇടിഞ്ഞു. മണ്ണ് വീണ് റോഡരികിലെ ഓവുചാലിന്റെ മുകള്ഭാഗം പൂര്‍ണമായും മൂടി. പടിഞ്ഞാറത്തറ-വരാമ്പറ്റ റോഡ് നവീകരണത്തിന് ജലസേചന വകുപ്പ് വിട്ടുനല്‍കിയ സ്ഥലത്താണ് മണ്ണിടിച്ചിലുണ്ടായത്. റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായി നേരത്തേയുണ്ടായിരുന്ന സംരക്ഷണഭിത്തി പൊളിച്ചുമാറ്റിയിരുന്നു. എന്നാല്‍ റോഡുപണി പൂര്‍ത്തിയായ ശേഷം പുതിയ സംരക്ഷണ ഭിത്തി നിര്‍മക്കാന്‍ അധികൃതര്‍ തയാറായില്ല. ഇതാണ് മണ്ണിടിച്ചിലിന് ഇടയാക്കിയതെന്ന് നാട്ടുകാര്‍ പറഞ്ഞു.
ഓവുചാലില്‍ മണ്ണ് വീണ് ഒഴുക്ക് തടസപ്പെട്ടതിനാല്‍ മഴവെള്ളം സമീപത്തെ കടകളിലേക്ക് കയറാന്‍ സാധ്യതയുണ്ട്. ഇത് വ്യാപാരികളെയും നാട്ടുകാരെയും ആശങ്കയിലാക്കുന്നുണ്ട്. അടിയന്തരമായി ഓവുചാലിലെ തടസം മാറ്റാനും അപകടം ഒഴിവാക്കാനും നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
ഗതാഗതംനിരോധിച്ചു
കല്‍പ്പറ്റ: വയനാട്, കണ്ണൂര്‍ ജില്ലകളെ ബന്ധിപ്പിക്കുന്ന മാനന്തവാടി, ബോയ്സ് ടൗണ്‍, കേളകം റോഡില്‍ വാഹന ഗതാഗതം നിരോധിച്ച് കണ്ണൂര്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. റോഡിന്റെ വിവിധ ഭാഗങ്ങളില്‍ മണ്ണിടിച്ചില്‍, റോഡിലേക്ക് പാറകള്‍ പതിക്കല്‍, മരം കടപുഴകി വീണ് അപകട സാധ്യതയുള്ളതായി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് ഉത്തരവ്. പ്രദേശത്ത് ആവശ്യമായ ക്രമീകരണങ്ങക്കായി പോലീസ്, കെആര്‍എഫ്ബി അധികൃതരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
മാനന്തവാടിയിൽ 342പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ
മാനന്തവാടി: മഴ ശക്തമായതോടെ വെള്ളപ്പൊക്ക ഭീഷണിയുള്ള കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാൻ താലൂക്കിൽ കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ശനിയാഴ്ച വൈകുന്നേരം വരെ മൂന്നു ക്യാമ്പുകളാണുണ്ടായിരുന്നത്. രാത്രി കൂടുതൽ ക്യാമ്പുകൾ തുടങ്ങി. നിലവിൽ 10 ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്.
72 കുടുംബങ്ങളിലെ 342 പേരാണ് ക്യാമ്പുകളിൽ കഴിയുന്നത്. 113 പുരുഷന്മാരും 127 സ്ത്രീകളും 87 കുട്ടികളും 14 മുതിർന്ന പൗരന്മാരും ഒരു ഗർഭിണിയുമാണ് വിവിധ ക്യാമ്പുകളിലുള്ളത്. ശനിയാഴ്ച രാത്രി മഴ നിർത്താതെ പെയ്തതോടെ താലൂക്കിൽ കൂടുതൽ ഇടങ്ങളിൽ വെള്ളം കയറി. ഇന്നലെ രാവിലെയോടെ താഴെക്കാവിലെ പാട്ടുപുരയ്ക്കു സമീപം വെള്ളമെത്തി. മാനന്തവാടി-പെരുവക-ആറാംമൈൽ റോഡിലെ കരിന്തിരിക്കടവിൽ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. ചെറുവയല്‍-വള്ളിയൂര്‍ക്കാവ്, കമ്മന- കാപ്പുംകുന്ന് റോഡിലും വെള്ളം കയറി ഗതാഗത തടസമുണ്ടായി. പുഴയിലൂടെ ഒലിച്ചെത്തിയ മരത്തടികളും മറ്റും അടിഞ്ഞ് തലപ്പുഴ തിണ്ടുമ്മല് പാലത്തിന്റെ കൈവരികള്‍ തകര്‍ന്നു.
പാലം അപകടാവസ്ഥയിലായി. പേര്യ ആരംഭിക്കുന്ന ഭാഗത്ത് ഞായറാഴ്ച രാത്രി എട്ടോടെ മണ്ണിടിഞ്ഞിരുന്നു. രാത്രി 11ഓടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. പേര്യ ചുരത്തിലെ മൂന്നാം വളവിലും നാലാം വളവിനുമിടയിൽ ഇന്നലെ വൈകുന്നേരം നാലരയോടെയാണ് മണ്ണിടിഞ്ഞു. വലിയ രീതിയിൽ അല്ലാത്തതിനാൽ ഗതാഗത തടസമുണ്ടായില്ല. പാൽച്ചുരം അപകടാവസ്ഥയിലായതോടെ ഇതുവഴിയുള്ള ഗതാഗതം കണ്ണൂർ കലക്ടർ പൂർണമായും നിരോധിച്ചു.
ജില്ലയില്‍ 28ക്യാമ്പുകളിലായി 1328പേരെ മാറ്റി താമസിപ്പിച്ചു
കല്‍പ്പറ്റ: ജില്ലയില്‍ മഴക്കെടുതിയെത്തുടര്‍ന്ന് 28 ദുരിതാശ്വാസ ക്യാമ്പുകളിലായി 1328 പേരെ മാറ്റി താമസിപ്പിച്ചു. വൈത്തിരി, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി താലൂക്കുകളില്‍ വെള്ളപൊക്കം മണ്ണിടിച്ചില്‍ ഭീഷണിയുള്ള പ്രദേശങ്ങളിലെ ആളുകളെയാണ് മാറ്റിതാമസിപ്പിച്ചത്.
ക്യാമ്പുകളില്‍ 414 കുടുംബങ്ങളിലെ 1328 പേരെയാണ് മാറ്റിപ്പാര്‍പ്പിച്ചത്. 465 പുരുഷന്മാരും 533 സ്ത്രീകളും 330 കുട്ടികളും 73 പ്രായമായവരും അഞ്ച് ഭിന്നശേഷിക്കാരും നാല് ഗര്‍ഭിണികളെയുമാണ് ക്യാമ്പിലേക്ക് മാറ്റിയത്. വൈത്തിരി താലൂക്കില്‍ 15 ഉം മാനന്തവാടി താലൂക്കില്‍ പത്തും ബത്തേരി താലൂക്കില്‍ മൂന്നും ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. വൈത്തിരി താലൂക്കിലെ കാപ്പുവയല്‍ ജിഎല്‍പി സ്കൂള്‍, സുഗന്ധഗിരി ഗവ. യുപി സ്കൂള്‍, മുട്ടില്‍ ഡബ്ല്യുഎംഒ കോളജ്, മുട്ടില്‍ ഡബ്ല്യുഎംഒ ഓര്‍ഫനേജ് യുപി സ്കൂള്‍, ചുണ്ടേല്‍ എച്ച്ഐഎം സ്കൂള്‍, ഇടിയംവയല്‍ കമ്യൂണിറ്റി ഹാള്‍, മേപ്പാടി ജയ്ഹിന്ദ് അങ്കണവാടി, തരിയോട് ഗവ. ഹൈസ്കൂള്‍, മുണ്ടേരി ജിവിഎച്ച്എസ് സ്കൂള്‍, അച്ചൂരാനം ജിഎല്‍പി സ്കൂള്‍, തെക്കുംതറ എയുപി സ്കൂള്‍, കരിങ്കുറ്റി ഗവ. വൊക്കേഷനില്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, പരളിക്കുന്ന് ഗവ. യുപി സ്കൂള്‍, പരിയാരം ഗവ. ഹൈസ്കൂള്‍, തെക്കുംതറ അമ്മ സഹായം യുപി സ്കൂള്‍ എന്നിവിടങ്ങളിലാണ് ക്യാമ്പുകള്‍ തുറന്നത്.
മാനന്തവാടി താലൂക്കില്‍ പുളിഞ്ഞാല്‍ ഗവ. ഹൈസ്കൂള്‍, മക്കിയാട് ഹോളി ഫെയ്സ് സ്കൂള്‍, പേരിയ ജിയുപി സ്കൂള്‍, തലപ്പുഴ ഗവ. യുപി സ്കൂള്‍, കൈതകൊല്ലി ഗവ. യുപി സ്കൂള്‍, കുഞ്ഞോം എയുപി സ്കൂള്‍, വരടിമൂല അങ്കണവാടി, ഇല്ലത്തുവയല്‍ അങ്കണവാടി, തിരുനെല്ലി എസ്എ യുപിഎസ്, വള്ളിയൂര്‍ക്കാവ് എന്‍എം യുപിഎസ് എന്നിവിടങ്ങളില്‍ ക്യാമ്പുകള്‍ തുറന്നു. ബത്തേരി താലൂക്കില്‍ ശ്രേയസ്, കല്ലിങ്കര ജിയുപി സ്കൂള്‍, നടവയല്‍ സെന്റ് തോമസ് ഹൈസ്കൂള്‍ എന്നിവിടങ്ങളിലാണ് ക്യാമ്പുകള്‍ തുറന്നത്.
തെങ്ങു വീണ് വീട് ഭാഗികമായി തകര്‍ന്നു
പുല്‍പ്പള്ളി: കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിലും കാറ്റിലും തെങ്ങ് ഒടിഞ്ഞുവീണ് വീട് ഭാഗികമായി തകര്‍ന്നു.മാരപ്പന്മൂല കവുങ്ങുംപള്ളില്‍ തോമസിന്റെ വീടിനു മുകളിലേക്കാണ് തെങ്ങ് ഒടിഞ്ഞുവീണത്. ശനിയാഴ്ച രാത്രി 10 ഓടെയാണ് സംഭവം. ആര്‍ക്കും പരിക്കില്ല.
മഴയ്ക്ക് ശമനം;
വെള്ളം ഇറങ്ങിത്തുടങ്ങി
മാനന്തവാടി: ജില്ലയില്‍ രണ്ട് ദിവസം തകര്‍ത്തുപെയ്ത മഴയ്ക്ക് ശമനം. ഇന്നലെ പകല്‍ ജില്ലയില്‍ പൊതുവെ കനത്ത മഴ പെയ്തില്ല.താഴ്ന്ന പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കയറിയ വെള്ളം ഒരളവോളം ഇറങ്ങി. വെള്ളപ്പൊക്ക ഭീഷണി ഭാഗികമായി ഒഴിവായതിന്റെ ആശ്വാസത്തിലാണ് ജനം. വെള്ളം കയറിയതുമൂലം താലൂക്കിലെ കമ്മന-കരിന്തിരിക്കടവ്, ആറാട്ടുതറ-ഇല്ലത്തുവയല്‍ റോഡുകളില്‍ ഗതാഗത തടസം ഉണ്ടായി. തലപ്പുഴ ഇടിക്കര റോഡിലെ കമ്പിപ്പാലത്തിന്റെ കൈവരി തകര്‍ന്നത് അപകട ഭീഷണി ഉയര്‍ത്തുന്നുണ്ട്. മാനന്തവാടി കൂനാര്‍വയല്‍ നാല് സെന്റ് ഉന്നതിയില്‍ സംരക്ഷണമതില്‍ തകര്‍ന്ന് ഒരു വീട് പൂര്‍ണമായും മറ്റൊന്ന് ഭാഗികമായും തകര്‍ന്നു.
പുളിഞ്ഞാല്‍, മക്കിയാട്, കുഞ്ഞോം, പേര്യ, കൈതക്കൊല്ലി, തലപ്പുഴ എന്നിവിടങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ പാല്‍ച്ചുരം റോഡിലൂടെയുള്ള ഗതാഗതം നിരോധിച്ചിരിക്കയാണ്. കണ്ണൂര്‍ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ നെടുംപൊയില്‍ ചുരം വഴിയാണ് കടത്തിവിടുന്നത്.
തരിയോട്പഞ്ചായത്തില്രണ്ട് ദുരിതാശ്വാസക്യാമ്പുകള്‍ ആരംഭിച്ചു
കാവുംമന്ദം: കനത്ത മഴയില്‍ തരിയോട് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് രണ്ട് ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചു. തരിയോട് ജിഎല്‍പി സ്കൂളിലും ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലുമാണ് ക്യാമ്പ് തുറന്നത്.
യഥാക്രമം തയ്യില്‍, പൊയില്‍, കമ്പനിക്കുന്ന് നിവാസികളെയാണ് ക്യാമ്പുകളിലേക്ക് മാറ്റിയത്. ഇവിടങ്ങളിലെ ഏതാനും കുടുംബങ്ങള്‍ ബന്ധു വീടുകളിലേക്കു മാറി. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചെറിയതോതില്‍ മണ്ണിടിഞ്ഞു. ഏതാനും വീടുകള്‍ക്ക് കേടുപറ്റി.ജനപ്രതിനിധികളും വില്ലേജ്, പഞ്ചായത്ത് ജീവനക്കാരും സന്നദ്ധപ്രവര്‍ത്തകരും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി.
Tags : NattuVishasham DistrictNews