അപകടത്തിൽപ്പെട്ട ടൂറിസ്റ്റ് ബസ് പരസ്യബോർഡിൽ ഇടിച്ച് മറിയുന്നതിനിടെ ബസിനടിയിൽപ്പെടാതെ അദ്ഭുതകരമായി രക്ഷപ്പെടുന്ന സ്കൂട്ടർ യാത്രക്കാരൻ (സിസിടിവി ദൃശ്യം)
കൂത്താട്ടുകുളം: സ്കൂട്ടറില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചുമാറ്റുന്നതിനിടെ, നിയന്ത്രണംവിട്ട ടൂറിസ്റ്റ് ബസ് പെട്രോള്‍ പമ്പിലേക്ക് ഇടിച്ചുകയറി മറിഞ്ഞ് സ്ത്രീകളും കുട്ടികളുമടക്കം 25 പേര്‍ക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. ബസില്‍ 35ഓളം യാത്രക്കാരുണ്ടായിരുന്നു. ഇന്നലെ രാവിലെ 10.30ഓടെ നടക്കാവ് - കൂത്താട്ടുകുളം റോഡില്‍ കാക്കൂര്‍ ഇന്ത്യന്‍ ഓയില്‍ പെട്രോള്‍ പമ്പിന് സമീപമായിരുന്നു അപകടം.
കാലടി കൈപ്പട്ടൂര്‍ പോരത്താന് തോമസിന്റെ മകള്‍ അന്നയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കുന്നപ്പിള്ളി ശാന്തിപുരം പള്ളിയിലേക്ക് പോകുകയായിരുന്ന കാലടിയില്‍ നിന്നുള്ള സംഘമാണ് അപകടത്തില്‍പ്പെട്ടത്. ഗൂഗിള്‍ മാപ്പ് നോക്കി അഞ്ചല്‍പ്പെട്ടി കാക്കൂര്‍ വഴി ഇലഞ്ഞി ഭാഗത്തേക്ക് പോകുകയായിരുന്നു ബസ്. കാലടി സ്വദേശികളായ പോരോത്തന് ഡേവീസ് (54), ആരോണ്‍ ഡേവീസ് (19), ആഗ്നസ് ഡേവീസ് (16), ആബേല്‍ ഡേവീസ് (11), കൊരേത്തന് ഷൈനി (37), ഇടനാട് ചിറ്റുപറമ്പില്‍ സി.പി. വര്‍ഗീസ് (75), പോരോത്തന് പി.എ. ജോര്‍ജ് (53), കണ്ണാമ്പുഴ സൈമണ്‍ (37), പോരോത്തന് ലില്ലി (64), മ
ഞ്ഞളി ജി.ഐ. ഷൈനി (53), കണപ്പിള്ളി സൈമണ്‍ (37), അങ്കമാലി സ്വദേശികളായ പടയാട്ടില്‍ ഷിനു ആന്റോ (42), മഞ്ഞളി ഏലിയാമ്മ തോമസ് (75), മഞ്ഞളി എം.ഡി. ജോയി (57), അരീക്കല്‍ ജോര്‍ജ് (53), മഞ്ഞളി തോമസ് (77), മഞ്ഞപ്ര സ്വദേശികളായ പോരോത്തന് അതുല്‍ (30), പടയാട്ടില്‍ ത്രേസ്യാമ്മ ഔസേപ്പ് (82), പോരോത്തന് ക്രിസ്മിക (6), പാലാട്ടില്‍ മേരി ജോര്‍ജ്, മാണിക്യമംഗലം ആനക്കല്‍ ജസീന്ത (51), തുറവുങ്കര കല്ലറ കെ.വി. തോമസ് (57), ബസ് ഡ്രൈവര്‍ മറ്റൂര്‍ കാപ്പിലില്‍ കുമരന് (45), സ്കൂട്ടര്‍ യാത്രികരായ കാക്കൂര്‍ സ്വദേശി കെ.എം. ജോയി (53), മകള്‍ ജിയ ജോയി (16) എന്നിവര്‍ക്കാണ് പരിക്ക്. ബസ് ഡ്രൈവരെ കൂത്താട്ടുകുളം ഗവ.ആശുപത്രിയിലും മറ്റുള്ളവരെ ദേവമാതാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ആഗ്നസ് ഡേവിസിനെ പിന്നീട് കോട്ടയം കാരിത്താസ് ആശുപത്രിയിലേക്ക് മാറ്റി.
അപകടം സ്കൂട്ടർ യാത്രികനെ രക്ഷിക്കാനായി ബസ്
വെട്ടിച്ചപ്പോൾ
മുന്നില്‍ സഞ്ചരിച്ചിരുന്ന സ്കൂട്ടര്‍ സിഗ്നൽ നല്‍കാതെ അപ്രതീക്ഷിതമായി പെട്രോള്‍ പമ്പിലേക്കു തിരിയാന്‍ ശ്രമിച്ചപ്പോള്‍ ഇടിക്കാതിരിക്കാന്‍ ബസ് ഡ്രൈവര്‍ വെട്ടിച്ചതാണ് അപകടത്തിന് ഇടയാക്കിയതെന്ന് പൊലിസും നാട്ടുകാരും പറഞ്ഞു.
പെട്ടെന്ന് ബ്രേക്ക് ചെയ്തു വലതുവശത്തേക്കു വെട്ടിച്ച ബസിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും പമ്പിന്റെ പരസ്യബോര്‍ഡ് സ്ഥാപിച്ചിരുന്ന 30 അടിയോളം ഉയരമുള്ള ഇരുമ്പുതൂണില്‍ ഇടിച്ച് ബസ് മറിയുകയുമായിരുന്നു. ബസ് വലത്തേക്ക് വെട്ടിക്കുമ്പോള്‍ വാഹനത്തിന്റെ പിന്‍ഭാഗം തട്ടി അപകടത്തിനിടയാക്കിയ സ്കൂട്ടറും റോഡിലേക്ക് മറിഞ്ഞു വീണു.
പെട്രോള്‍ പമ്പിലെ ഇന്ധനം വിതരണം ചെയ്യുന്ന യൂണിറ്റുകള്‍ക്കു തൊട്ടടുത്താണ് ബസ് മറിഞ്ഞത്. ഇന്ധനം നിറയ്ക്കാന്‍ നിര്‍ത്തിയിട്ടിരുന്ന കാറിലും മറ്റൊരു ഇരുചക്രവാഹനത്തിലും ഇടിക്കാതെയാണ് ബസ് മറിഞ്ഞത്.
ഇന്ധനം നിറച്ചശേഷം പോകാനായി പുറത്തേക്ക് എടുക്കുകയായിരുന്നു രക്ഷപ്പെട്ട ഇരുചക്രവാഹനം. ബസ് അപകടത്തില്‍പ്പെട്ട് റോഡില്‍ പതിക്കുമ്പോള്‍ തൊട്ടരികിലായിരുന്ന സ്കൂട്ടറിന്റെ പിന്‍ഭാഗത്ത് ബസ് തട്ടുന്നതിന്റെയും സ്കൂട്ടര്‍ യാത്രികന് അദ്ഭുതകരമായി രക്ഷപ്പെടുന്നതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
അപകടം നടന്നയുടന്‍ നാട്ടുകാരും കൂത്താട്ടുകുളത്തുനിന്നെത്തിയ ഫയര്‍ഫോഴ്സും പൊലിസും ചേര്‍ന്ന് ബസിനുള്ളില്‍ കുടുങ്ങിയ യാത്രക്കാരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചു. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ പരിശോധിച്ചു.
Tags : NattuVishesham DistrictNews