എം.വി. പൗലോസ്
തിരുമാറാടി: പാറമടയിലേക്ക് പോകുകയായിരുന്ന ടിപ്പർ ലോറി പിന്നോട്ട് എടുക്കുന്നതിനിടെ സ്കൂട്ടറിൽ ഇടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. പാമ്പാക്കുട കൈനി മൂക്കനേത്ത് എം.വി. പൗലോസ് (ജോസ്-60) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 1.30ഓടെ മണ്ണത്തൂർ ആടുകുഴിയിലെ പാറമടയിലേക്കുള്ള റോഡ് ആരംഭിക്കുന്നിടത്തായിരുന്നു അപകടം.
കുത്തനെയുള്ള കയറ്റവും വളവും കാരണം ടോറസ് ലോറി ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ ഇവിടെ രണ്ട് തവണ തിരിച്ചാണ് പാറമടയിലേക്ക് കയറിപ്പോകുന്നത്.
പാറമടയിലേക്ക് പോകാൻ ലോറി ചുണ്ടി - ആറൂർ റോഡിലേക്ക് പിന്നോട്ട് എടുക്കുന്നതിനിടെയാണ് സ്കൂട്ടറിൽ ഇടിച്ചിട്ടത്. അപകടമുണ്ടായത് ശ്രദ്ധിക്കാതെ ലോറി പാറമടയിലേക്ക് ഓടിച്ചു പോകുകയായിരുന്നു. തലയ്ക്ക് സാരമായ പരുക്കേറ്റ പൗലോസിനെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. കൂത്താട്ടുകുളം പൊലിസ് പാറമടയിലെത്തി ലോറി കസ്റ്റഡിയിലെടുത്തു.
ബന്ധുവീട്ടിൽ പോയി മടങ്ങവെയാണ് പൗലോസ് അപകടത്തിൽപെട്ടത്. മൃതദേഹം കൂത്താട്ടുകുളം ദേവമാത ആശുപത്രി മോർച്ചറിയിൽ. പിതാവ്: എം.പി. വർക്കി, മാതാവ് : പരേതയായ അന്നമ്മ. ഭാര്യ: ഷീന (ഇറ്റലി). മക്കൾ: ലിന്റാ പോൾ (മാൾട്ട), ലിന്റു പോൾ, ലിനു പോൾ.
Tags : NattuVishesham DistrictNews