നഗരസഭ സംഘടിപ്പിച്ച ത്രിവേണിയോണം ആഘോഷങ്ങളുടെ ഭാഗമായി മൂവാറ്റുപുഴയാറില്‍ നടന്ന വള്ളംകളി മത്സരത്തില്‍ നിന്ന്.
മൂവാറ്റുപുഴ : മൂവാറ്റുപുഴയാറിലെ ഓളങ്ങളെ കീറിമുറിച്ച് ചുണ്ടന് വള്ളങ്ങള്‍ പാഞ്ഞതോടെ ഇരുകരകളിലെയും കാണികള്‍ ആവേശത്തിന്റെ കൊടുമുടി കയറി. 45 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മൂവാറ്റുപുഴയാര്‍ വീണ്ടും ആവേശകരമായ വള്ളംകളിക്ക് വേദിയായത്.
നഗരസഭ സംഘടിപ്പിച്ച ത്രിവേണിയോണം ആഘോഷങ്ങളുടെ ഭാഗമായി നടന്ന വള്ളംകളി കാണാന്‍ മൂവാറ്റുപുഴയാറിന്റെ ഇരുകരകളിലേക്കും വന്‍ജനാവലിയാണ് ഒഴുകിയെത്തിയത്. ഓണാഘോഷത്തിന് ആവേശം പകര്‍ന്ന ജലോത്സവം നഗരത്തിന് ഉത്സവാന്തരീക്ഷം സമ്മാനിച്ചു.
വിവിധ ടീമുകള്‍ മാറ്റുരച്ച മത്സരം ആറ് റൗണ്ടുകളിലായാണ് നടന്നത്. ഓരോ റൗണ്ടിലും വാശിയേറിയ പോരാട്ടമാണ് അരങ്ങേറിയത്. വള്ളങ്ങളുടെ കുതിപ്പിനൊപ്പം കാണികളുടെ ആവേശവും ഉയര്‍ന്നു. ഏറെക്കാലത്തിന് ശേഷം മൂവാറ്റുപുഴയാര്‍ വീണ്ടും ജലോത്സവത്തിന് വേദിയായത് നാട്ടുകാരും ആഘോഷമാക്കി.
ഫൈബര്‍ വെപ്പ് വിഭാഗത്തില്‍ ഒന്നാം സ്ഥാനം സെന്റ് ആന്റണിയും രണ്ടാം സ്ഥാനം പുത്തന്കണ്ടത്തിലും ഫൈബര്‍ ചുണ്ടന് ലൂസേഴ്സ് വിഭാഗത്തില്‍ ഒന്നാം സ്ഥാനം വൈഗയും രണ്ടാം സ്ഥാനം തൃക്കുന്നപ്പുഴയും ഫൈബര്‍ ചുണ്ടന് വിഭാഗത്തില്‍ മഹാദേവികാട് ഒന്നാം സ്ഥാനവും തത്വമസി രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
വള്ളംകളിയുടെ ഉദ്ഘാടനം ഡീന്‍ കുര്യാക്കോസ് എംപി നിര്‍വഹിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ ജോയ്സ് മേരി ആന്റണി അധ്യക്ഷത വഹിച്ചു. മാത്യു കുഴല്നാടന് എംഎല്‍എ, നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ പി.എം. അബ്ദുല്‍ സലാം, ആര്‍ഡിഒ എ. അബ്ബാസ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
വരും വര്‍ഷങ്ങളിലും ഇത്തരം ജലോത്സവങ്ങള്‍ സംഘടിപ്പിച്ച് മൂവാറ്റുപുഴയാറിനെ കൂടുതല്‍ സജീവമായ വിനോദസഞ്ചാര-ആഘോഷ കേന്ദ്രമാക്കി മാറ്റുമെന്ന് നഗരസഭ ചെയര്‍പേഴ്സണ്‍ വ്യക്തമാക്കി.
Tags : NattuVishesham DistrictNews