പാൽചുരത്തിലുണ്ടായ മണ്ണിടിച്ചിലും റോഡിലെ കാഴ്ചയെ മറയ്ക്കുന്ന കോടമഞ്ഞും.
കേളകം: അന്തർ സംസ്ഥാന പാതയും കണ്ണൂരിനെ വയനാടുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതകളിൽ ഒന്നുമായ പാൽചുരം റൂട്ടിലെ അപകടാവസ്ഥ യാത്രക്കാരെ ഭീതിയിലാക്കുന്നു. മഴക്കാലത്ത് മണ്ണിടിച്ചിലിനൊപ്പം കൂറ്റന് പാറുകളും താഴേക്ക് പതിക്കുന്നത് കാരണം ഏതു സമയവും അപകടത്തിൽ പെട്ടേക്കാമെന്ന ഭീതിയിലാണ് ഇതിലൂട യാത്രക്കാർ സഞ്ചരിക്കുന്നത്.
തുടർച്ചയായ മഴയിൽ ബോയ്സ് ടൗൺ റോഡിലെ നിരവധി ഇടങ്ങളിൽ ചെറുതും വലുതുമായ രീതിയിൽ മണ്ണും കല്ലും റോഡിലേക്ക് ഇടിഞ്ഞുവീഴുന്നത് പതിവായിരിക്കുകയാണ്. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ ഉണ്ടായ വൻ മണ്ണിടിച്ചിലിൽ വലിയൊരു ദുരന്തം തലനാരിഴയ്ക്കാണ് ഒഴിവായത്.
വാഹനങ്ങൾ കടന്നുപോകുന്നതിനിടെ ഒലിച്ചെത്തിയ കല്ലും മണ്ണും കണ്ട് ഡ്രൈവർമാർ കൃത്യസമയത്ത് വാഹനം വെട്ടിച്ചു മാറ്റിയതുകൊണ്ടാണ് യാത്രക്കാർ അദ്ഭുതകരമായി രക്ഷപ്പെട്ടത്.
എന്നാൽ മണ്ണിടിഞ്ഞ ഇതേ ഭാഗത്തുതന്നെ ഇനിയും വലിയ രീതിയിൽ ഇടിയാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. കുത്തനെയുള്ള ഇറക്കങ്ങളിലും അപകടകരമായ വളവുകളിലും നിൽക്കുന്ന കൂറ്റൻ പാറക്കൂട്ടങ്ങളാണ് ചുരം പാതയിൽ നിലവിലെ പ്രധാന ഭീഷണി. വലിയ പാറകൾ ഏതുനിമിഷവും റോഡിലേക്ക് പതിക്കാവുന്ന അവസ്ഥയിലാണ്.
ഇതിനുപുറമേ ഉച്ചസമയത്തും പോലും ചുരത്തിൽ അനുഭവപ്പെടുന്ന കനത്ത കോടമഞ്ഞ് ഡ്രൈവർമാരുടെ കാഴ്ച പൂർണമായും മറയ്ക്കുന്നത് അപകടസാധ്യത ഇരട്ടിയാക്കുന്നു. എതിർദിശയിൽനിന്ന് വരുന്ന വാഹനങ്ങൾ അവസാന നിമിഷം മാത്രം കണ്ണിൽപ്പെടുന്ന സാഹചര്യം പലപ്പോഴും വലിയ കൂട്ടിയിടികൾക്ക് കാരണമാകുന്നുണ്ട്. നിരവധി കെഎസ്ആർടിസി. ബസുകളും ഭാരമേറിയ ചരക്കുവാഹനങ്ങളും അടക്കം നൂറുകണക്കിന് വാഹനങ്ങളാണ് ദിനംപ്രതി കടന്നു പോകുന്ന പാതയാണിത്.
വിള്ളലുള്ള ഭാഗങ്ങളിൽ ബലമുള്ള സംരക്ഷണ ഭിത്തികൾ കെട്ടി റോഡ് സുരക്ഷിതമാക്കണമെന്ന ആവശ്യത്തിന് ഏറെ പഴക്കമുണ്ടെങ്കിലും ഇക്കാര്യത്തിൽ നടപടികൾ ഉണ്ടാകുന്നില്ല. വേഗത നിയന്ത്രിക്കാനുള്ള മുന്നറിയിപ്പ് ബോർഡുകളും കോടമഞ്ഞിനെ പ്രതിരോധിക്കുന്ന ലൈറ്റുകളും സ്ഥാപിച്ച് അപകടഭീഷണി പരിഹരിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾ ഉടൻ നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെയും പ്രദേശവാസികളുടെയും ആവശ്യം.
Tags : NattuVishesham DistrictNews