നിരോധിത പുകയില ഉത്പന്നങ്ങളുമായി ഉളിക്കൽ പൊലിസിന്റെ പിടിയിലായ പ്രതി പുഷ്പരാജ്.
ഇരിട്ടി: തേനീച്ച കൃഷിയുടെ മറവിൽ കണ്ണൂർ ജില്ലയിലെ മലയോര മേഖലയിൽ വൻതോതിൽ നിരോധിത പുകയില ഉത്പന്നങ്ങളുടെ വ്യാപാരം നടത്തിയിരുന്നയാൾ പിടിയിൽ. തമിഴ്നാട് കന്യാകുമാരി സ്വദേശി പുഷ്പരാജ് (53)ആണ് ഉളിക്കൽ പൊലിസിന്റെ പിടിയിലായത്. വട്ട്യാന്തോ ടുള്ള വാടകവീട്ടിൽ നടത്തിയ പരിശോധനയിൽ ഏകദേശം 2.50 ലക്ഷം രൂപ വിലവരുന്ന 4,950 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ പൊലിസ് പിടിച്ചെടുത്തു. നിരോധിത പുകയില ഉത്പന്നങ്ങളുടെ മൊത്ത വ്യാപാരികളിലൊരാളാണ് പുഷ്പരാജെന്ന് പൊലിസ് പറഞ്ഞു.
നിരവധി കേസുകളിൽ പ്രതി
മലയോര മേഖല കേന്ദ്രീകരിച്ച് ആളൊഴിഞ്ഞ പഴയ വീടുകൾ വാടകയ്ക്കെടുത്താണ് പ്രതി ലഹരിവസ്തുക്കളുടെ വ്യാപാരം നടത്തുന്നതെന്നാണ് പൊലിസ് കണ്ടെത്തൽ. മുഴക്കുന്ന്, ഇരിട്ടി, കരിക്കോട്ടക്കരി, ഉളിക്കൽ പൊലിസ് സ്റ്റേഷനുകളിലായി നിരവധി കേസുകൾ ഇയാൾക്കെതിരേ യുണ്ട്. എക്സൈസ് കേസുകളും നിലവിലുണ്ടെന്ന് പറയുന്നു.
വരവ് കർണാടകയിൽ നിന്ന്
കർണാടകയിലെ വിരാജ്പേട്ട ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽനിന്നാണ് പുകയില ഉത്പന്നങ്ങൾ കേരളത്തിലെത്തിക്കുന്നതെന്നാണ് വിവരം. കർണാടകയിൽ 10 രൂപയ്ക്ക് ലഭിക്കുന്ന പാക്കറ്റുകൾ കേരളത്തിൽ 50 രൂപയ്ക്കാണ് വിൽക്കുന്നത്. പുലർച്ചെ അഞ്ചിന് മുമ്പുതന്നെ ബൈക്കുകളിൽ ഇടപാടുകാർക്ക് ഉത്പന്നങ്ങൾ എത്തിച്ചുനൽകുന്നതാണ് ഇയാളുടെ രീതിയെന്ന് പൊലിസ് പറയുന്നു. ഉച്ചയോടെ തിരിച്ചെത്തി പണം ശേഖരിച്ച് മടങ്ങും. അതിർത്തിയിൽ വലിയ വാഹനങ്ങളുടെ പിന്നാലെ സഞ്ചരിച്ച് പരിശോധനയിൽനിന്ന് രക്ഷപ്പെടുക ഇയാളുടെ തന്ത്രമാണ്. വിരാജ്പേട്ടയിൽനിന്ന് മംഗളൂരുവിലേക്ക് പോകുന്ന പുകയില ഉത്പന്നങ്ങൾ കയറ്റിയ കണ്ടെയ്നർ വാഹനങ്ങൾ വഴിയും ഇയാൾ സാധനങ്ങൾ കേരളത്തിലെത്തിച്ചിരുന്നതായും പൊലിസിന് വിവരം ലഭിച്ചിട്ടുണ്ട്.
പിഴയടച്ച് പുറത്തിറങ്ങും
ലക്ഷങ്ങളുടെ നിരോധിത പുകയില ഉത്പന്നങ്ങളുമായി പലതവണ പിടിയിലായിട്ടും 10,000 രൂപ വരെ പിഴയടച്ച് പുറത്തിറങ്ങി വീണ്ടും കച്ചവടം തുടരുന്നതാണ് പുഷ്പരാജിന്റെ രീതി. കേരളത്തിൽ നിരോധിത പുകയില ഉത്പന്നങ്ങൾ വിൽപന തമിഴ്നാട്ടിൽ കോടികൾ വിലമതിക്കുന്ന ആഡംബര വീട് ഇയാൾ നിർമിച്ചതായി പൊലിസ് പറയുന്നു.
വീണ്ടും പിടിയിലായാൽ റിമാൻഡ് ചെയ്യുമെന്ന മുന്നറിയിപ്പും കഴിഞ്ഞ ദിവസം കോടതി ഇയാൾക്ക് നൽകിയിരുന്നു.
എല്ലാറ്റിനും ഏജന്റുമാർ
തമിഴ്നാട് സ്വദേശിയായതിനാൽ മലയോര മേഖലയിൽ വീടുകളും വാഹനങ്ങളും തരപ്പെടുത്താൻ പ്രാദേശിക ഏജന്റുമാരുടെ സഹായം പ്രതി ഉപയോഗിച്ചിരുന്നതായും പൊലിസ് പറയുന്നു. പ്രതി ഉപയോഗിച്ചിരുന്ന മൂന്ന് ബൈക്കുകളും കാറും ചരൽ സ്വദേശി ജോസഫിന്റേതാണെന്നാണ് വിവരം. വാഹനങ്ങൾ വിട്ടുനൽകുന്നതിന് ഉടമയ്ക്ക് പ്രതിഫലം നൽകിയിരുന്നതായും പൊലിസ് പറയുന്നു. ആൾതാമസമില്ലാതെ ഒറ്റപ്പെട്ടുകിടക്കുന്ന വീടുകൾ ഉയർന്ന വാടകയ്ക്ക് എടുത്ത് ചാക്കുകണക്കിന് നിരോധിത പുകയില ഉത്പന്നങ്ങൾ സൂക്ഷിക്കുന്ന ഗോഡൗണുകളാക്കി മാറ്റുകയായിരുന്നു. കൃത്യമായി വാടക നൽകിയിരുന്നതിനാൽ വീട്ടുടമകൾക്ക് സംശയം തോന്നാതെയായിരുന്നു ഇടപാടുകൾ നടത്തിയിരുന്നതെന്നും പൊലിസ് പറഞ്ഞു.
Tags : NattuVishesham DistrictNews