ഇടയിലക്കാട് കാവിലെ വാനരക്കൂട്ടത്തിന് നവോദയ ഗ്രന്ഥാലയം ബാലവേദിയുടെ നേതൃത്വത്തിൽ ഓണസദ്യ വിളമ്പിയപ്പോൾ.
വലിയപറമ്പ്: ഇടയിലക്കാട് കാവിലെ വാനരക്കൂട്ടത്തിന് ഇക്കുറിയും ഓണസദ്യ വിളമ്പി. വാനരസദ്യ 19-ാം വർഷത്തിലേക്ക് കടക്കുന്നതിന്റെ പ്രതീകമായി 19 വിഭവങ്ങൾ ചേർത്താണ് ഇടയിലക്കാട്
നവോദയ ഗ്രന്ഥാലയം ബാലവേദിയുടെ നേതൃത്വത്തിൽ ഇത്തവണ സദ്യ വിളമ്പിയത്. പഴുത്ത ചക്കച്ചുളകൾ മുതൽ അനാർ വരെയുള്ള വിഭവങ്ങൾ സദ്യയിൽ നിരന്നു.
കാവിലെ കുരങ്ങുകൾക്ക് രണ്ടു പതിറ്റാണ്ടുകാലം മുറതെറ്റാതെ ചോറൂട്ടിയ ചാലിൽ മാണിക്കമ്മയുടെ വീട്ടിൽ വച്ചാണ് സദ്യയ്ക്കുള്ള പഴങ്ങളും പച്ചക്കറികളും മുറിച്ചത്. വാർധക്യസഹജമായ അസുഖങ്ങൾ മൂലം മാണിക്കമ്മ ഇപ്പോൾ കിടപ്പിലാണ്. ചോറിനു പുറമേ ചക്കച്ചുള, കാരറ്റ്, പപ്പായ, തക്കാളി, ബീറ്റ്റൂട്ട്, കക്കിരി, വെള്ളരി, അനാർ, പേരക്ക, സപ്പോട്ട, നെല്ലിക്ക, ചെറുപഴം, തണ്ണിമത്തൻ, പൈനാപ്പിൾ, സവർജല്ലി, മത്തൻ, കോവയ്ക്ക, നക്ഷത്രപ്പുളി എന്നിവയായിരുന്നു വിഭവങ്ങൾ. ഇവയെല്ലാം വട്ടത്തിലും നീളത്തിലും മുറിച്ച് ഓണപ്പാട്ടുകൾ പാടി ഘോഷയാത്രയായാണ് കുട്ടികളും മുതിർന്നവരുമടങ്ങുന്ന സംഘം കാവിലേക്കെത്തിയത്. ഹരിത പെരുമാറ്റം ചട്ടം പാലിച്ച് സ്റ്റീൽ ഗ്ലാസുകളിൽ വെള്ളവും വച്ചിരുന്നു. മനുഷ്യരോട് ഏറെ ഇണക്കമുള്ള കുരങ്ങുകൾ സാധനങ്ങൾ ഡസ്കുകളിൽ നിരത്തിയതിനു പിന്നാലെതന്നെ കൂട്ടത്തോടെയെത്തി കഴിക്കാനാരംഭിച്ചു.
സിനിമാ താരം പി.പി. കുഞ്ഞികൃഷ്ണൻ ചോറു വിളമ്പി ഉദ്ഘാടനം ചെയ്തു. നടൻ കെ.യു. മനോജ്, പഞ്ചായത്ത് അംഗങ്ങളായ എം. ബാബു, കെ. സുലോചന, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ. പി. പ്രഭാകരൻ, ഹൊസ്ദുർഗ് താലൂക്ക് കമ്മിറ്റി പ്രസിഡന്റ് സുനിൽ പട്ടേന, സെക്രട്ടറി പി. വേണുഗോപാലൻ, പി.വി. ദിനേശൻ, പത്മനാഭൻ വെളിച്ചപ്പാടൻ, കെ. സത്യവ്രതൻ, വി.കെ. കരുണാകരൻ, ആനന്ദ് പേക്കടം, കെ.വി. കൃഷ്ണപ്രസാദ് വൈദ്യർ എന്നിവർ സംബന്ധിച്ചു. കുട്ടിക്കുരങ്ങുകൾ തൊട്ട് പ്രായമേറിയവർ വരെ ഇരുപതിലേറെ കുരങ്ങുകൾ സദ്യയുണ്ടു.
Tags : NattuVishesham DistrictNews