പ്രതീകാത്മക ചിത്രം
കൊച്ചി: പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ച് സിപിഎം മുൻ ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ നടത്തിയ പ്രതികരണത്തെച്ചൊല്ലി ജില്ലയിൽ സിപിഎം - സിപിഐ പോര്. സി.എൻ. മോഹനൻ നടത്തിയ അഭിപ്രായ പ്രകടനം അപക്വവും വസ്തുതാവിരുദ്ധവും ചരിത്രത്തെ വളച്ചൊടിക്കുന്നതുമാണെന്ന് സിപിഐ ജില്ലാ സെക്രട്ടറി എൻ. അരുൺ പറഞ്ഞു. ഇതേതുടർന്ന് ഇരുപാർട്ടിയിലെയും പ്രവർത്തകർക്കിടയിൽ അഭിപ്രായപ്രകടനങ്ങളും വാദപ്രതിവാദങ്ങളും ശക്തമായി.
പിണറായി വിജയനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനാണ് സിപിഐ നീക്കമെന്നും നിയമസഭയിൽ പ്രതിപക്ഷ ഉപനേതൃ പദവി ആവശ്യപ്പെടുന്നത് ഇന്നുവരെയില്ലാത്ത കീഴ്വഴക്കങ്ങൾ ലംഘിച്ചാണെന്നുമായിരുന്നു സി.എൻ. മോഹനൻ ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്. പോസ്റ്റ് വാർത്തയായതോടെ കൂടുതൽ വിശദീകരണവുമായി സി.എൻ. മോഹനൻ രംഗത്തെത്തി. എല്ലാക്കാലത്തും പ്രതിപക്ഷ ഉപനേതാവ് പദവി വഹിച്ചത് സിപിഎം ആണ്. ആ കീഴ്വഴക്കമാണ് പിണറായി വിജയൻ പറഞ്ഞത്. ഏറ്റവും കൂടുതൽ ശുദ്ധതയുള്ളവരാണ് തങ്ങളെന്നാണ് സിപിഐയുടെ ധാരണ. പിഎംശ്രീയില്‍ അനാവശ്യ വിവാദമുണ്ടാക്കി ഇടത് സര്‍ക്കാരിനെ താറടിച്ചതില് സിപിഐയ്ക്ക് പ്രധാന പങ്കുണ്ട്. തെരഞ്ഞെടുപ്പ് പരാജയത്തിന് ഇതും ഒരു ഘടകമായി.
സിപിഐക്ക് 5,000 വോട്ടിൽ കൂടുതൽ നേടാൻ കഴിയുന്ന മണ്ഡലങ്ങളൊന്നും എറണാകുളം ജില്ലയിലില്ല. അങ്ങനെയുണ്ടെങ്കിൽ അതെവിടെയൊക്കെയാണെന്ന് അവർ പറയട്ടെ. സർക്കാർ വീണപ്പോൾ കുത്തുന്ന സമീപനമാണ് സിപിഐ സ്വീകരിച്ചത്. ഒറ്റതിരിഞ്ഞ് ആക്രമിക്കാനാണ് ശ്രമമെങ്കിൽ മറുപടിയുണ്ടാകുമെന്നും മോഹനൻ മുന്നറിയിപ്പ് നൽകി.
അതിനിടെ മോഹനന് മറുപടിയുമായി സിപിഐ ജില്ലാ സെക്രട്ടറി എൻ. അരുൺ രംഗത്തെത്തി. സിപിഐയുടെ വോട്ടിന്റെ എണ്ണം ഗണിച്ചു പറഞ്ഞുകൊണ്ട് നടത്തിയ ആക്ഷേപം മുന്നണി മര്യാദയുടെ അതിരുകൾ ലംഘിക്കുന്നതാണെന്ന് അരുൺ പറഞ്ഞു. സിപിഐ ഒപ്പമില്ലാത്ത ഒരു തെരഞ്ഞെടുപ്പുകളിലും സിപിഎം കേരളത്തിൽ ഭരണത്തിൽ എത്തിയിട്ടില്ല. സിപിഐ മുഖ്യമന്ത്രിപദവും അധികാരവും ഉപേക്ഷിച്ച് രൂപീകരിക്കപ്പെട്ട മുന്നണിയാണ് എൽഡിഎഫ്. സിപിഐയുടെ പ്രസക്തി സിപിഎം നേതൃത്വത്തിന് ബോധ്യമുണ്ട്.
സിപിഎമ്മിന്റെയും സിപിഐയുടെയും സംസ്ഥാന സെക്രട്ടറിമാരും എൽഡിഎഫ് കൺവീനറും പറഞ്ഞിട്ടുള്ളത് പ്രതിപക്ഷ ഉപനേതാവ് വിഷയം ചർച്ചയിലൂടെ പരിഹരിക്കും എന്നാണ്. കീഴ്വഴക്കമെന്ന വാദം രണ്ടു ടേമിലെ കാര്യം മാത്രമാണ്. പാര്‍ട്ടി നേതൃത്വം ആലോചിച്ചാണ് ആവശ്യം മുന്നോട്ടുവച്ചത്.
വിഷയം പരിഹരിക്കപ്പെടുമ്പോൾ ഉത്തരവാദിത്വപ്പെട്ട നേതാക്കൾ നടത്തിയ അപക്വമായ പ്രസ്താവനകൾ തെറ്റായിരുന്നുവെന്ന് സ്വയം ബോധ്യപ്പെടേണ്ടി വരുമെന്നും അരുൺ പറഞ്ഞു.
Tags : NattuVishesham DistrictNews