കോഴിക്കോട്: കൊളത്തറയില്‍ നിന്ന് 16.220 കിലോ തൂക്കം വരുന്ന കഞ്ചാവ് മിഠായികള്‍ പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ബീഹാര്‍ മധുബനി ജില്ലയിലെ ഝാഞ്ചാചാര്‍പുര്‍ സ്വദേശി അസ്ലം അന്‍സാരി(35) കോഴിക്കോട് എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് ആന്റി നര്‍കോട്ടിക് സ്പെഷല്‍ സ്ക്വാഡിന്റെ പിടിയിലായി.
ചൊവ്വാഴ്ച രാത്രി പത്തോടെ കൊളത്തറ കണ്ണാട്ടിക്കുളം റോഡിലുള്ള ക്രസന്റ് ബസാറിലെ ഒരു കെട്ടിടത്തില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് മിഠായി പിടികൂടിയത്. കെട്ടിടത്തിലെ ഒരു കടമുറിയോടു ചേര്‍ന്നുള്ള നമ്പര്‍ ഇല്ലാത്ത മുറിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിവസ്തുക്കള്‍. 3,140 കഞ്ചാവ് മിഠായികളാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്.
ഇതരസംസ്ഥാന തൊഴിലാളികളെയും യുവാക്കളെയും കേന്ദ്രീകരിച്ച് വില്പന നടത്താനാണ് ഇവ എത്തിച്ചതെന്നാണ് സൂചന. ഉത്തര്‍പ്രദേശ്, ബിഹാര്‍, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ നിന്നാണ് കൂടിയ അളവില്‍ ലഹരി അടങ്ങിയ മിഠായികള്‍ പായ്ക്ക് ചെയ്ത രൂപത്തില്‍ എത്തിച്ചത്.
ട്രെയിന്‍ മാര്‍ഗവും ചരക്കുലോറികളിലും മറ്റുമാണ് വര്‍ണ കടലാസുകളില്‍ പൊതിഞ്ഞ മിഠായികള്‍ എത്തിക്കുന്നത്. സംസ്ഥാനത്തെ ചില സ്കൂളുകള്‍ക്ക് സമീപമുളള ചെറിയ കടകളിലൂടെ ഇവ വില്‍ക്കുന്നത് മുന്‍പ് കണ്ടെത്തിയിരുന്നു. കൊളത്തറയില്‍ പിടികൂടിയ ലഹരിമരുന്നിന്റെ ഉറവിടത്തെക്കുറിച്ച് എക്സൈസ് അന്വേഷണം ഊര്‍ജിതമാക്കി.
കോഴിക്കോട് എക്സൈസ് ഇന്‍സ്പെക്ടര്‍ എസ്.ശരത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
Tags : Local News Nattuvishesham Kozhikode