കോഴിക്കോട്: നമ്മുടെ വീടുകളിലേക്കെത്തുന്ന പച്ചക്കറികളിൽ അന്പതു ശതമാനവും അമിതമായ കിടനാശിനിയടങ്ങിയതാണെന്നാണ് പരിശോധനയിൽ കണ്ടെത്തിയതെന്ന് കൃഷി മന്ത്രി ടി. സിദ്ദിഖ്. ഇതിൽ നിന്ന് രക്ഷപ്പെടാൻ ചെറുതും വലുതുമായ എല്ലാ വീടുകളിലും കഴിയുന്ന രീതിയിൽ പച്ചക്കറികൾ വളർത്തണമെന്നും അദ്ദേഹം പറഞ്ഞു.
കേരള എഡ്യുക്കേഷൻ കൗൺസിൽ പ്രീ പ്രൈമറി, ടിടിസി, മോണ്ടി സോറി ടിടിസി ബിരുദദാന ചടങ്ങ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിനും സമൂഹത്തിനുമാവശ്യമായ ഉത്തമ പൗരന്മാരായി ചെറിയ ക്ലാസുകളിലെ വിദ്യാർഥികളെ വളർത്തി കൊണ്ടുവരേണ്ടത് പ്രൈമറി അധ്യാപകരാണ്. സ്വഭാവ രൂപീകരണത്തിന്റെ ആദ്യഘട്ടമെന്ന നിലയിൽ പ്രാഥമിക ക്ലാസുകളിലെ വിദ്യാർഥികളെ നേർവഴിക്കു കൊണ്ടുവരണ്ട അധ്യാപകർക്കാണ് കോളജ്, ഹയർ സെക്കൻഡറി അധ്യാപകരെക്കാൾ കൂടുതൽ ഉത്തരവാദിത്വവും പ്രാധാന്യവുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ വിദ്യാ ബാലകൃഷ്ണൻ എംഎൽഎ മുഖ്യാതിഥിയായി. കെഇസി ഡയറക്ടർ സതീശൻ കൊല്ലറക്കൽ അധ്യക്ഷനായി. കൗൺസിൽ രക്ഷാധികാരി എം.എ. ജോൺസൺ, പി. സിദ്ധാർത്ഥൻ തുടങ്ങിയവർ പ്രസംഗിച്ചു.