കാസർഗോഡ്: കാസർഗോഡ് സ്വദേശിയായ 58 കാരന്റെ ഉദരത്തിൽ വളർന്ന 7.9 കിലോഗ്രാം ഭാരമുള്ള മുഴ ആസ്റ്റർ മിംസിലെ വിദഗ്ധ മെഡിക്കൽ സംഘം സങ്കീർണമായ ശസ്ത്രക്രിയയിലൂടെ വിജയകരമായി നീക്കം ചെയ്തു.
സർജിക്കൽ ഓങ്കോളജി വിഭാഗം മേധാവി ഡോ. എൻ. അരവിന്ദ്, സർജിക്കൽ ഗ്യാസ്ട്രോ എൻട്രോളജിസ്റ്റ് ഡോ. എസ്.എ. ജസീൽ, അനസ്തേഷ്യ വിഭാഗത്തിലെ ഡോ. അമീൻ ഗുൽഷൻ, ഇന്റൻസീവ് കെയർ യൂണിറ്റ് വിഭാഗം മേധാവി ഡോ. സാജിദ് സലാഹുദ്ദീൻ എന്നിവരടങ്ങുന്ന സംഘമാണ് ശസ്ത്രക്രിയ നടത്തിയത്.
ആന്തരികാവയവങ്ങളുടെ പ്രവർത്തനത്തെപ്പോലും തടസപ്പെടുത്തുന്ന രീതിയിൽ വളർന്ന മുഴയാണ് മണിക്കൂറുകൾ നീണ്ട ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്. മുഴയുടെ അസാധാരണമായ വലിപ്പവും ഉദരത്തിൽ കിടന്ന രീതിയും രോഗിയുടെ ആമാശയം കുടൽ എന്നിവയെ ഗുരുതരമായ രീതിയിൽ സമ്മർദത്തിലാക്കിയിരുന്നു. എന്നാൽ ആന്തരികാവയവങ്ങൾക്ക് യാതൊരുവിധ കേടുപാടുകളും വരാതെയാണ് അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് മെഡിക്കൽ സംഘം മുഴ പൂർണമായും വേർപെടുത്തിയത്.
ശസ്ത്രക്രിയയ്ക്കു ശേഷം തീവ്രപരിചരണ വിഭാഗത്തിൽ വിദഗ്ധ നിരീക്ഷണത്തിലായിരുന്ന രോഗി അപകടാവസ്ഥ പൂർണമായി തരണം ചെയ്തതിനു ശേഷം ആശുപത്രി വിട്ടു. നിർണായക ഘട്ടങ്ങളിൽ കൃത്യതയോടെ തീരുമാനങ്ങളെടുക്കാൻ പ്രാപ്തരായ മെഡിക്കൽ വിദഗ്ധരുടെ സാന്നിധ്യവും മികച്ച അടിസ്ഥാന സൗകര്യങ്ങളുമാണ് ഈ നേട്ടത്തിനു തുണയായതെന്ന് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ സുധീർ ബസുരി പറഞ്ഞു.