കാസര്‍ഗോഡ്: കമുക് കൃഷിക്ക് ഭീഷണിയായ ഇലപ്പുള്ളി രോഗത്തെക്കുറിച്ച് പഠിക്കാന്‍ കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ട് കടലാസില്‍ ഒതുങ്ങി. ഇടതുസര്‍ക്കാരിന്റെ കാലാവധി തീരുന്നതിന് ആറുമാസം മുമ്പേ റിപ്പോര്‍ട്ട് ലഭിച്ചിരുന്നെങ്കിലും ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചില്ല. വിദഗ്ധസമിതി നല്കിയ റിപ്പോര്‍ട്ട് മന്ത്രിയായിരുന്ന പി. പ്രസാദിന്റെ അധ്യക്ഷതയില്‍ ജില്ലയിലെ എംഎല്‍എമാരുടെ യോഗം വിളിച്ച് ചര്‍ച്ച ചെയ്തെങ്കിലും പിന്നീട് ഒന്നും നടന്നില്ല.
യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റതിനു പിന്നാലെ അടയ്ക്ക കര്‍ഷകരുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ ജില്ലാതലത്തില്‍ ടാസ്ക് ഫോഴ്സ് രൂപീകരിക്കുമെന്ന പ്രഖ്യാപനം നടന്നെങ്കിലും പഴയതുപോലെ വെറും വാക്കാകരുതെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്.
ജില്ലയിലെ അടയ്ക്ക കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് എംഎല്‍എയായിരുന്ന എന്‍.എ. നെല്ലിക്കുന്ന് നിയമസഭയില്‍ സബ്മിഷന് അവതരിപ്പിച്ചതിനെ തുടര്‍ന്നാണ് 2025 സെപ്റ്റംബര്‍ മാസത്തില്‍ സര്‍ക്കാര്‍ വിദഗ്ധസമിതിയെ നിയോഗിച്ചത്. കാര്‍ഷിക സര്‍വകലാശാലയിലെയും സിപിസിആര്‍ഐയിലെയും ശാസ്ത്രജ്ഞരെ ഉള്‍പ്പെടുത്തിയുള്ള സമിതി ഉടന്‍ ജില്ലയിലെ തോട്ടങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്തു. വിവിധ പഞ്ചായത്തുകളിലെ തോട്ടങ്ങള്‍ സന്ദര്‍ശിച്ച് കര്‍ഷകരോട് സംസാരിച്ചശേഷമാണ് രോഗപ്രതിരോധ നടപടികളും വളപ്രയോഗവും നനയ്ക്കേണ്ട രീതികളുമൊക്കെ ഉള്‍പ്പെടുത്തി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
എംഎല്‍എ യോഗം ചര്‍ച്ച നടത്തിയെങ്കിലും കര്‍ഷകര്‍ക്ക് പ്രയോജനമുള്ള യാതൊരു കാര്യവും പിന്നീടുണ്ടായില്ല. പ്രസ്തുത റിപ്പോര്‍ട്ട് പരസ്യപ്പെടുത്തുക പോലും ചെയ്തില്ല. അതിനാല്‍ രോഗപ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കര്‍ഷകര്‍ക്ക് സാധിച്ചതുമില്ല.
ഇലപ്പുള്ളി രോഗം ഇപ്പോഴും തോട്ടങ്ങളില്‍ വ്യാപകമാണ്. സ്വന്തമായി പണം മുടക്കി സിപിസിആര്‍ഐ നിര്‍ദേശിക്കുന്ന കീടനാശിനി തളിച്ച തോട്ടങ്ങളിലും രോഗം മാറിയിയിട്ടില്ല. സര്‍ക്കാര്‍ ഫണ്ട് അനുവദിക്കാതിരുന്നതാണ് രോഗപ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കൃഷിവകുപ്പിന് തടസമായത്. 11 കോടി രൂപ ആവശ്യപ്പെട്ട് കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ കാസര്‍ഗോഡ് വികസനപാക്കേജില്‍ അപേക്ഷ നല്‍കിയെങ്കിലും നിരാകരിക്കപ്പെട്ടിരുന്നു. പുതിയ സര്‍ക്കാരെങ്കിലും തങ്ങളുടെ ദുരിതം മാറാന്‍ ഇടപെടണമെന്നാണ് കര്‍ഷകരുടെ ആവശ്യം.