ഇടുക്കി: കുമളി, വണ്ടിപ്പെരിയാര്‍ വഴി ശബരിമലയിലെത്തുന്ന ഭക്തര്‍ക്ക് സുരക്ഷിതവും സുഗമവുമായ തീര്‍ഥാടനം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ഇടുക്കി, തേനി ജില്ലാ കളക്ടര്‍മാരുടെ നേതൃത്വത്തില്‍ അന്തര്‍ സംസ്ഥാന യോഗം ചേര്‍ന്നു. തീര്‍ഥാടകര്‍ക്ക് കുടിവെള്ളം, ഭക്ഷണം, ചികിത്സാ സൗകര്യങ്ങള്‍ തുടങ്ങിയവ ഉറപ്പാക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിനേശന് ചെറുവാട്ട് അറിയിച്ചു. ഗതാഗത, മെഡിക്കല്‍ സൗകര്യങ്ങള്‍ ഉള്‍പ്പടെയുള്ളവ ഒരുക്കാന്‍ ജില്ലാ ഭരണകൂടവുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്ന് തേനി ജില്ലാ കളക്ടര്‍ വി. ശിവകൃഷ്ണമൂര്ത്തി പറഞ്ഞു.
ദേവസ്വം ബോര്‍ഡിന്റെ ഓണ്‍ലൈന്‍ ബുക്കിംഗ് കേന്ദ്രം വണ്ടിപ്പെരിയാറിനു സമീപം വാളാര്‍ഡിയില്‍ പ്രവര്‍ത്തിക്കും. തീര്‍ഥാടകര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ക്ക് തമിഴ്നാട്ടില്‍ പ്രചാരണം നല്‍കുന്നതിന് ലഘുലേഖകള്‍ തയാറാക്കി വിതരണം ചെയ്യും. മൈക്ക് അനൗണ്‍സ്മെന്റ്, ബാനറുകള്‍, ബസ് സ്റ്റേഷനുകള്‍ വഴിയുള്ള പ്രചാരണവും നടത്തും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററും തുറക്കും. പദയാത്ര നടത്തുന്ന തീര്‍ഥാടകര്‍ക്ക് ധരിക്കാന്‍ റിഫ്ളക്ടര് ബാന്‍ഡുകള്‍ നല്‍കും. ഈ മാസം 29ന് റോഡ് സുരക്ഷായോഗം ചേരുമെന്നും തീര്‍ഥാടകര്‍ക്ക് ബോധവത്കരണം നല്‍കുമെന്നും തേനി കളക്ടര്‍ വ്യക്തമാക്കി. തമിഴ്നാട് അതിര്‍ത്തിയില്‍ മെഡിക്കല്‍ ടീമിനെ നിയോഗിക്കുകയും മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തുകയും ചെയ്യും.
പളനി, ദിണ്ഡിഗല്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് കെഎസ്ആര്‍ടിസി അധിക സര്‍വീസ് നടത്തും. തമിഴ്നാട്ടില്‍നിന്ന് അധിക ബസ് സര്‍വീസുകളും ഉണ്ടാകും. പ്രധാന പാതകളുടെ അറ്റകുറ്റപ്പണികളും നവീകരണവും നവംബര്‍ പത്തിനകം പൂര്‍ത്തിയാക്കും. വാളാര്‍ഡി, സത്രം, പുല്ലുമേട്, മുക്കുഴി, ബോയ്സ് ഗ്രൗണ്ട് എന്നിവിടങ്ങളില്‍ വനം വകുപ്പും തദ്ദേശ സ്ഥാപനങ്ങളും ചേര്‍ന്ന് ആവശ്യത്തിന് ശൗചാലയങ്ങള്‍ ഉറപ്പാക്കാനും യോഗത്തില്‍ ധാരണയായി.
തീര്‍ഥാടന പാതകളിലെ തട്ടുകട ഉള്‍പ്പടെയുള്ള ഭക്ഷണ വില്പന കേന്ദ്രങ്ങളിലെ വില നിശ്ചയിച്ചതായും അധിക വിലയിടാക്കുന്നവര്ക്കെതിരേ ശക്തമായ നടപടി ഉണ്ടാകുമെന്നും കളക്ടര്‍ പറഞ്ഞു. സീറോ പോയിന്റ്, പുല്ലുമേട്, കഴുതക്കുഴി എന്നിവിടങ്ങളില്‍ ഇക്കോ ഷോപ്പ് തുറക്കും. പുല്ലുമേടിനും സന്നിധാനത്തിനുമിടയില്‍ ഒരു വാച്ച് ടവര്‍ കൂടി നിര്‍മിക്കും. ആറുപേര്‍ അടങ്ങുന്ന റാപ്പിഡ് റെസ്പോണ്‍സ് ടീമിനു പുറമേ പുല്ലുമേടിനും സന്നിധാനത്തിനുമിടയില്‍ ഓരോ 500 മീറ്ററിലും രണ്ട് ഇക്കോ ഗാര്‍ഡുമാരെയും നിയോഗിക്കും. പകല്‍ സമയങ്ങളില്‍ ഡ്രോണ്‍ നിരീക്ഷണവും ഏര്‍പ്പെടുത്തും.
മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ 24 മണിക്കൂറും പട്രോളിംഗ് നടത്തും. ബ്രേക്ക് ഡൗണ്‍ ആകുന്ന വാഹനങ്ങള്‍ നന്നാക്കുന്നതിന് വര്‍ക്ക്ഷോപ്പ് സഹായത്തിനും ഒരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്. ജീപ്പ് സര്‍വീസ് നടത്തുന്നവരുമായി ചര്‍ച്ച നടത്തി നിരക്ക് നിശ്ചയിക്കാനും അത് വിവിധ ഭാഷകളില്‍ പ്രദര്‍ശിപ്പിക്കാനും മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ക്ക് കളക്ടര്‍ നിര്‍ദേശം നല്കി.വാട്ടര്‍ അഥോറിറ്റി ഉപ്പുപാറ മുതല്‍ കോഴിക്കാനംവരെ 15 കേന്ദ്രങ്ങളില്‍ കുടിവെള്ളം വിതരണം ചെയ്യും. ലഹരിക്കടത്തും ഉപയോഗവും തടയുന്നതിനായി കുമളിയില്‍ എക്സൈസ് ചെക്ക് പോസ്റ്റ് സ്ഥാപിക്കും. മഞ്ചുമല, കുമളി, പെരിയാര്‍, പീരുമേട് താലൂക്ക് ഓഫിസ് എന്നിവിടങ്ങളില്‍ കണ്ട്രോള് റൂമുകള്‍ തുറക്കും. യോഗത്തില്‍ എഡിഎം മിനി കെ. ജോണ്‍, ഇടുക്കി ആര്‍ഡിഒ എസ്. ശ്രീജിത്ത്, ഉത്തമപാളയം ആര്‍ഡിഒ സെയ്ദ് മൊഹിയുദീന്‍ ഇബ്രാഹിം, തേനി എഡിഎസ്പി എന്‍. മഹേഷ്, ഇടുക്കി
ഡിവൈഎസ്പി രാജന് കെ. അരമന, തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ആര്. ഷൈനി, ജില്ലാ സപ്ലൈ ഓഫിസര്‍ ജി. ബീനാ ഭദ്രന് തുടങ്ങിയവര്‍ പങ്കെടുത്തു.
Tags :