മൂന്നാറില്‍ സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസിയുടെ റോയല്‍ വ്യൂ ഡബിള്‍ ഡക്കര്‍ ബസ്.
തൊടുപുഴ: പൂജാ അവധിക്കാലം ആഘോഷമാക്കാന്‍ ജില്ലയിലേക്ക് ഒഴുകിയെത്തിയത് 1.24 ലക്ഷം വിനോദസഞ്ചാരികള്‍. അഞ്ചു ദിവസം തുടര്‍ച്ചയായി അവധി ലഭിച്ചതോടെയാണ് ഈ ദിവസങ്ങള്‍ അടിച്ചുപൊളിക്കാന്‍ സന്ദര്‍ശകര്‍ കൂട്ടത്തോടെ ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിലേക്ക് പ്രവഹിച്ചത്. സംസ്ഥാനത്തിന് അകത്തുനിന്നും പുറത്തുനിന്നുമായി ആയിരങ്ങളാണ് ജില്ലയിലെ ഭൂപ്രകൃതിയും കാലാവസ്ഥയും ആസ്വദിക്കാന്‍ എത്തിയത്. അന്താരാഷ്ട്ര വിനോദസഞ്ചാര കേന്ദ്രങ്ങളായ മൂന്നാറും വാഗമണും കൂടാതെ ജില്ലയിലെ ഉള്‍നാടന്‍ ടൂറിസം കേന്ദ്രങ്ങളിലും വന്‍ തിരക്കാണ് അനുഭവപ്പെട്ടത്.
കഴിഞ്ഞ 17 മുതല്‍ 21 വരെ 1,24,589 പേര് ജില്ലാ ടൂറിസം പ്രൊമോഷന് കൗണ്‍സിലിന്റെ കീഴിലുള്ള പത്ത് പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ മാത്രം എത്തിയെന്നാണ് കണക്ക്. വാഗമണും മൂന്നാറുമാണ് സഞ്ചാരികളുടെ മനംകവര്‍ന്നത്. വാഗമണിലെ പ്രശസ്തമായ മൊട്ടക്കുന്നില്‍ 36,246 സഞ്ചാരികളാണ് എത്തിയത്. സാഹസികപ്രേമികളുടെ പ്രിയകേന്ദ്രമായ അഡ്വഞ്ചര്‍ പാര്‍ക്കില്‍ 22,473 പേരും സന്ദര്‍ശനം നടത്തി. മൂന്നാര്‍ ബൊട്ടാണിക്കല്‍ ഗാര്ഡന് 20,379 പേരും സന്ദര്‍ശിച്ചു. പ്രകൃതി ഒരുക്കിയ മനോഹരമായ കാഴ്ചകളും തണുത്ത കാലാവസ്ഥയുമാണ് ഈ അവധിക്കാലത്ത് സഞ്ചാരികളെ ജില്ലയിലേക്ക് ട്രിപ്പിനെത്താന് പ്രേരിപ്പിച്ച ഘടകം. റിസോര്‍ട്ടുകള്‍, ഹോട്ടലുകള്‍, ഹോംസ്റ്റേകള്‍, ചെറുകിട കച്ചവടക്കാര്‍ എന്നിവര്‍ക്കെല്ലാം പൂജാ അവധി കൊയ്ത്തുകാലമായിരുന്നു. പല ടൂറിസം കേന്ദ്രങ്ങളിലും മുറികള്‍ ലഭ്യമല്ലാത്ത സ്ഥിതിയായിരുന്നു. ടൂറിസം രംഗത്തെ ആശ്രയിച്ചുള്ള ടൂര്‍ ഓപ്പറേറ്റര്‍മാര്‍, സഫാരി ജീപ്പ്, ടാക്സി, ഓട്ടോ ഡ്രൈവര്‍മാര്‍ എന്നിവര്‍ക്കും അവധിക്കാലം ഗുണകരമായി. എങ്കിലും വാഹന പാര്‍ക്കിംഗ് ഉള്‍പ്പടെയുള്ള ബുദ്ധിമുട്ടുകള്‍ പലയിടത്തും അനുഭവപ്പെട്ടു.
കോളടിച്ച് മൂന്നാറിലെ ഡബിള്‍ ഡക്കര്‍
പൂജാ അവധി ദിവസങ്ങളില്‍ മൂന്നാറിലേക്ക് വിനോദസഞ്ചാരികള്‍ കൂട്ടമായെത്തിയതോടെ കെഎസ്ആര്‍ടിസി ഡബിള്‍ ഡക്കര്‍ ബസ് സര്‍വീസിനും മികച്ച നേട്ടം. 17 മുതല്‍ 21 വരെയുള്ള അഞ്ചു ദിവസത്തിനിടെ 1,191 പേരാണ് ഡബിള്‍ ഡക്കര്‍ ബസുകളില്‍ യാത്ര ചെയ്തത്. ലഭിച്ചത് 4,06,000 രൂപ.
മൂന്നാറിലേക്കെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് വേറിട്ട യാത്രാനുഭവം സമ്മാനിക്കുന്ന പദ്ധതിയാണ് കെഎസ്ആര്‍ടിസിയുടെ റോയല്‍ വ്യൂ ഡബിള്‍ ഡക്കര്‍ ബസുകള്‍. നിലവില്‍ രണ്ടു ബസുകളാണ് സര്‍വീസ് നടത്തുന്നത്.
മൂന്നാറിന്റെ മഞ്ഞുമൂടിയ മലനിരകളുടെയും പച്ചപുതച്ച തേയിലത്തോട്ടങ്ങളുടെയും മനോഹാരിത ആസ്വദിച്ചുള്ള യാത്രയാണ് ഡബിള്‍ ഡക്കര്‍ ബസുകളെ സഞ്ചാരികളുടെ പ്രിയപ്പെട്ട ആകര്‍ഷണമാക്കി മാറ്റുന്നത്. മൂന്നാറില്‍നിന്നു കൊച്ചി - ധനുഷ്കോടി ദേശീയപാതയിലൂടെ ആനയിറങ്കല്‍ ഡാമിനു സമീപം വരെയാണ് യാത്ര. യാത്രയില്‍ അഞ്ചിടങ്ങളില്‍ ബസ് നിര്‍ത്തി സഞ്ചാരികള്‍ക്ക് പ്രകൃതിസൗന്ദര്യം ആസ്വദിക്കുന്നതിന് അവസരമുണ്ട്.
മുകള്‍ നിലയില്‍ ഒരാള്‍ക്ക് 400 രൂപയും താഴത്തെ നിലയില്‍ 200 രൂപയുമാണ് നിരക്ക്. മുകള്‍ നിലയില്‍ 38 സീറ്റും താഴത്തെ നിലയില്‍ 12 സീറ്റുമാണുള്ളത്. രണ്ടു ബസുകളിലായി രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം 4.30 വരെ ആറ് സര്‍വീസുകളാണ് നടത്തുന്നത്.
Tags :