നെടുങ്കണ്ടം സിന്തറ്റിക് ട്രാക്കിൽ പരിശീലനത്തിനെത്തിയ ഇടുക്കി ജില്ലാ ടീമിലെ കായികതാരങ്ങൾ ഡീൻ കുര്യാക്കോസ് എംപിയോടൊപ്പം.
നെടുങ്കണ്ടം: അത്ലറ്റിക്സിൽ കായികകേരളത്തിന് ഏറെ സംഭാവനകൾ നൽകിയ ജില്ലയാണ് ഇടുക്കിയെന്നും ആധുനിക സൗകര്യങ്ങളുടെയും വിദഗ്ധ പരിശീലനത്തിന്റെയും അഭാവത്തിൽ നഷ്ടമായ കായികപ്രതാപം തിരിച്ചുപിടിക്കാൻ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുമെന്നും ഡീൻ കുര്യാക്കോസ് എംപി പറഞ്ഞു. സംസ്ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുന്ന ഇടുക്കി ജില്ലാ ടീമിന് എംപിയുടെ റൈസ് പ്രോഗ്രാമിന്റെ ഭാഗമായി നെടുങ്കണ്ടം സിന്തറ്റിക് ട്രാക്കിൽ സംഘടിപ്പിച്ച പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദേശീയ കായിക പരിശീലകനായിരുന്ന ജോർജ് ഇമ്മാനുവലിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ പരിശീലകരാണ് രണ്ട് ദിവസത്തെ പരിശീലനം നൽകിയത്.
ക്യാമ്പിൽ പങ്കെടുക്കുന്ന കായികതാരങ്ങൾക്ക് സൗജന്യ ഭക്ഷണവും താമസസൗകര്യവും ഒരുക്കി. ജില്ലാ ടീമംഗങ്ങൾക്ക് ജേഴ്സിയും നൽകി. നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റ് ഷിഹാബ് ഈട്ടിക്കൽ അധ്യക്ഷത വഹിച്ചു.
സേനാപതി വേണു എംഎൽഎ മുഖ്യസന്ദേശം നൽകി. വൈസ് പ്രസിഡന്റ് ശ്യാമള വിശ്വനാഥൻ, അത്ലറ്റിക്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് വി.ഡി. ഏബ്രഹാം, സെക്രട്ടറി കെ.കെ. ഷിജോ, റൈസൻ ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു. അത്ലറ്റിക്സ് അസോസിയേഷൻ, ആർഡിഎസ്ജിഎ, റൈസ് പ്രോഗ്രാം എന്നിവയുടെ നേതൃത്വത്തിലാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്.
Tags :