കാക്കയങ്ങാട്- മുഴക്കുന്ന് റോഡിൽ ഓട്ടമരത്ത് റോഡിന്റെ ഇരുവശങ്ങളിലും രൂപപ്പെട്ട വലിയ കുഴി.
ഇരിട്ടി: കാക്കയങ്ങാട്-മുഴക്കുന്ന് റോഡിൽ ഓട്ടമരത്ത് കൈരളി നഗർ കവലയിൽ റോഡിലെ വലിയ കുഴി അപകടക്കെണിയൊരുക്കുന്നു. ഒരു വർഷം മുമ്പ് നവീകരിച്ച റോഡിലാണ് കുഴി രൂപപ്പെട്ടത്. റോഡിലെ കവലയിൽ ഇടത്, വലത് വശങ്ങളിലാണ് ചതിക്കുഴി രൂപപ്പെട്ടത്. ഇവിടെ ചെറിയൊരു ഭാഗത്ത് മാത്രമാണ് ടാറിംഗ് അവശേഷിക്കുന്നത്.
മഴക്കാലമായകതോടെ വെള്ളം നിറഞ്ഞ് കുഴി ശ്രദ്ധയിൽപ്പെടാതെ പോകുന്നതുമൂലം അപകടങ്ങളും പതിവായി. വാഹനങ്ങൾ കുഴിയിൽവീണ് നിയന്ത്രണം നഷ്ടപ്പെടുകയാണ്. സ്വകാര്യ വാഹനങ്ങൾ ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റൂട്ടാണിത്. ഇരുചക്ര വാഹന യാത്രക്കാരാണ് കൂടുതലായും അപകടത്തിൽപ്പെടുന്നത്. കഴിഞ്ഞ ദിവസം ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് മറിഞ്ഞു.
മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തിലേക്കുള്ള യാത്രികർ കൂടുതലായി എത്തുന്നതും ഇതുവഴിയാണ്. നിരവധി തവണ അപകടം നടന്നിട്ടും സുരക്ഷാ മുൻകരുതലൊന്നും പൊതുമാരാമത്ത് വകുപ്പ് കൈക്കൊണ്ടിട്ടില്ല. കുഴി അടയ്ക്കുന്നതിനോ അപകട മുന്നറിയിപ്പ് നൽകുന്നതിനുള്ള സംവിധാനങ്ങളോ സ്ഥാപിച്ചിട്ടില്ല. പൊതുമരാമത്ത് വകുപ്പിന്റെ അനാസ്ഥയ്ക്കെതിരേ പ്രതിഷേധം ശക്തമാകുകയാണ്.
Tags : NattuVishesham DistrictNews