പ്രതീകാത്മക ചിത്രം
വിളപ്പിൽശാല: കാർ തടഞ്ഞുനിർത്തിയ അഞ്ചംഗ സംഘം കരാറുകാരനെ നടുറോഡിലിട്ടു ക്രൂരമായി മർദിച്ചു. വിളപ്പിൽശാല പുറ്റുമ്മേൽകോണം ജംഗ്ഷനിൽ കഴിഞ്ഞദിവസം വൈകുന്നേരം ആറോടെയായിരുന്നു സംഭവം.
കാട്ടാക്കടയിൽനിന്നു വിളപ്പിൽശാലയിലേക്ക് വരികയായിരുന്ന ഗവ. കരാറുകാരൻ ഊറ്റുകുഴി നസീമ മൻസിലിൽ നൂർമുഹമ്മദി (56) നെയാണ് രണ്ടു ബൈക്കുകളിലായി പിൻതുടർന്നെത്തിയ അഞ്ചംഗ സംഘം പുറ്റുമ്മേൽകോണത്ത് കാർ തടഞ്ഞുനിർത്തി നടുറോഡിലിട്ട് മർദിച്ചത്. അക്രമണത്തിൽ പരിക്കേറ്റ നൂർമുഹമ്മദിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലപ്പനംകോട് മാന്തോപ്പിൽ തമ്പുരാൻകാവിനു സമീപത്തു മദ്യലഹരിയിൽ നിന്നിരുന്ന യുവാക്കൾ പ്രകോപനമില്ലാതെ നൂർമുഹമ്മദിന്റെ കാറിനെ പിൻതുടരുകയായിരുന്നു. പുറ്റുമ്മേൽകോണത്തെ കൊടുംവളവു തിരിയുന്നതിനിടെ ബൈക്കുകൾ കാറിനെ മറികടന്നു തടഞ്ഞു നിർത്തുകയായിരുന്നു.
തുടർന്നു കാറിൽനിന്നു പുറത്തിറങ്ങിയ നൂർമുഹമ്മദിനെ മർദിച്ച സംഘം ബൈക്കുകളിൽ കയറി രക്ഷപ്പെടുകയും ചെയ്തു. വിളപ്പിൽശാല പോലീസ് അന്വഷണം ആരംഭിച്ചു. വിളപ്പിൽശാല ചവർ ഫാക്ടറി വിരുദ്ധ ജനകീയ സമരസമിതിയുടെ കൺവീനറായിരുന്നു മർദനമേറ്റ നൂർമുഹമ്മദ്.
കാട്ടാക്കട - വിളപ്പിൽശാല റോഡിൽ മൊഴുവൻകോട് മുതൽ കുണ്ടാമൂഴി വരെയുള്ള വിജനമായ പ്രദേശങ്ങളിൽ രാത്രികാലങ്ങളിൽ സാമൂഹ്യവിരുദ്ധർ തമ്പടിച്ച് കാറിലും ബൈക്കിലും സഞ്ചരിക്കുന്നവരെ അക്രമിക്കുന്നതായി പരാതിയുണ്ട്. പ്രദേശങ്ങളിൽ പോലീസ് പെട്രോളിംഗ് ഊർജിതമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.