പിടിയിലായ പ്രതികൾ.
കൊല്ലം: തേവള്ളിയിലെ ബാറിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് യുവാവിനെ പരിക്കേല്‍പ്പിച്ച കേസില്‍ മൂന്ന് പ്രതികളെ അഞ്ചാലുംമൂട് പൊലീസ് അറസ്റ്റ് ചെയ്തു. തൃക്കടവൂര്‍ മതിലില്‍ കല്ലുവിള വീട്ടില്‍ വില്‍സണ്‍ (31), തൃക്കടവൂര്‍ മതിലില്‍ എ.ജെ ഹൗസില്‍ ജാക്സന് (39), തൃക്കടവൂര്‍ മതിലില്‍ ജീസസ് ഭവനില്‍ വിപിന്‍ (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കുരീപ്പുഴ സ്വദേശി ഇമ്മാനുവേല്‍(44) നെയാണ് ഇവര്‍ ആക്രമിച്ചത്. കഴിഞ്ഞ ഒമ്പതിന് വൈകുന്നേരം അഞ്ചോടെയാണ് ഇമ്മാനുവേലും സുഹൃത്തുക്കളും തേവള്ളിയിലുള്ള ബാറില്‍ എത്തിയത്.
അവിടെ ഉണ്ടായിരുന്ന പ്രതികളും ബാര്‍ ജീവനക്കാരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാവുകയും പ്രതികള്‍ ഉള്‍പ്പെട്ട സംഘം ബാറിനുള്ളില്‍ ഗ്ലാസുകളും മറ്റും എറിഞ്ഞുടച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. ഇതിനെതുടര്‍ന്ന് ഇമ്മാനുവേലിന്റെ സുഹൃത്തുമായും പ്രതികള്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. ഇത് ചോദ്യം ചെയ്തതിലുള്ള വിരോധമാണ് ആക്രമണത്തിലേക്ക് നയിച്ചത്. തര്‍ക്കത്തെ തുടര്‍ന്ന് പ്രതികള്‍ ചേര്‍ന്ന് ഇമ്മാനുവേലിനെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തു. കാറില്‍ കയറി സംഭവസ്ഥലത്തുനിന്നു പോകാന്‍ ശ്രമിച്ചപ്പോള്‍ പ്രതികള്‍ ഇവരെ തടഞ്ഞുനിര്‍ത്തി വടികൊണ്ട് തലയിലും ശരീരത്തിലും അടിച്ച് പരിക്കേല്‍പ്പിച്ചു.
തുടര്‍ന്ന് നാല് പ്രതികളും ചേര്‍ന്ന് പരാതിക്കാരനെ ബാറിന് സമീപത്തെ കായല്‍വാരത്തേക്ക് ബലമായി പിടിച്ചുകൊണ്ടുപോയി വടികൊണ്ട് കഴുത്തിലും നടുവിലും ശരീരമാസകലവും മര്‍ദിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. ആക്രമണത്തില്‍ പരാതിക്കാരന്റെ ഇടത് വാരിയെല്ലിനും നട്ടെല്ലിനും പൊട്ടലുണ്ടായി. ഇമ്മാനുവേലിന്റെ പരാതിയില്‍ അഞ്ചാലുംമൂട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അറസ്റ്റിലായ പ്രതികളില്‍ വില്‍സണ്‍, ജാക്കന് എന്നിവര്‍ക്കെതിരെ മുന്‍പും ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. കേസിലെ നാലാം പ്രതിയായ ജോബിനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
ബാറിനുള്ളില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയതിന് പ്രതികളെ കൂടാതെ ഇവരുടെ സുഹൃത്തുക്കളായ തൃക്കടവൂര്‍ കുരീപ്പുഴ സ്വദേശികളായ രാഹുല്‍(31), സൈജന്(31) എന്നിവരേയും അഞ്ചാലുംമൂട് പൊലീസ് അറസ്റ്റ് ചെയ്തു.
Tags : Nattuvishesham DistrictNews DeepikaNews arrest