പ്രതീകാത്മക ചിത്രം
കോഴിക്കോട്: മാലിന്യ സംസ്കരണം ഉറപ്പാക്കുന്നതിനും എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനം ശക്തമാക്കുന്നതിനുമായി തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള "ഓപ്പറേഷന് ഹോട്ട് സ്പോട്ട്' കാന്പയിന് ജില്ലയില്‍ തുടക്കമായി.
ഉദ്ഘാടനം ജില്ലാ കളക്ടര്‍ എം.എസ്. മാധവിക്കുട്ടി നിര്‍വഹിച്ചു. മലിനജലം പുറത്തേക്കൊഴുക്കുന്ന സ്ഥാപനങ്ങളും നൂറിലധികം പേര് ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലേയും ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളിലേയും ശുചിത്വ സംവിധാനങ്ങൾ കാന്പയിനിന്റെ ഭാഗമായി പരിശോധിക്കും. മാലിന്യം തള്ളുന്ന കേന്ദ്രങ്ങള്‍ ഓണത്തിന് മുമ്പ് ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കണ്ടെത്തി തുടര്‍നടപടി സ്വീകരിക്കും. ഹോട്ടലുകളിലേയും പൊതുസ്ഥാപനങ്ങളിലേയും വാട്ടര്‍ ടാങ്കുകള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് പരിശോധിക്കും.
18ന് ഹോട്ട് സ്പോട്ടുകളിലും 20ന് വന്‍കിട മാലിന്യ ഉത്പാദന സ്ഥാപനങ്ങളിലും 22ന് സ്ഥാപനങ്ങളിലെ വാട്ടര്‍ ടാങ്കുകളും ഉദ്യോഗസ്ഥര്‍ പരിശോധിക്കും. ബ്ലോക്ക് തലത്തിലും നഗരസഭാ തലത്തിലും കോര്പറേഷന് തലത്തിലും വിലയിരുത്തലും മേല്‍നോട്ടവും ഉണ്ടാകും. എല്ലാം പ്രവര്‍ത്തനവും തദ്ദേശ സ്വയംഭരണ വകുപ്പിന്റെ വാര് റൂം പോര്‍ട്ടലില്‍ രേഖപ്പെടുത്തും. ചടങ്ങില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ എന്‍.കെ ഹരീഷ് അധ്യക്ഷത വഹിച്ചു.
Tags : Nattuvishesham DistrictNews DeepikaNews campaign