കൈപ്പഞ്ചേരി കണിമംഗലം നെൽപ്പാടങ്ങളിൽ എത്തിയ താറാവിൻകൂട്ടം.
നെന്മാറ: ഒന്നാംവിള കൊയ്തെടുത്ത നെൽപ്പാടങ്ങളിൽ താറാവിൻ കൂട്ടങ്ങളെത്തി. തമിഴ്നാട്ടിലെ ധാരാപുരം, ദിണ്ടിഗൽ ഭാഗങ്ങളിൽനിന്നുള്ള താറാവ് കർഷകരാണ് കുടുംബസമേതം താറാവിൻകൂട്ടമായി എത്തിയിട്ടുള്ളത്. നെന്മാറ, അയിലൂർ, കൈപ്പഞ്ചേരി പ്രദേശങ്ങളിലെ വെള്ളമുള്ള നെൽപ്പാടങ്ങളിലാണ് താറാവുകളെ തീറ്റിക്കുന്നത്.
കുടുംബസമേതം നെൽപ്പാടങ്ങളുടെ വരമ്പുകളിൽതന്നെ ആഹാരം പാകംചെയ്ത് ഭക്ഷണം കഴിക്കുകയാണ് ഇവർ ചെയ്യാറുള്ളത്. ലഭിക്കുന്ന മുട്ടകൾ പ്രാദേശിക വിപണിയിലും ഏജന്റുമാർ ആഴ്ചയിൽ ഒരു ദിവസം നിശ്ചിത സ്ഥലത്ത് വാഹനവുമായി വന്ന് മുട്ട ശേഖരിക്കുകയും ചെയ്യുന്നുണ്ട്. രണ്ടാംവിള നടീൽ ആരംഭിക്കുന്നതുവരെ വെള്ളമുള്ള വിവിധ പാടശേഖരങ്ങളിൽ ഇവരുടെ സാന്നിധ്യം സജീവമായുണ്ട്.
താറാവുകളെ തീറ്റാൻ അനുവദിക്കുന്നതിന് നിശ്ചിത അളവിലുള്ള നെൽപ്പാടത്തിന് നിശ്ചിത എണ്ണം മുട്ടകളാണ് പ്രതിഫലമായി കർഷർക്ക് നൽകുന്നത്. എല്ലാവർഷവും തുടർച്ചയായി സീസണുകളിൽ ലോറികളിൽ കൊണ്ടുവരുന്ന താറാവ് കൂട്ടങ്ങളെ നിശ്ചിത സ്ഥലങ്ങളിൽ ഇറക്കുകയും ഒരു മാസം കഴിയുമ്പോൾ പുതിയ സ്ഥലങ്ങളിലേക്ക് കയറ്റിക്കൊണ്ടുപോകുന്നതിന് സ്ഥിരമായി പ്രത്യേക സംവിധാനത്തിൽ തട്ടുകളോടെ കൂടിയ വാഹനങ്ങളും വരാറുണ്ട്.
Tags : NattuVishesham.DistricteNews