റൊണാൾഡീഞ്ഞോ
കോഴിക്കോട്∙ ബ്രസീൽ ഫുട്ബോൾ ഇതിഹാസ താരമായ റൊണാൾഡീഞ്ഞോയും സംഘവും കോഴിക്കോട് കടപ്പുറം കാണാൻ വരുന്നെന്ന് വ്യാജപ്രചാരണം പരന്നതോടെ വെട്ടിലായി ഫുട്ബോൾ ആരാധകരും അധികൃതരും.
കൊച്ചിയിൽ കളിക്കാനെത്തിയ ബ്രസീലിയൻ താരങ്ങളുടെ സംഘം ഇന്നലെ വൈകുന്നേരം 4.30ന്കോഴിക്കോട് കടപ്പുറത്തെത്തുമെന്നാണ് വാട്സാപ് വഴി പ്രചാരണം നടന്നത്. എഐ ഉപയോഗിച്ചുണ്ടാക്കിയ പോസ്റ്ററാണ് ഫുട്ബോൾ ഗ്രൂപ്പുകളിലൂടെയും മറ്റും നാട്ടിലെങ്ങും പരന്നത്. ഇതോടെ ആളുകൾ ബ്രസീൽ ടീം ജില്ലയിൽ എവിടെയെല്ലാമെത്തുമെന്നറിയാൻ വിവിധ ക്ലബുകളിലേക്കും ഫുട്ബോൾ സംഘടനകളിലേക്കും വിളിച്ചുചോദിക്കാൻ തുടങ്ങി.
ബ്രസീൽ ടീമെത്തിയാൽ ആൾക്കൂട്ടത്തെ നിയന്ത്രിക്കേണ്ടത് പൊലിസിന്റെ ചുമതലയാണെങ്കിലും അവരും സംഭവം അറിഞ്ഞിരുന്നില്ല. ഫുട്ബോൾ അസോസിയേഷനുമായി സ്പെഷൽ ബ്രാഞ്ച് അധികൃതർ ബന്ധപ്പെട്ടപ്പോഴാണ് ബ്രസീൽ ടീം കോഴിക്കോട്ടേക്ക് വരുന്നില്ലെന്നും വ്യാജ പോസ്റ്ററുകളാണ് പ്രചരിക്കുന്നതെന്നും സ്ഥിരീകരിച്ചത്. ബുധനാഴ്ച കൊച്ചിയിൽ നടന്ന ബ്രസീലിയൻ ലെജൻഡ്സ് – ഇന്ത്യൻ ഓൾ സ്റ്റാർ പ്രദർശന മത്സരത്തിൽ പങ്കെടുക്കാനാണ് റൊണാൾഡീഞ്ഞോ ഉൾപ്പെടെയുള്ള മുൻ ബ്രസീൽ താരങ്ങൾ കേരളത്തിലെത്തിയത്.
Tags : Nattuvishesham DistrictNews DeepikaNews Ronaldinho