കളക്ടറേറ്റ് പടിക്കല്‍ കര്‍ഷകസംഘം ധര്‍ണ അഖിലേന്ത്യ കിസാന്‍സഭ വൈസ് പ്രസിഡന്റ് ഇ.പി. ജയരാജന് ഉദ്ഘാടനം ചെയ്യുന്നു.
കല്‍പ്പറ്റ: പരിസ്ഥിതിലോല പ്രദേശങ്ങള്‍ ജനവാസകേന്ദ്രങ്ങളും കൃഷിയിടങ്ങളും ഒഴിവാക്കി വിജ്ഞാപനം ചെയ്യണമെന്ന് ആവശ്യപ്പെട്ടും കേന്ദ്ര മന്ത്രാലയത്തെ നിലപാട് അറിയിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ വീഴ്ച വരുത്തിയതില്‍ പ്രതിഷേധിച്ചും കര്‍ഷകസംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കളക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തി.
കനത്ത മഴ അവഗണിച്ച് നടത്തിയ മാര്‍ച്ചില്‍ നൂറുകണക്കിന് കര്‍ഷകര്‍ പങ്കെടുത്തു. ധര്‍ണ അഖിലേന്ത്യ കിസാന്‍സഭ വൈസ് പ്രസിഡന്റ് ഇ.പി. ജയരാജന് ഉദ്ഘാടനം ചെയ്തു. ജനങ്ങളുടെ പ്രശ്നം കേന്ദ്രത്തെ അറിയിക്കാന്‍ ത്രാണിയില്ലാത്ത ദുര്‍ബല സര്‍ക്കാരാണ് കേരളത്തിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ഇഎസ്എ വിഷയത്തില്‍ ജനങ്ങള്‍ക്കൊപ്പം നില്ക്കാന് സര്‍ക്കാര്‍ തയാറായില്ല. മനുഷ്യര്‍ക്ക് ജീവിക്കാനാകാത്ത സാഹചര്യമായിട്ടും നിലപാട് പറയാനുള്ള കരുത്തുണ്ടായില്ല.ശാസ്ത്രീയ പഠനവും കാഴ്ചപ്പാടുമില്ലാതെയാണ് ഇഎസ്എ ഏഴാമത് കരട് വിജ്ഞാപനം ഇറക്കിയത്.
ആറാമത് കരട് വിജ്ഞാപനം ഇറക്കിയപ്പോള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ശാസ്ത്രീയ പഠനം നടത്തി കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കിയതാണ്. ഇത് പരിഗണിക്കാതെയാണ് പുതിയ കരട് വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇന്നത്തെ നിലയില്‍ വിജ്ഞാപനം അന്തിമമായാല്‍ വയനാട്ടില്‍ ജനജീവിതം അസാധ്യമാകും. ജില്ലയില്‍നിന്നു വോട്ടുവാങ്ങിയ കോണ്‍ഗ്രസ് ദേശീയ നേതാവ് ഇഎസ്എ വിഷയത്തില്‍ ജനങ്ങളെ വഞ്ചിക്കുകയാണെന്നും ജയരാജന് പറഞ്ഞു. കര്‍ഷകസംഘം ജില്ലാ ജോയിന്റ് സെക്രട്ടറി വി. ഹാരിസ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന കമ്മിറ്റി അംഗം എന്‍.പി. കുഞ്ഞുമോള്‍ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി സി.ജി. പ്രത്യുഷ് ടി.കെ. ശ്രീജന് എന്നിവർ സംസാരിച്ചു. എന്‍.എം. ആന്റണി, സുനിത ദിലീപ്, കെ.സി. ജോസഫ്, എം.എ. ചാക്കോ, ജയിന് ആന്റണി, സണ്ണി ജോസഫ്, ജസ്റ്റിന് ബേബി, എ. ഗഫൂര്‍, ഷീന കളപ്പുരയ്ക്കല്‍ എന്നിവര്‍ നേതൃത്വം നല്കി.
Tags : Nattuvishesham DistrictNews DeepikaNews ESA