പ്രതീകാത്മക ചിത്രം
കുറവിലങ്ങാട്: ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ്മോൻ മുണ്ടയ്ക്കൽ നേതൃത്വം നല്കുന്ന സ്നേഹദീപം ഭവനപദ്ധതിയുടെ നേട്ടം കുറിവലങ്ങാട്ടേക്കും.പദ്ധതിയുടെ ഭാഗമായി അഞ്ച് വീടുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഇന്ന് തുടക്കമാകും. കുറവിലങ്ങാടെ വീടുകളുടെ നിർമ്മാണം പൂർത്തീകരിക്കുന്നതോടെ 70 വീടുകൾ സ്നേഹദീപം പദ്ധതിയിൽ യാഥാർത്ഥ്യമാകും.സ്നേഹദീപത്തിലെ 65 വരെയുള്ള സ്നേഹവീടുകളുടെ നിർമ്മാണം കിടങ്ങൂർ ജില്ലാ പഞ്ചായത്ത് ഡിവിഷന്റെ പരിധിയിലുള്ള ആറ് പഞ്ചായത്തുകളിലായി ഇതിനോടകം പൂർത്തീകരിച്ചിട്ടുണ്ട്. കുറവിലങ്ങാട്, കാണക്കാരി, മാഞ്ഞൂർ, മരങ്ങാട്ടുപള്ളി, കടപ്ലാമറ്റം പഞ്ചായത്തുകളിൽ വാട്സാപ്പ് കൂട്ടായ്മകൾ രൂപംകൊടുക്കുകയും കൂട്ടായ്മയിലെ അംഗങ്ങളെ പങ്കെടുപ്പിച്ച് സ്നേഹദീപം ചാരിറ്റബിൾ സൊസൈറ്റി രൂപീകരിക്കുകും ചെയ്തു.
അഞ്ച് പഞ്ചായത്തുകളിലെ സ്നേഹദീപം വാട്സാപ്പ് കൂട്ടായ്മകളിലായി രണ്ടായിരത്തിലധികം സുമനസ്സുകൾ നിലവിൽ കണ്ണികളായിട്ടുണ്ട്. സർക്കാർ ഉദ്യോഗസ്ഥർ, പെൻഷനേഷ്സ്, ബിസിനസ്സുകാർ, വിദേശത്ത് ജോലിയുള്ളവർ ഉൾപ്പെടെയുള്ള സാമ്പത്തിക സ്ഥിതി ഭദ്രമായ ആളുകളെയാണ് സ്നേഹദീപത്തിൽ സുമനസ്സുകളായി കണ്ണികളാക്കിയിട്ടുള്ളത്.ഒരുമാസം ആയിരം രൂപ വീതം ഒരു വർഷത്തേക്ക് സ്നേഹദീപത്തിനായി എല്ലാ പഞ്ചായത്തുകളിലും ആരംഭിച്ചിരിക്കുന്ന ബാങ്ക് അക്കൗണ്ടുകളിലേക്ക് നൽകുംവിധമാണ് ക്രമീകരണം.
ജോസ്മോൻ മുണ്ടയ്ക്കൽ ജില്ലാ പഞ്ചായത്ത് അംഗം എന്ന നിലയ്ക്ക് ലഭിക്കുന്ന ഓണറേറിയം അഞ്ച് പഞ്ചായത്തിലെ ബാങ്ക് അക്കൗണ്ടുകളിലേക്കും മാസം രണ്ടായിരം രൂപാ വീതം നല്കുന്നുണ്ട്. കുറവിലങ്ങാട് ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ 50 വീടുകളെങ്കിലും നിർമ്മിക്കണമെന്നാണ് ലക്ഷ്യമെന്ന് ജോസ്മോൻ മുണ്ടയ്ക്കൽ പറഞ്ഞു. ഇതിനോടകം സ്നേഹദീപത്തിൽ ഏറ്റെടുത്ത 65 വീടുകൾക്കായി മൂന്ന് കോടി രൂപയും വിവിധ പ്രദേശങ്ങളിലായി ഒന്നരയേക്കർ സ്ഥലവും സൗജന്യമായി ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്.
കുറവിലങ്ങാട് പഞ്ചായത്തിലെ പത്താം വാർഡിൽ കളത്തൂർ ഭാഗത്ത് വരകുകാലായിൽ കുര്യൻ ജോസഫ് സംഭാവനയായി നല്കിയ സ്ഥലത്തും കാണക്കാരി പഞ്ചായത്തിലെ ഏഴാം വാർഡിൽ കടപ്പൂര് ഭാഗത്തും മരങ്ങാട്ടുപിള്ളി പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ മണ്ണയ്ക്കനാട് ഭാഗത്തും മാഞ്ഞൂർ പഞ്ചായത്തിലെ ഒൻപതാം വാർഡിൽ കോതനല്ലൂർ ഭാഗത്തും കടപ്ലാമറ്റം പഞ്ചായത്തിലെ നാലാം വാർഡിൽ കടപ്ലാമറ്റം ഭാഗത്ത് കുരീക്കാട്ട്മലയിൽ തോമസ് സംഭാവനയായി നല്കിയ സ്ഥലത്തുമാണ് പുതിയ വീടുകളുടെ നിർമ്മാണം ഏറ്റെടുക്കുന്നത്.
550 ചതുരശ്രയടി വിസ്താരമുള്ള വീട് നാലുലക്ഷം രൂപയ്ക്കാണ് തറ ഒഴികെയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നത്.അഞ്ച് പഞ്ചായത്തുകളിലായി പുതുതായി നിർമ്മിക്കുന്ന വീടുകൾക്കുള്ള തുക അതാത് പഞ്ചായത്തുകളിലെ സ്നേഹദീപം സൊസൈറ്റിക്ക് നൽകുന്നത് അമേരിക്കൻ മലയാളിയായ കിടങ്ങൂർ സ്വദേശി സൈമൺ കോട്ടൂരാണ്.മരങ്ങാട്ടുപിള്ളി പഞ്ചായത്തിൽ നിർമ്മിക്കുന്ന വീടിന്റെ തറയുടെ നിർമ്മാണത്തിനുള്ള തുക നല്കുന്നത് മണ്ണയ്ക്കനാട് ഹോളിക്രോസ് റോമൻ കത്തോലിക്കാ പള്ളിയാണ്. കോതനല്ലൂരിൽ നിർമ്മിക്കുന്ന വീടിന്റെ തറയുടെ നിർമ്മാണ തുക നല്കുന്നത് ആവേ മരിയ ബസ് കൂട്ടായ്മയാണ്. കടപ്ലാമറ്റം, കാണക്കാരി പഞ്ചായത്തുകളിലെ വീടുകളുടെ തറയുടെ നിർമ്മാണത്തിനുള്ള തുക നല്കുന്നത് സൈമൺ കോട്ടൂരാണ്.
66-ാം സ്നേഹവീടിന്റെ ശിലാസ്ഥാപനം ഇന്ന് 3.30 ന് കുറവിലങ്ങാട് പഞ്ചായത്തിലെ 10-ാം വാർഡിൽ കളത്തൂർ ഭാഗത്തും 67-ാം സ്നേഹവീടിന്റെ ശിലാസ്ഥാപനം ഇന്ന് നാലിന് കാണക്കാരി പഞ്ചായത്തിലെ ഏഴാം വാർഡിൽ കടപ്പൂര് ഭാഗത്തും മന്ത്രി മോൻസ് ജോസഫ് നിർവഹിക്കും.
മരങ്ങാട്ടുപിള്ളി പഞ്ചായത്തിലെ 13-ാം വാർഡിൽ മണ്ണയ്ക്കനാട് ഭാഗത്ത് നിർമ്മിക്കുന്ന 68-ാം സ്നേഹവീടിന്റെ ശിലാസ്ഥാപനം 16ന് 9.30 ന് ഫ്രാൻസിസ് ജോർജ് എംപി.യും മാഞ്ഞൂർ പഞ്ചായത്തിലെ കോതനല്ലൂരിൽ നിർമിക്കുന്ന 69-ാം സ്നേഹവീടിന്റെ ശിലാസ്ഥാപനം 16ന് വൈകുന്നേരം 4.30ന് ഗവ. ചീഫ് വിപ്പ് അപു ജോൺ ജോസഫും കടപ്ലാമറ്റം പഞ്ചായത്തിൽ നിർമ്മിക്കുന്ന 70-ാം സ്നേഹവീടിന്റെ ശിലാസ്ഥാപനം 20ന് രാവിലെ ഒൻപതിന് ചാണ്ടി ഉമ്മൻ എം.എൽ.എ.യും നിർവഹിക്കും.
Tags : Construction lovelamp NattuVishesham DistrictNews