റവന്യു ജില്ലാ സ്കൂൾ ശാസ്ത്രോത്സവം സമാപന സമ്മേളനം ജി. സുധാകരൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.
ആലപ്പുഴ: റവന്യു ജില്ലാ സ്കൂൾ ശാസ്ത്രോത്സവത്തിൽ 1471 പോയിന്റ് നേടി ചേർത്തല ഉപജില്ല ഓവറോൾ കിരീടം സ്വന്തമാക്കി. 1352 പോയിന്റുമായി കായംകുളം ഉപജില്ല രണ്ടാംസ്ഥാനവും 1279 പോയിന്റുമായി ആലപ്പുഴ ഉപജില്ല മൂന്നാംസ്ഥാനവും നേടി. മാവേലിക്കര (1258), തുറവൂർ (1219) ഉപജില്ലകൾ യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങൾ നേടി.
സ്കൂൾ വിഭാഗത്തിൽ 331 പോയിന്റുമായി വിവിഎച്ച്എസ്എസ് താമരക്കുളം ഒന്നാമതെത്തി. 268 പോയിന്റുമായി ചമ്പക്കുളം സെന്റ് മേരീസ് എച്ച്എസ്എസ് രണ്ടാംസ്ഥാനവും 262 പോയിന്റുമായി ഹരിപ്പാട് ഗവ. ജി.എച്ച്എസ് മൂന്നാംസ്ഥാനവും നേടി. പൂച്ചാക്കൽ എസ്എൻഎച്ച്എസ്എസ് ശ്രീകണ്ഠേശ്വരം (257), അരൂർ സെന്റ് അഗസ്റ്റിൻസ് എച്ച്എസ്എസ് (240) തൊട്ടുപിന്നിലെത്തി.
മേളയിലെ വിവിധ വിഭാഗങ്ങളിൽ ആലപ്പുഴ ഉപജില്ല ശാസ്ത്രമേളയിലും സാമൂഹികശാസ്ത്രമേളയിലും ഒന്നാംസ്ഥാനം നേടി. ശാസ്ത്രമേളയിൽ 200 പോയിന്റുമായി ആലപ്പുഴ ഒന്നാമതെത്തിയപ്പോൾ കായംകുളം (194), ചേർത്തല (180) എന്നിവ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. സാമൂഹികശാസ്ത്രമേളയിൽ 147 പോയിന്റുമായി ആലപ്പുഴ ഒന്നാമതെത്തി. ചേർത്തല (145), തുറവൂർ (122) എന്നിവ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
ഗണിതശാസ്ത്രമേളയിൽ 281 പോയിന്റുമായി കായംകുളം ഒന്നാമതെത്തി. ആലപ്പുഴ (275), ചേർത്തല (259) എന്നിവ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. പ്രവൃത്തിപരിചയമേളയിൽ 770 പോയിന്റുമായി ചേർത്തല ഒന്നാംസ്ഥാനം നേടി. കായംകുളം (688), മാവേലിക്കര (618) എന്നിവ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ഐടി മേളയിൽ 130 പോയിന്റുമായി മാവേലിക്കര ഒന്നാമതെത്തി. ആലപ്പുഴ (121), ചേർത്തല (117) എന്നിവ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
ലീയോ തേർട്ടീന്ത് സ്കൂളിൽ നടന്ന സമാപന സമ്മേളനം ജി. സുധാകരൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ഷീന സനൽകുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ എം.ആർ. സുനിമോൾ സമ്മാനദാനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ രാധാകൃഷ്ണൻ, വിവിധ അധ്യാപക സംഘടനാ പ്രതിനിധികളായ രാജീവ് കണ്ടല്ലൂർ, അഷറഫ് കുഞ്ഞ് ആശാൻ, മഞ്ജുഷ അലക്സ്, എസ്. അഹമ്മദ്, എൻ. ഉമാ, അജു പി. ബെഞ്ചമിൻ, എം.എൻ. മുഹമ്മദ് ഫാഹിസ്, വിവിധ രായ കെ. രഘുകുമാർ, ഷെറിൻ ഫിലോ ജോസ്, എസ്. വിജയകുമാർ, രതീഷ് കുമാർ, ടി. സജിത്ത് എന്നിവർ പ്രസംഗിച്ചു.
Tags : Revenue District School Science Festival: Overall Title Goes to Cherthala Nattuvishesham DistrictNews