നാലുപാടത്ത് വീണുകിടക്കുന്ന നെല്ല്.
അമ്പലപ്പുഴ: കൊയ്ത്തിന് പാകമായ നെല്ല് കനത്ത മഴയിൽ വീണു നശിച്ചു. ഒന്നരക്കോടി രൂപയിലേറെ നഷ്ടം. നഷ്ട പരിഹാരം നൽകാൻ കഴിയില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞതായി കർഷകരുടെ പരാതി. വണ്ടാനം നാലു പാടത്തെ 150 ഓളം ചെറുകിട കർഷകരുടെ നെല്ലാണ് നശിച്ചത്. 435 ഏക്കറുള്ള ഇവിടെ 269 കർഷകരാണുള്ളത്. ഈ മാസം എട്ടിനാണ് കൊയ്ത്താരംഭിച്ചത്. ഏതാനും ദിവസം മുൻപ് പെയ്ത കനത്ത മഴയിൽ 500 ഓളം ക്വിൻ്റൽ നെല്ലാണ് വീണ് നശിച്ചത്.സാധാരണ യന്ത്രമുപയോഗിച്ച് ഒരേക്കർ നെല്ല് കൊയ്തെടുക്കാൻ രണ്ട് മണിക്കൂറെടുക്കും. എന്നാൽ മഴയിൽ വീണ് കിടക്കുന്ന നെല്ല് കൊയ്തെടുക്കാൻ 4 മണിക്കൂറിലധികം വേണമെന്നാണ് കർഷകർ പറയുന്നത്. ഇത് ഇരട്ടിയിലധികം ചെലവാണ് കർഷർക്കുണ്ടാക്കിയിരിക്കുന്നത്. മണിക്കൂറിന് 1992 രൂപയാണ് യന്ത്രത്തിന് വാടക.
വീണു കിടക്കുന്ന നെല്ല്, യന്ത്രമുപയോഗിച്ച് കൊയ്തെടുത്തിട്ടും എക്കറിന് ഒന്നര ക്വിൻ്റൽ പോലും നെല്ല് കിട്ടാത്ത അവസ്ഥയാണെന്നാണ് കർഷകർ പറയുന്നത്.ഏക്കറിന് നാൽപ്പതിനായിരത്തിലധികം രൂപ ചെലവഴിച്ചാണ് കൃഷി ചെയ്തത്. സ്വർണം പണയം വെച്ചും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നടക്കം വലിയ പലിശക്ക് പണമെടുത്തുമാണ് കൃഷി നടത്തിയത്. എന്നാൽ, കർഷകരുടെ മാസങ്ങൾ നീണ്ട അധ്വാനം മഴയിൽ നശിക്കുകയായിരുന്നു.
നഷ്ടപരിഹാരമാവശ്യപ്പെട്ട് കൃഷി വകുപ്പ് ഉദ്യോഗസ്ഥരെ സമീപിച്ചപ്പോൾ ഏക്കറിന് ഒന്പത് ക്വിൻ്റൽ നെല്ല് ലഭിച്ചാൽ മാത്രമേ നഷ്ട പരിഹാരം നൽകാൻ കഴിയൂ എന്ന മറുപടിയാണ് ലഭിച്ചതെന്ന് കർഷകർ പറയുന്നു. ഏതാണ്ട് ഒന്നരക്കോടി രൂപയോളം തങ്ങൾക്ക് നഷ്ടം സംഭവിച്ചിട്ടും ഉദ്യോഗസ്ഥർ കൈമലർത്തുകയാണെന്നുമാണ് കർഷകർ പറയുന്നത്.
Tags : 1.5 crore [rupees] down the drain Nattuvishesham DistrictNews