കാട്ടാനകൾ നശിപ്പിച്ച കൃഷിയിടത്തിൽ കർഷകൻ സെൽവരാജ്.
വണ്ടിപ്പെരിയാർ: ഞായറാഴ്ച രാത്രി 12ഓടെ ഗ്രാൻമ്പി വനത്തിൽനിന്നു രാജമുടി ജനവാസ മേഖലയിൽ എത്തിയ മൂന്ന് കാട്ടാനകൾ നാല് ഏക്കറോളം സ്ഥലത്തെ ഏലംകൃഷി പൂർണമായും നശിപ്പിച്ചു. രാജമുടി പുതുവലിൽ താമസിക്കുന്ന ചന്ദനം എന്ന കർഷകന്റെ വീടിന്റെ മുറ്റത്തു വരെ എത്തിയ കാട്ടാന തൊട്ടടുത്ത താമസക്കാരായ അയ്യാവ്, അയ്യപ്പൻ, സെൽവരാജ് എന്നിവരുടെ മുന്നൂറോളം ഏലം ചെടികളാണ് നശിപ്പിച്ചത്.
വിവരമറിഞ്ഞ് വനം ഉദ്യോഗസ്ഥരെത്തിയപ്പോഴേക്കും കാട്ടാന കൃഷിയിടത്തിൽനിന്നും വനാതിർത്തിയിലേക്ക് മാറുകയും ചെയ്തു. എന്നാൽ, ഉൾവനത്തിലേക്ക് പോകാൻ കൂട്ടാക്കാതെ ജനവാസ മേഖലയുടെ അതിർത്തിയിൽ തന്നെ കാട്ടാനക്കൂട്ടം തമ്പടിച്ചിരിക്കുകയാണ്.
കഴിഞ്ഞ ഒരു വർഷമായി ഈ മേഖലയിൽ കാട്ടാന എത്തുന്നുണ്ട്. കാട്ടാനയെ തുരത്താനുള്ള യാതൊരു നടപടിയും വനംവകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്ന ആക്ഷേപവും വ്യാപകമാണ്.
Tags : nattu vishesham wild elephants