പുന്നവേലിപ്പറമ്പിൽ വിനയന്റെ വീട്ടിൽ വെള്ളം കയറിയ നിലയിൽ
ചെറുതോണി: കാമാക്ഷി പഞ്ചായത്തിലെ പാറക്കടവ് തോട്ടിൽ അശാസ്ത്രീയമായി നിർമിച്ച തടയണ ശക്തമായ മഴയിൽ കരകവിഞ്ഞൊഴുകി നിരവധി വീടുകളും കൃഷിയിടങ്ങളും വെള്ളത്തിൽ മുങ്ങി. വീതി കുറഞ്ഞ തോടിനു നടുവിൽ നീരൊഴുക്ക് തടസപ്പെടുത്തി നിർമിച്ച ഇടുങ്ങിയ തടയണയിൽ തടികളും ചപ്പുചവറുകളും അടിഞ്ഞ് നീരൊഴുക്ക് തടസപ്പെട്ടാണ് സമീപത്തെ വീടുകളിലും ഏക്കർകണക്കിന് കൃഷിഭൂമിയിലും വെള്ളം കയറി നാശനഷ്ടമുണ്ടായത്.
പുന്നവേലിപ്പറമ്പിൽ വിനയന്റെ വീടിനുള്ളിൽ വെള്ളം കയറിയതിനെത്തുടർന്ന് വീട്ടുപകരണങ്ങളും ഗ്യാസ് സിലിണ്ടറും ഒഴുകിപ്പോയി. സമീപത്തെ നിരവധി കുടിവെള്ള സ്രോതസുകൾ തോട്ടിലൂടെ ഒഴുകിയെത്തിയ മലിനജലം നിറഞ്ഞ് ഉപയോഗശൂന്യമായി.
ഏഴ് കോടി രൂപ മുടക്കി 2025ൽ കാമാക്ഷി പഞ്ചായത്ത് നിർമിച്ച തടയണ അശാസ്ത്രീയവും ജനദ്രോഹപരവുമാണെന്ന് പ്രദേശവാസികൾ ആരോപിച്ചു.
വീടുകളിലും കൃഷിയിടങ്ങളിലും വെള്ളം കയറുമെന്നും തടയണ നിർമിക്കാൻ സമ്മതിക്കില്ലെന്നും പറഞ്ഞ പ്രദേശവാസികളോട് എല്ലാവരുടെയും ഭൂമി കോൺക്രീറ്റ് ഭിത്തി നിർമിച്ച് സംരക്ഷിച്ച് നൽകാമെന്ന് ഉറപ്പു നൽകിയാണ് മുൻ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ തടയണ നിർമിച്ചത്. എന്നാൽ, തടയണ നിർമാണം പൂർത്തിയായതോടെ പിന്നീടാരും തിരിഞ്ഞു നോക്കിയില്ല.
അശാസ്ത്രീയമായി നിർമിച്ച തടയണ പൊളിച്ചുനീക്കണമെന്നും തോടിന് സംരക്ഷണഭിത്തി നിർമിച്ച് സമീപത്തെ വീടുകളും കൃഷിഭൂമിയും സംരക്ഷിക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു. അനാവശ്യമായി നിർമിച്ച തടയണ പൊളിച്ചുനീക്കാൻ നടപടി സ്വീകരിക്കാൻ ഇറിഗേഷൻ വകുപ്പ് അധികൃതർക്കും വില്ലേജ് ഓഫീസർക്കും കത്ത് നൽകിയതായി കാമാക്ഷി പഞ്ചായത്ത് പ്രസിഡന്റ് ടി.എൻ. ബിജു നെടുംചേരി അറിയിച്ചു.
പഞ്ചായത്ത് പ്രസിഡന്റിനൊപ്പം വൈസ് പ്രസിഡന്റ് ഷൈനി മാവേലിൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ജോയി കാട്ടുപാലം, മഹേഷ് മാത്യു, പഞ്ചായത്തംഗങ്ങളായ ജോബിൻ മാത്യു, സോണിയ തോമസ്, അഡ്വ. ഷെബിൻ തോമസ് തുടങ്ങിയവർ ദുരിതബാധിത പ്രദേശം സന്ദർശിച്ചു.
തുടങ്ങനാട് മേഖലയില്‍ വ്യാപക നാശം
മുട്ടം: കനത്ത മഴയില്‍ മുട്ടം പഞ്ചായത്തിലെ തുടങ്ങനാട് മേഖലയില്‍ വ്യാപക നാശം. ഏക്കറുകണക്കിന് കൃഷിയിടമാണ് ഉരുള്‍പൊട്ടലില്‍ നശിച്ചത്.
തുടങ്ങനാട് സെന്റ് തോമസ് സ്കൂളിനു സമീപം താമസിക്കുന്ന പുളിക്കല്‍ സാബു, പഴുകതെക്കേല് ടോമി എന്നിവരുടെ വീടുകളുടെ മുറ്റത്തു കൂടിയാണ് ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് കല്ലും മണ്ണു ഒഴുകിയത്. വീടുകളുടെ മുറ്റവും സംരക്ഷണഭിത്തിയും ഉള്‍പ്പെടെ തകര്‍ന്നു. വീടുകള്‍ക്ക് മുന്നില്‍ രണ്ടടിയോളം ഉയരത്തില്‍ കല്ലുംമണ്ണും ചെളിയും അടിഞ്ഞ നിലയിലാണ്. കൃഷിയിടത്തിലൂടെ ഉരുള്‍ ഒഴുകിയതിനെത്തുടര്‍ന്ന് വ്യാപകമായ കൃഷിനാശവുമുണ്ടായി.
കനത്ത മഴയില്‍ തുടങ്ങനാട്-കരിമ്പാനിപടി റോഡും തകര്‍ന്നു. കരിമ്പാനി തോട്ടില്‍ വൃക്ഷശിഖരങ്ങള്‍ ഒഴുകിയെത്തി അടിഞ്ഞതിനെത്തുടര്‍ന്ന് ജലമൊഴുക്കിന് തടസം നേരിട്ടു.
കാപ്പിപ്പതാൽ ഉന്നതിയിൽ ഭൂമിക്കടിയിൽ ശബ്ദം
ഉപ്പുതറ: കാപ്പിപ്പതാൽ പട്ടികജാതി ഉന്നതിയിൽ ഭൂമിക്കടിയിൽനിന്ന് ശബ്ദം കേൾക്കുന്നതായി പ്രദേശവാസികൾ. ഭൂമിക്കടിയിൽ ഗുഹയിലൂടെ വെള്ളം ഒഴുകുന്ന ഭാഗത്താണ് ശബ്ദം കേൾക്കുന്നത്. റവന്യു, പഞ്ചായത്ത് അധികൃതർ സ്ഥലം പരിശോധിച്ചു. സോയിൽ പൈപ്പിംഗാണെന്നാണ് പ്രാഥമിക നിഗമനം.
രണ്ടു ദിവസം മുമ്പാണ് ഭൂമിക്കടിയിൽനിന്ന് ശബ്ദം കേൾക്കാൻ തുടങ്ങിയത്. വർഷങ്ങൾക്ക് മുമ്പുതന്നെ ഉന്നതിക്കടിയിൽനിന്നു വെള്ളമൊഴുക്കുണ്ടായിരുന്നു.
വിദഗ്ധ സംഘത്തെ എത്തിച്ച് പരിശോധന നടത്തുമെന്ന് ഉപ്പുതറ പഞ്ചായത്ത് പ്രസിഡന്റ് ഷീല രാജൻ അറിയിച്ചു.
Tags : nattu vishesham Check dam overflows