വാഴവരയ്ക്ക് സമീപം സംസ്ഥാനപാതയുടെ സംരക്ഷണഭിത്തി ഇടിഞ്ഞ നിലയിൽ
കട്ടപ്പന: ഞായറാഴ്ച പെയ്ത ശക്തമായ മഴയിൽ തൊടുപുഴ-പുളിയൻമല സംസ്ഥാന പാതയിൽ പത്തിലധികം ഇടങ്ങളിൽ മണ്ണിടിഞ്ഞു.
കാൽവരിമൗണ്ട് ഒൻപതാം മൈലിൽ രാത്രി പത്തോടെ റോഡിലേക്ക് മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചത്. വാഴവരയ്ക്ക് സമീപം സംസ്ഥാനപാതയുടെ സംരക്ഷണഭിത്തി ഇടിഞ്ഞു. ഈ ഭാഗത്ത് വൺവേ സംവിധാനത്തിലാണ് വാഹനങ്ങൾ കടന്നുപോകുന്നത്. റോഡ് അപകടഭീഷണിയിലുമാണ്. വെള്ളയാംകുടിക്ക് സമീപം മൺതിട്ടയിടിഞ്ഞ് റോഡിലേക്ക് വീണു. നാരക്കാനത്തിനു സമീപം റോഡിന്റെ ഒരുഭാഗം ഇടിഞ്ഞ് താഴേക്ക് പതിച്ചു. കൂടാതെ, വിവിധ ഭാഗങ്ങളിൽ ചെറിയതോതിൽ മണ്ണിടിച്ചിൽ ഉണ്ടായിട്ടുണ്ട്.
ശക്തമായ മഴ പെയ്യുന്ന സമയത്ത് റോഡിൽ വലിയ രീതിയിലുള്ള വെള്ളക്കെട്ടാണ് ഉണ്ടാകുന്നത്. ഇതാണ് മണ്ണിടിച്ചിൽ ഉണ്ടാകാനുള്ള കാരണമെന്ന് നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു. റോഡ് നിർമാണത്തിലുണ്ടായ അശാസ്ത്രീയതയാണ് കാരണമെന്നു പറയുന്നു. ഈ പാതയിൽ ഓടകളുടെ അഭാവം മൂലമാണ് റോഡിൽ വെള്ളം കെട്ടിക്കിടക്കുന്നത്.
മണ്ണിടിച്ചിൽ ഭീഷണിയിൽ എട്ട് കുടുംബങ്ങൾ
കട്ടപ്പന: കട്ടപ്പന-പുളിയൻമല റോഡിൽ മണ്ണിടിച്ചിൽ ഭീഷണിയിൽ എട്ട് കുടുംബങ്ങൾ. 20 വർഷങ്ങളായി ഇവിടെ താമസിച്ചുവരുന്ന കുടുംബങ്ങളാണ് വീടിന് സമീപത്തെ തിട്ട ഇടിയുന്നതോടെ ദുരിതത്തിലായിരിക്കുന്നത്. ഇതിൽ നാല് വീടുകൾ ലൈഫ് ഭവന പദ്ധതിയിലുൾപ്പെടുത്തി നിർമിച്ചതാണ്. ഒരു വീടിന്റെ മുറി തിട്ട ഇടിഞ്ഞതിനെത്തുടർന്ന് തെന്നിമാറിയ നിലയിലുമാണ്. പല വീടുകളുടെയും ശുചിമുറികൾ ഉപയോഗയോഗ്യമല്ലാതായിരിക്കുകയാണ്.
കട്ടപ്പന മുതൽ പുളിയൻമല വരെ റോഡിന്റെ നിർമാണത്തിനായി ഈ ഭാഗത്തെ സംരക്ഷണഭിത്തി ഉൾപ്പെടെ 38 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.
ചെറുതും വലുതുമായ നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റോഡിന് സമീപമാണ് മണ്ണിടിച്ചിൽ സാധ്യതയുള്ളത്. അടിയന്തരമായി സംരക്ഷണഭിത്തി നിർമിച്ച് ഇവിടെ താമസിക്കുന്നവരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ ഉത്തരവാദപ്പെട്ടവർ തയാറാകണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.
Tags : nattu vishesham Landslides occurred Thodupuzha-Puliyanmala