കോഴിക്കോട് : അരയിടത്തുപാലം മേൽപ്പാലത്തിലെ നിലവിലുള്ള സുരക്ഷാ സംവിധാനങ്ങൾ അടിയന്തരമായി പരിശോധിച്ച് ആവശ്യമായ എല്ലാ സുരക്ഷാ ക്രമീകരണങ്ങളും യാതൊരു കാലതാമസവും കൂടാതെ നടപ്പിലാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്. സമാന അപകടങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള സ്ഥിരം പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്നും കമ്മീഷൻ പൊതുമരാമത്ത് എക്സിക്യുട്ടീവ് എന്‍ജിനീയര്‍മാര്‍ക്ക് (റോഡുകളും പാലങ്ങളും) നിർദ്ദേശം നൽകി.
ഓഗസ്റ്റിൽ കോഴിക്കോട് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. കാർ ബൈക്കിലിടിച്ച് മേൽപാലത്തിൽ നിന്നും താഴേക്ക് വീണ് വിദ്യാര്‍ഥി മരിച്ച സംഭവത്തിൽ പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. വ്യാഴാഴ്ച അര്‍ധരാത്രിയിലാണ് അപകടമുണ്ടായത്.
നിയന്ത്രണം വിട്ട കാർ ബൈക്കുകളിൽ ഇടിച്ചതിനെ തുടർന്ന് ബൈക്കിന്റെ പിന്നിലിരുന്ന് യാത്ര ചെയ്തിരുന്ന അൽ സാബിത്താണ് (19) ഇരുപത് അടി താഴെ വീണ് മരിച്ചത്. മൂന്നു പേർക്ക് ഗുരുതരമായി പരിക്കേറ്റു.മേൽപാലത്തിലെ കൈവരിയുടെ അപര്യാപ്തമായ ഉയരവും ചില സ്പാനുകൾക്കിടയിലെ അപകടകരമായ അകൽച്ചയും അപകടസാധ്യത വർദ്ധിപ്പിക്കുന്നതായി പൊതുമരാമത്ത് വകുപ്പ് കണ്ടെത്തിയിരുന്നുവെന്ന് മനുഷ്യാവകാശ കമ്മീഷന് ചൂണ്ടിക്കാട്ടി.
എന്നിട്ടും സുരക്ഷാ നടപടികൾ സ്വീകരിച്ചില്ലെന്ന് ആക്ഷേപമുണ്ട്. മേൽപാലത്തിലെ അപകടങ്ങൾ വർദ്ധിക്കുന്നതായി നാട്ടുകാർക്ക് പരാതിയുമുണ്ട്. ഇത്തരത്തിലുള്ള സാഹചര്യങ്ങളിൽ ബന്ധപ്പെട്ട അധികാരികളുടെ ജാഗ്രതക്കുറവും സമയോചിതമായ ഇടപെടലിന്റെ അഭാവവും ആശങ്കയുണ്ടാക്കുന്നതായി കെ. ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു.
Tags : Local News Nattuvishesham Kozhikode