കഴിഞ്ഞ ദിവസം ഓന്തുപച്ചയില് രണ്ടുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകടം.
അഞ്ചല് : മലയോര ഹൈവേയിലും തിരുവനന്തപുരം-ചെങ്കോട്ട അന്തർസംസ്ഥാന പാതയിലും അപകടങ്ങൾ ദിനംപ്രതി വർധിക്കുന്നത് യാത്രക്കാരെയും പ്രദേശവാസികളെയും ഒരുപോലെ ആശങ്കയിലാക്കുന്നു.
കഴിഞ്ഞ ആറുമാസത്തിനിടെ തിരുവനന്തപുരം-ചെങ്കോട്ട പാതയിൽ കുളത്തൂപ്പുഴയ്ക്കും മടത്തറയ്ക്കും ഇടയിൽ മാത്രം മുപ്പതോളം അപകടങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഈ അപകടങ്ങളിൽ രണ്ടുപേർക്ക് ജീവൻ നഷ്ടമായപ്പോൾ നാൽപ്പതോളം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ പതിനെട്ടോളം പേരുടെ നില ഗുരുതരമായിരുന്നു. തുടർച്ചയായി ഉണ്ടാകുന്ന അപകടങ്ങൾ ഈ പാതയിലൂടെ യാത്ര ചെയ്യുന്നവരുടെ സുരക്ഷയെക്കുറിച്ച് ഗൗരവമായ ചോദ്യങ്ങളാണ് ഉയർത്തുന്നത്.
അപകടങ്ങളിൽ ഉൾപ്പെടുന്ന വാഹനങ്ങളിൽ ഭൂരിഭാഗവും ഇതരസംസ്ഥാനങ്ങളിൽനിന്നുള്ളവയാണെന്നതാണ് ശ്രദ്ധേയമായകാര്യം. ഇതിൽ തമിഴ്നാട് രജിസ്ട്രേഷനിലുള്ള വാഹനങ്ങളാണ് കൂടുതലെന്നും പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു. തെങ്കാശി, ചെങ്കോട്ട, തിരുനെൽവേലി തുടങ്ങിയ കേരളത്തോട് അടുത്തുകിടക്കുന്ന തമിഴ്നാട്ടിലെ അതിർത്തി പ്രദേശങ്ങളിൽനിന്നുള്ള നിരവധിപ്പേർ വിദേശയാത്രകൾക്കായി തിരുവനന്തപുരം വിമാനത്താവളത്തെയാണ് ആശ്രയിക്കുന്നത്.
യാത്രക്കാരെ വിമാനത്താവളത്തിലെത്തിക്കാനും തിരികെ കൊണ്ടുപോകാനുമായി നിരവധി വാഹനങ്ങളാണ് ദിവസേന ഈ പാതയിലൂടെ സഞ്ചരിക്കുന്നത്.
ഇതിനുപുറമെ കേരളത്തിലെ പ്രമുഖ ക്ഷേത്രങ്ങളിലേക്കും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും എത്തുന്ന വാഹനങ്ങൾ, പച്ചക്കറികളും പഴവർഗങ്ങളും ഉൾപ്പെടെയുള്ള സാധനങ്ങളുമായി വരുന്ന ചരക്കുവാഹനങ്ങൾ എന്നിവയും ഈ പാതയിലെ ഗതാഗതത്തിരക്ക് വർധിപ്പിക്കുന്നു. അന്തർസംസ്ഥാന പാതയിൽ ഗതാഗതസുരക്ഷ ഉറപ്പാക്കേണ്ടത് അത്യാവശ്യമായിരിക്കുകയാണ്.
ഉറക്കമില്ലാത്ത യാത്ര അപകടങ്ങൾക്ക് വഴിയൊരുക്കുന്നു
അപകടങ്ങളുടെ കാരണങ്ങൾ പരിശോധിക്കുമ്പോൾ ഡ്രൈവർമാർ ഉറങ്ങിപ്പോകുന്നതും അശ്രദ്ധമായ ഡ്രൈവിംഗും പ്രധാന കാരണങ്ങളായി ഉയർന്നുവരുന്നതായി പൊലി സ് കണ്ടെത്തിയിട്ടുണ്ട്. മണിക്കൂറുകളോളം വിശ്രമമില്ലാതെ വാഹനം ഓടിച്ചെത്തുന്ന ഡ്രൈവർമാർക്ക് ക്ഷീണവും ഉറക്കവും കാരണം വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടാനുള്ള സാധ്യത കൂടുതലാണ്. ചില ഡ്രൈവർമാർ ഒരു ദിവസം തന്നെ ഒന്നിലധികം തവണ തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് യാത്ര നടത്തുന്നുമുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ മതിയായ വിശ്രമമില്ലാതെ വീണ്ടും വാഹനമോടിക്കുന്നത് അപകട സാധ്യത വർധിപ്പിക്കുന്നു.
അടുത്തിടെ മികച്ച രീതിയിൽ നിർമിച്ച റോഡുകളിലൂടെ സഞ്ചരിക്കുമ്പോൾ വാഹനങ്ങളുടെ വേഗം വർധിപ്പിക്കുന്നതും അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. എന്നാൽ വളവുകളും തിരിവുകളും നിറഞ്ഞ മലയോര പാതകളിൽ അമിതവേഗം വലിയ അപകടങ്ങളിലേക്ക് നയിക്കുകയാണ്. റോഡിന്റെ സ്വഭാവം തിരിച്ചറിയാതെ വേഗത്തിൽ വാഹനമോടിക്കുന്നതും ക്ഷീണം കാരണം സമയത്ത് നിയന്ത്രണം വീണ്ടെടുക്കാൻ കഴിയാത്തതും പലപ്പോഴും ദുരന്തങ്ങൾക്ക് വഴിയൊരുക്കുന്നു.
ഓന്തുപച്ചയിലെ അപകടം മുന്നറിയിപ്പാകുന്നു
കഴിഞ്ഞ ദിവസം കുളത്തൂപ്പുഴ ഓന്തുപച്ചയിൽ സ്കോർപിയോ ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ ജാഫർ, ചന്ദ്രൻപിള്ള എന്നിവർ മരിച്ചു. ഈ അപകടഭീഷണിയുടെ ഗൗരവം വ്യക്തമാക്കുന്നതാണ്. ഇരുവരുടെയും ജീവനെടുത്ത അപകടത്തിൽ ഉൾപ്പെട്ട സ്കോർപിയോയുടെ ഡ്രൈവർ പൊലിസിന് നൽകിയ മൊഴിയിൽ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്ന് വ്യക്തമാക്കിയതായാണ് വിവരം. വളവ് തിരിയുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട സ്കോർപിയോ ബൈക്കിലിടിച്ച് യാത്രക്കാരെ തെറിപ്പിച്ചശേഷം മറിഞ്ഞു. നിമിഷേരത്തെ അശ്രദ്ധയോ ഉറക്കമോ വലിയ ദുരന്തത്തിന് വഴിയൊരുക്കുമെന്നതിനു മറ്റൊരു ഉദാഹരണമായി ഈ സംഭവം മാറി. കുടുംബങ്ങളുടെ പ്രതീക്ഷകളും ജീവിതവുമാണ് ഇത്തരം അപകടങ്ങളിലൂടെ തകർന്നുപോകുന്നത്. കഴിഞ്ഞ മാസവും നിയന്ത്രണം നഷ്ടപ്പെട്ട ചരക്കുലോറി റോഡരികിലെ വീട്ടിലേക്ക് ഇടിച്ചുകയറിയിരുന്നു. വീട്ടിലുണ്ടായിരുന്നവർ തലനാരിഴയ്ക്കാണ് അപകടത്തിൽനിന്ന് രക്ഷപ്പെട്ടത്. റോഡരികിലെ വീടുകൾക്കും വ്യാപാരസ്ഥാപനങ്ങൾക്കും സമീപത്തുകൂടി അമിതവേഗത്തിൽ വാഹനങ്ങൾ കടന്നുപോകുന്നത് പ്രദേശവാസികളുടെ ജീവനും സ്വത്തിനും ഒരുപോലെ ഭീഷണിയാകുന്നു. വാഹനങ്ങൾ റോഡിന്റെ വശങ്ങളിലേക്ക് തെന്നിമാറി അപകടത്തിൽപ്പെടുന്നതും പതിവ് കാഴ്ചയായി മാറുകയാണ്.
അപകടങ്ങൾ തടയാൻ അടിയന്തര ഇടപെടൽ വേണം
അപകടങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ബന്ധപ്പെട്ട വകുപ്പുകൾ സംയുക്തമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അമിതവേഗത നിയന്ത്രിക്കുക, അപകടസാധ്യതയുള്ള വളവുകളിലും തിരിവുകളിലും മുന്നറിയിപ്പ് സംവിധാനങ്ങൾ ശക്തമാക്കുക, ആവശ്യമായ സ്ഥലങ്ങളിൽ വേഗനിയന്ത്രണ സംവിധാനങ്ങൾ ഏർപ്പെടുത്തുക തുടങ്ങിയ നടപടികൾ സ്വീകരിക്കണമെന്നാണ് ആവശ്യം. അതോടൊപ്പം, ഉറക്കവും ക്ഷീണവും അനുഭവപ്പെടുമ്പോൾ വാഹം ഓടിക്കുന്നത് ഒഴിവാക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഡ്രൈവർമാർക്ക് ബോധവത്കരണം നൽകണം.
ദീർഘദൂര യാത്രകൾ നടത്തുന്നവരും വിമാനത്താവള സർവീസുകളിൽ ഏർപ്പെട്ടിരിക്കുന്നവരും മതിയായ വിശ്രമം ഉറപ്പാക്കുന്നുണ്ടെന്ന് ബന്ധപ്പെട്ട അധികൃതർ പരിശോധിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. ഇതരസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന വാഹനങ്ങളിലെ ഡ്രൈവർമാരിലേക്കും സുരക്ഷാ ബോധവത്കരണം നൽകേണ്ടതുണ്ട്. അപകടം സംഭവിച്ചശേഷം മാത്രം സ്ഥലത്തെത്തി നടപടികൾ സ്വീകരിക്കുന്ന രീതിക്ക് പകരം അപകടങ്ങൾ മുൻകൂട്ടി തടയാനുള്ള സംവിധാനങ്ങൾ ഒരുക്കുകയാണ് വേണ്ടത്.പൊലിസ്, മോട്ടോർ വാഹന വകുപ്പ്, പൊതുമരാമത്ത് വകുപ്പ് തുടങ്ങിയ ബന്ധപ്പെട്ട വകുപ്പുകൾ ഏകോപനത്തോടെ പ്രവർത്തിച്ചാൽ അപകടസാധ്യത കുറയ്ക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
മലയോര ഹൈവേയിലും തിരുവനന്തപുരം - ചെങ്കോട്ട അന്തർസംസ്ഥാന പാതയിലും തുടർച്ചയായി ഉണ്ടാകുന്ന അപകടങ്ങൾ ഇനിയും അവഗണിക്കരുതെന്നാണ് പ്രദേശവാസികളുടെ മുന്നറിയിപ്പ്. സമയബന്ധിതമായ ഇടപെടലുകളും കർശനമായ സുരക്ഷാനടപടികളും ഉണ്ടായില്ലെങ്കിൽ നിരപരാധികളുടെ ജീവൻ ഇനിയും നിരത്തുകളിൽ പൊലിഞ്ഞേക്കാം. കൂടുതൽ ദുരന്തങ്ങൾ സംഭവിക്കുന്നതിന് മുമ്പ് അധികൃതർ ഉണർന്നു പ്രവർത്തിക്കണമെന്ന ആവശ്യമാണ് ഇപ്പോൾ ശക്തമാകുന്നത്.
Tags : Accidents NattuVishasham DistrictNews