നെടുമ്പാശേരി: അങ്കമാലി-ആലുവ ദേശീയ പാതയില്‍ നിന്ന് രാജ്യാന്തര വിമാനത്താവളത്തിലേക്ക് പോകുന്ന വിഐപി റോഡ് അപകട പാതയായി മാറുകയാണ്. കഴിഞ്ഞ ആറ് മാസത്തിനിടെ എട്ട് ജീവനുകളാണ് ഇവിടെ പൊലിഞ്ഞത്. വിവിധ അപകടങ്ങളില്‍പെട്ട് ഇപ്പോഴും ചികിത്സയില്‍ കഴിയുന്നവരും നിരവധിയാണ്.
രാത്രി കാലങ്ങളിലാണ് കൂടുതല്‍ അപകടങ്ങളും സംഭവിക്കുന്നത്. രാത്രി പൊതുവെ ഈ റോഡില്‍ വാഹനങ്ങള്‍ കുറവായിരിക്കും. അതുകൊണ്ട് തന്നെ വേഗതയില്‍ വാഹനം ഒടിക്കുന്നത് പലര്‍ക്കും ഹരമായി മാറിയിരിക്കുകയാണ്. കാറുകളും ഇരു ചക്ര വാഹനങ്ങളുമാണ് പ്രധാനമായും റൈഡിനായി ഇവിടേയ്ക്ക് എത്തുന്നത്. നാട്ടുകാര്‍ പലതവണ ഇക്കാര്യം പൊലിസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും ആക്ഷേപമുണ്ട്.
ഇന്നലെ പുലര്‍ച്ചെ അമിത വേഗതയിലെത്തിയ മിനി കൂപ്പര്‍ കാര്‍ സ്കൂട്ടറിന് പിന്നില്‍ ഇടിച്ച് രണ്ട് യുവതികളും ഒരു യുവാവുമാണ് മരണപ്പെട്ടത്. കഴിഞ്ഞ ഏപ്രില്‍ 12ന് വിമാനത്താവള റോഡിലെ മേല്‍പാലത്തിന് സമീപം നിയന്ത്രണം തെറ്റിയ ബൈക്ക് മറിഞ്ഞ് പെരുമ്പാവൂര്‍ വെങ്ങോല സ്വദേശിയായ മുഹമ്മദ് ഇഖ്ബാല്‍ എന്ന യുവാവ് മരിച്ചിരുന്നു.
കഴിഞ്ഞ മെയ് അഞ്ചിന് പെട്രോള്‍ പമ്പിന് സമീപത്ത് ഉണ്ടായ അപകടത്തില്‍ കാസര്‍ഗോഡ് സ്വദേശിയായ ഇഷാന എന്ന യുവതിയാണ് മരിച്ചത്. അമിത വേഗതയിലെത്തിയ കാര്‍ ബൈക്കിന് പിന്നില്‍ ഇടിച്ചായിരുന്നു അപകടം. ജൂണ്‍ 29ന് വിമാനത്താവള ജംഗ്ഷനിലുണ്ടായ അപകടത്തില്‍ പത്തനംതിട്ട സ്വദേശി ആദിത്യ പ്രസാദ്, സുഹൃത്ത് കബില്‍ എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച ബൈക്ക് അമിത വേഗതയിലെത്തി സിഗ്നല്‍ കാത്തുകിടന്ന കാറിന് പിന്നില്‍ ഇടിച്ചു കയറുകയായിരുന്നു.
കഴിഞ്ഞ ഓഗസ്റ്റ് 23 ന് വിമാനത്താവള റോഡിലെ സുവര്ണാധ്യാനത്തിന് സമീപം ഉണ്ടായ അപകടത്തില്‍ മാള സ്വദേശി വത്സലയും മരണപ്പെട്ടിരുന്നു. ഭര്‍ത്താവിനൊപ്പം ബൈക്കിന് പിന്നിലിരുന്ന് യാത്ര ചെയ്യുമ്പോള്‍ പിന്നല് നിന്നും അമിത വേഗതയിലെത്തിയ കാര്‍ ഇടിച്ചായിരുന്നു അപകടം സംഭവിച്ചത്.
വിമാനത്താവള റോഡില്‍ നിരന്തരമായി അപകടം പതിവായതോടെ പൊലിസ് പട്രോളിംഗ് ശക്തമാക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. അത്താണി ജംഗ്ഷനില്‍ അടിയന്തിരമായി പൊലിസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നുണ്ട്.
Tags : NattuVishesham DistrictNews