അത്യാധുനിക എൻഡോസ്കോപ്പിക് വാക്വം തെറാപ്പി വിജയകരമായി പൂർത്തിയാക്കിയ കണ്ണൂർ ആസ്റ്റർ മിംസിലെ ഗ്യാസ്ട്രോ എന്ററോളജി വിഭാഗം മെഡിക്കൽ സംഘം.
കണ്ണൂർ: അന്നനാളിയിലെ ശസ്ത്രക്രിയയെ തുടർന്ന് രൂപപ്പെട്ട ഗുരുതരമായ ചോർച്ച മൂലം സങ്കീർണാവസ്ഥയിലായ രോഗിക്ക് രക്ഷകരായി കണ്ണൂർ ആസ്റ്റർ മിംസിലെ മെഡിക്കൽ സംഘം.
വീണ്ടും ശസ്ത്രക്രിയ നടത്താതെ അത്യാധുനിക എൻഡോസ്കോപ്പിക് വാക്വം തെറാപ്പിയിലൂടെയാണ് വടകര ഇരിങ്ങൽ സ്വദേശിയായ രോഗിയെ വിജയകരമായി ചികിത്സിച്ചത്. ആശുപത്രിയിലെ ഗ്യാസ്ട്രോ എന്ററോളജി വിഭാഗം വിദഗ്ധരുടെ നേതൃത്വത്തിൽ മലബാറിൽ ആദ്യമായാണ് ഈ സങ്കീർണ എൻഡോസ്കോപ്പിക് ചികിത്സ വിജയകരമായി പൂർത്തിയാക്കുന്നത്.
അന്നനാളിയിലെ അർബുദത്തെതുടർന്ന് രോഗി മറ്റൊരു സ്വകാര്യ ആശുപത്രിയിൽ സങ്കീർണമായ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. എന്നാൽ ശസ്ത്രക്രിയയിലൂടെ യോജിപ്പിച്ച ഭാഗത്ത് ഗുരുതരമായ ചോർച്ച രൂപപ്പെട്ടു. ഇതിനെ തുടർന്ന് വീണ്ടും ശസ്ത്രക്രിയ നടത്തിയെങ്കിലും ചോർച്ച ആവർത്തിച്ചു. രോഗിയുടെ ആരോഗ്യനില ഗുരുതരമായതോടെയാണ് വിദഗ്ധ ചികിത്സയ്ക്കായി കണ്ണൂർ ആസ്റ്റർ മിംസിലേക്ക് എത്തിച്ചത്.
എൻഡോസ്കോപ്പിന്റെ സഹായത്തോടെ പ്രത്യേകം തയാറാക്കിയ വാക്വം സ്പോഞ്ച് ചോർച്ചയുള്ള ഭാഗത്ത് കൃത്യമായി സ്ഥാപിക്കുകയും നിയന്ത്രിതമായ വാക്വം സംവിധാനവുമായി ബന്ധിപ്പിക്കുകയും ചെയ്തു. ഇതിലൂടെ ചോർച്ചയുള്ള ഭാഗത്തെ സ്രവങ്ങൾ തുടർച്ചയായി നീക്കം ചെയ്യുന്നതിനൊപ്പം മുറിവ് ഉണങ്ങാനും ആരോഗ്യകരമായ പുതിയ കോശങ്ങൾ രൂപപ്പെടാനും സാഹചര്യമൊരുങ്ങുന്നു. വിവിധ ഘട്ടങ്ങളിലായി നടത്തിയ ചികിത്സയിലൂടെ ചോർച്ച ക്രമേണ അടയുകയും മുറിവ് പൂർണമായി ഉണങ്ങുകയും ചെയ്തു. തുടർന്ന് രോഗിക്ക് വായിലൂടെ ഭക്ഷണം കഴിച്ചുതുടങ്ങാനായി.
ഗ്യാസ്ട്രോ എന്ററോളജി വിഭാഗത്തിലെ ഡോ. ജസീം അൻസാരിയുടെ നേതൃത്വത്തിലാണ് എൻഡോസ്കോപ്പിക് ചികിത്സ നടത്തിയത്.
എൻഡോസ്കോപ്പിക് വാക്വം തെറാപ്പി പോലുള്ള അത്യാധുനിക ചികിത്സകൾ മലബാറിലെ രോഗികൾക്ക് ഇവിടെത്തന്നെ ലഭ്യമാക്കാൻ കഴിയുന്നത് ഏറെ പ്രാധാന്യമുള്ളതാണെന്ന് ഗ്യാസ്ട്രോ എന്ററോളജി വിഭാഗം മേധാവി ഡോ. കെ.ജി. സാബുവും കണ്ണൂർ ആസ്റ്റർ മിംസ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഡോ. അനൂപ് നമ്പ്യാരും പറഞ്ഞു.
Tags : NattuVishesham DistrictNews