നെല്ലിയോടി-കണ്ണൂർ കെഎസ്ആർടിസി ബസിന്റെ സർവീസ് കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് സിസിലി കണ്ണന്താനം ഉദ്ഘാടനം ചെയ്യുന്നു.
കൊട്ടിയൂർ: നെല്ലിയോടി നിവാസികളുടെ യാത്രാദുരിതത്തിന് പരിഹാരമായി നെല്ലിയോടിയിൽ നിന്ന് കണ്ണൂരിലേക്ക് പുതിയ കെഎസ്ആർടിസി ബസ് സർവീസ് ആരംഭിച്ചു. സർവീസിന്റെ ഫ്ലാഗ് ഓഫ് കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് സിസിലി കണ്ണന്താനം നിർവഹിച്ചു. നെല്ലിയോടി പള്ളി വികാരി ഫാ. തോമസ് ചവറനാൽ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് ഭരണസമിതിയുടെയും പ്രാദേശിക ജനപ്രതിനിധികളുടെയും നിരന്തരമായ ഇടപെടലുകളെത്തുടർന്ന് ഗതാഗത വകുപ്പിന്റെ പ്രത്യേക പരിഗണനയിലാണ് പുതിയ ബസ് അനുവദിച്ചത്. മുമ്പ് മൂന്നിലധികം ബസുകൾ സർവീസ് നടത്തിയിരുന്ന ഈ റൂട്ടിൽ പിന്നീട് ബസുകൾ നിലച്ചുപോയത് പ്രദേശവാസികളെയും പ്രത്യേകിച്ച് വിദ്യാർഥികളെയും ജോലിക്ക് പോകുന്നവരെയും ഏറെ ബുദ്ധിമുട്ടിച്ചിരുന്നു.
ചടങ്ങിൽ പഞ്ചായത്ത് അംഗങ്ങളായ ഷാജി തെങ്ങുംപള്ളി, ജോണി ആമക്കാട്, പ്രദേശവാസി ഷാജി അടുപ്പുകല്ലേൽ തുടങ്ങിയവർ പ്രസംഗിച്ചു. ദിവസവും രാവിലെ 7.30ന് നെല്ലിയോടിയിൽ നിന്ന് പുറപ്പെടുന്ന ബസ് വൈകുന്നേരം 6.40ന് കണ്ണൂരിൽ നിന്ന് തിരിച്ച് നെല്ലിയോടിയിലേക്ക് സർവീസ് നടത്തും.
Tags : NattuVishesham DistrictNews