കണ്ണൂർ ദസറയുടെ ഭാഗമായി ദീപാലംകൃതമായ നഗരം ചുറ്റിക്കാണാൻ കെഎസ്ആർടിസി ഒരുക്കിയ ഡബിൾഡക്കർ ബസ്. -ദീപിക
കണ്ണൂർ: കണ്ണൂരിൽ വർണ ദീപങ്ങളും നൃത്തസംഗീത പരിപാടികളുമായി പത്തുനാൾ നീണ്ടുനിൽക്കുന്ന ആഘോഷരാവുകൾ ഒരുക്കുന്ന കണ്ണൂർ ദസറയ്ക്ക് പ്രൗഢോജ്വല തുടക്കം.
ദസറയുടെ ഔപചാരിക ഉദ്ഘാടനം മേയർ പി.ഇന്ദിര നിർവഹിച്ചു. ടി.ഒ. മോഹനൻ എംഎൽഎ ഭദ്രദീപം തെളിയിച്ചു. ജാതി മത രാഷ്ട്രീയ ഭേദമന്യേ കണ്ണൂരിലെ ജനങ്ങളെ ഒരുമിപ്പിക്കുന്നതാണ് കണ്ണൂർ ദസറ എന്ന് മേയർ പി. ഇന്ദിര പറഞ്ഞു.
തിന്മകളെ എതിർക്കൽ പൗരധർമമാണെന്നും അത് പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും അതിന് കണ്ണൂർ ദസറയ്ക്ക് സാധിക്കട്ടെയെന്നും ടി.ഒ. മോഹനൻ എംഎൽഎ പറഞ്ഞു. ഡപ്യൂട്ടി മേയർ കെ.പി. താഹിർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ വിശിഷ്ടാതിഥിയായിരുന്നു.
സിനിമാതാരം സന്തോഷ് കീഴാറ്റൂർ സെലിബ്രിറ്റി ഗസ്റ്റ് ആയി പങ്കെടുത്തു. പൊതുമരാമത്ത് കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റിജിൽ മാക്കുറ്റി, സിറ്റി പൊലിസ് കമ്മിഷണർ വിജയഭാരത റെഡി, അസി. കളക്ടർ എസ്. സ്വാതി, എം.സി. സുനിൽകുമാർ, അൻഷുമാൻ ഡേ എന്നിവർ മുഖ്യാതിഥികളായിരുന്നു. ചടങ്ങിൽ പരിസ്ഥിതിപ്രവർത്തകനായ പി.പി. കൃഷ്ണൻ ആദരവ് നൽകി. വിവിധ രാഷ്ട്രീയ പ്രതിനിധികൾ പങ്കെടുത്തു.
തുടർന്ന് റിനിത നിശാന്ത് അവതരിപ്പിച്ച ശാസ്ത്രീയ സംഗീതം, ഉമാശങ്കരം ടീമിന്റെ തിരുവാതിര, ഐഷാനി സനേഷ്, മഹേഷ് എന്നിവർ അവതരിപ്പിച്ച ക്ലാസിക്കൽ ഡാൻസ്, നടനം നൃത്തവിദ്യാലയം അവതരിപ്പിച്ച കൃഷ്ണനൃത്തം, അഞ്ജലി ശരത് അവതരിപ്പിച്ച ഭരതനാട്യം, ലാസ്യ നാലാഞ്ചി അവതരിപ്പിച്ച കൈകൊട്ടിക്കളി എന്നിവയ്ക്കു ശേഷം പ്രമുഖ സിനിമ പിന്നണിഗായകൻ കെ.എസ്. ഹരിശങ്കർ അവതരിപ്പിച്ച സംഗീത പരിപാടി ഹരിശങ്കർ ലൈവ് എന്നിവ അരങ്ങേറി.
കണ്ണൂർ ദസറയുടെ രണ്ടാം ദിനമായി ഇന്ന് സാംസ്കാരിക സമ്മേളനം സന്തോഷ് കുമാർ എംപി ഉദ്ഘാടനം ചെയ്യും. പ്രശസ്ത പിന്നണിഗായകനും സംഗീതനാടക അക്കാദമി ചെയർമാനുമായ ജി. വേണുഗോപാൽ വിശിഷ്ടാഥിതിയാകും. തുടർന്ന് ചിദംബരം നൃത്ത വിദ്യാലയം അവതരിപ്പിക്കുന്ന ക്ലാസിക്കൽ നൃത്തം, ബിറ്റ് ബ്രേക്കേഴ്സിന്റെ ഫ്യൂഷൻ ഡാൻസ്, ശ്രീ കുറുമ്പ വാരം ടീം അവതരിപ്പിക്കുന്ന കൈകൊട്ടിക്കളി, അനന്യ പ്രദീപ് അവതരിപ്പിക്കുന്ന ഭരതനാട്യം, കമാലുദ്ദീൻ സിനാൻ അവതരിപ്പിക്കുന്ന ഡാൻസ്, അനോഖി അവതരിപ്പിക്കുന്ന ഭരതനാട്യം, ആതിര ഉണ്ണി അവതരിപ്പിക്കുന്ന കുച്ചുപ്പുടി എന്നിവയ്ക്കുശേഷം പ്രശസ്ത റാപ് ഗായകൻ ഫെജോ അവതരിപ്പിക്കുന്ന ലൈവ് റാപ്പ് ഷോ അരങ്ങേറും.
Tags : NattuVishesham DistrictNews