കൊച്ചി: എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ 20 ലക്ഷം വിലമതിക്കുന്ന ഒരു കിലോഗ്രാം ഹെറോയിൻ പിടികൂടി. റെയിൽവേ സംരക്ഷണ സേനയും (ആർപിഎഫ്) റെയിൽവേ പൊലിസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഹെറോയിൻ പിടികൂടിയത്.
പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് റെയിൽവേ സ്റ്റേഷനിലെ ലിഫ്റ്റിന് സമീപം ഉപേക്ഷിച്ച നിലയിലായിരുന്നു ഹെറോയിൻ. ഇതരസംസ്ഥാന തൊഴിലാളികൾ ഒഡീഷയിൽ നിന്ന് കൊണ്ടു വന്നതാണെന്നാണ് പ്രാഥമിക നിഗമനം.
ആർപിഎഫ് സീനിയർ ഡിവിഷണൽ സെക്യൂരിറ്റി കമ്മിഷണർ മുഹമ്മദ് ഹനീഫ്, അസിസ്റ്റന്റ് കമ്മിഷണർ രതീഷ് ബാബു, ആർപിഎഫ് ഇൻസ്പെക്ടർ ബിനോയ് ആന്റണി, റെയിൽവേ എറണാകുളം ഡിവൈഎസ്പി ജോർജ് ജോസഫ്, എസ്ഐ സുനിൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.
ട്രെയിനുകൾ കേന്ദ്രീകരിച്ച് ലഹരിമരുന്ന് കടത്ത് തടയുന്നതിന്റെ ഭാഗമായിട്ടായിരുന്നു പരിശോധന. റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും സംശയാസ്പദ സാഹചര്യങ്ങൾ നിരീക്ഷിക്കുന്നതിനും ലഹരിമരുന്ന് കടത്തുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ തടയുന്നതിനുമായി പ്രത്യേക നിരീക്ഷണവും പരിശോധനയും ഏർപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു.
Tags : NattuVishesham DistrictNews