നീലേശ്വരം വൈദ്യുതി സെക്ഷൻ ഓഫിസ് ബസ്സ്റ്റാൻഡിനു തൊട്ടടുത്തുള്ള ബിഎസ്എൻഎൽ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചപ്പോൾ.
നീലേശ്വരം: ഏറെക്കാലമായി നഗരത്തിൽ ഇരിപ്പുറക്കാതെ വലഞ്ഞ വൈദ്യുതി സെക്ഷൻ ഓഫിസ് ഇനി നഗരമധ്യത്തിൽ ബസ്സ്റ്റാൻഡിനു തൊട്ടടുത്തുള്ള ബിഎസ്എൻഎൽ കെട്ടിടത്തിൽ പ്രവർത്തിക്കും. ചിറപ്പുറം ആലിൻകീഴിലെ താത്കാലിക കെട്ടിടത്തിൽ നിന്ന് ഇന്നലെ മുതലാണ് വൈദ്യുതി സെക്ഷൻ ഓഫിസ് ബിഎസ്എൻഎല്ലിന്റെ ടെലഫോൺ എക്സ്ചേഞ്ച് കെട്ടിടത്തിലേക്കു മാറ്റിയത്.
നീലേശ്വരം സെക്ഷനു കീഴിലുള്ളവർക്ക് വൈദ്യുതി ബിൽ അടയ്ക്കുന്നതിനും പുതിയ കണക്ഷനും ലൈനുകൾക്കും തൂണിനും അറ്റകുറ്റപണികൾക്കും മറ്റാവശ്യങ്ങൾക്കും അപേക്ഷ നൽകുന്നതിനുമെല്ലാം ഇനി ഇവിടെയെത്തിയാൽ മതിയാകും. മലയോരമേഖലകളിൽ നിന്നു മറ്റുമെത്തുന്ന ഉപഭോക്താക്കൾക്ക് ഇതുവരെ നീലേശ്വരത്ത് ബസിറങ്ങി വീണ്ടും ബസോ ഓട്ടോയോ പിടിച്ച് ചിറപ്പുറത്തേക്കു പോകേണ്ടിവരുന്ന അവസ്ഥയായിരുന്നു. വർഷങ്ങളോളം നീലേശ്വരം സർവീസ് സഹകരണ ബാങ്ക് റോഡിലുള്ള കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന വൈദ്യുതി ഓഫീസ് ഏതാനും വർഷം മുമ്പാണ് ചിറപ്പുറത്തേക്കു മാറിയത്.
ലാൻഡ് ഫോൺ അടക്കമുള്ള സേവനങ്ങൾ പരിമിതമായതോടെ ബിഎസ്എൻഎല്ലിന്റെ നഷ്ടം നികത്തുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണ് കെട്ടിടങ്ങൾ മറ്റു സ്ഥാപനങ്ങൾക്ക് വാടകയ്ക്കു നൽകാൻ തുടങ്ങിയത്. ബിഎസ്എൻഎല്ലിന് സ്വന്തമായി കെട്ടിടങ്ങളുള്ള ഇടങ്ങളിലെല്ലാം വെറുതേ കിടക്കുന്ന മുറികൾ ഈ രീതിയിൽ വാടകയ്ക്കു നൽകുന്നതിനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്. വാടകക്കെട്ടിടങ്ങളിൽ പ്രവർത്തിച്ചിരുന്ന ടെലഫോൺ എക്സ്ചേഞ്ചുകൾ പലതും ഒഴിയുകയും ചെയ്തു. ചിലയിടങ്ങളിൽ മൊബൈൽ ടവറുകൾ മാത്രമായി നിലനിർത്തിയിരിക്കുകയാണ്.
Tags : NattuVishesham DistrictNews