പിറവത്ത് എക്സൈസ് കടവ് പാലം നിര്‍മാണത്തിന്റെ ഭാഗമായി നടക്കുന്ന മണ്ണുപരിശോധന.
പിറവം: പിറവം നഗരത്തിലെ ഗതാഗതക്കുരുക്കിനു പരിഹാരമായി മൂവാറ്റുപുഴയാറിനു കുറുകെ നിര്‍ദിഷ്ട എക്സൈസ് കടവ് പാലം നിര്‍മാണത്തിനുള്ള മണ്ണ് പരിശോധന തുടങ്ങി. ഇതിനുശേഷം പാലത്തിന്റെ രൂപരേഖ തയാറാക്കല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ ആരംഭിക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു.
പാലത്തിന്റെ തൂണുകളുടെയും അബട്ട്മെന്റുകളുടെയും ഭാരവും, കടന്നുപോകുന്ന വാഹനങ്ങളുടെ ഭാരവും താങ്ങാന്‍ ആ പ്രദേശത്തെ മണ്ണിന് എത്രത്തോളം ശേഷിയുണ്ടെന്നു കണ്ടെത്താനാണു മണ്ണുപരിശോധിക്കുന്നത്. പുഴയിലെയും കരയിലെയും മണ്ണിന്റെ ഘടന, ഉറപ്പ് എന്നിവ പരിശോധിക്കുന്നതിന്റെ ഭാഗമായാണു കഴിഞ്ഞ ദിവസം മുതല്‍ യന്ത്രസഹായത്തോടെ എക്സൈസ് കടവില്‍ കുഴിച്ചു പരിശോധന നടത്തുന്നത്. മറുകരയിലും പരിശോധന തുടരും. പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തില്‍ പാലത്തിന് അനുയോജ്യമായ അടിത്തറ ഏതാണെന്നു തീരുമാനിക്കും. ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ നിന്നു കൊച്ചിയിലേക്കുള്ള കവാടമായ പിറവം ടൗണിലെ കുരുക്കും യാത്രാദുരിതവും ഒഴിവാക്കുന്നതിനാണു എക്സൈസ് കടവ് പാലം നിര്‍മിക്കുന്നത്.
2016 ലെ ബജറ്റില്‍ പാലത്തിനു 40 കോടി രൂപ വകയിരുത്തിയിരുന്നു. പിന്നീട് സര്‍ക്കാരില്‍നിന്ന് അനുകൂല നടപടി ഉണ്ടായില്ല. 2014 ല്‍ 27 ലക്ഷം ഉപയോഗിച്ചു പുഴയിലെ മണ്ണുപരിശോധന, പാലത്തിന്റെ രൂപരേഖ ഉള്‍പ്പടെയുള്ള കാര്യങ്ങളെല്ലാം പൂര്‍ത്തിയാക്കിയതിനു ശേഷമായിരുന്നു അപ്രതീക്ഷിത പിന്മാറ്റം. പാലത്തിനൊപ്പം അപ്രോച്ച് റോഡും കൂടി ഉള്‍പ്പെടുന്ന മാതൃകയാണു നേരത്തെ പൊതുമരാമത്തു വകുപ്പു തയാറാക്കിയിരുന്നത്.
മണ്ണു പരിശോധന പൂര്‍ത്തിയാക്കി മറ്റു നടപടികളിലേക്കു വൈകാതെ കടക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. അരനൂറ്റാണ്ടു പിന്നിട്ട പാലമാണു പിറവത്ത് ഇപ്പോള്‍ ഇരുകരകളെയും ബന്ധിപ്പിക്കുന്നത്. പിറവം വഴി കൊച്ചിയിലേക്കു പോകുന്ന വാഹനങ്ങളെല്ലാം ഇപ്പോള്‍ ടൗണിലെത്തി നിലവിലുള്ള പാലം വഴിയാണു കടന്നുപോകുന്നത്.
നടക്കാവ് ഹൈവേയും ആമ്പല്ലൂര്‍ ഹൈവേയും പിറവത്തു സന്ധിച്ചതോടെ ദീര്‍ഘദൂര ബസ് സര്‍വീസുകള്‍ ഉള്‍പ്പടെ ഒട്ടേറെ വാഹനങ്ങളാണ് ഓരോ മിനിറ്റിലും ടൗണിലേക്കു പ്രവേശിക്കുന്നത്.
Tags : NattuVishesham DistrictNews