അഞ്ജിത്ത്
ഹരിപ്പാട്: ഹരിപ്പാട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപം ബസും ബുള്ളറ്റും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. കുമാരപുരം താമല്ലാക്കൽ കണ്ടത്തിൽ കിഴക്കേതിൽ രാജേന്ദ്രൻ-മായ ദമ്പതികളുടെ മകൻ ആർ.അഞ്ജിത്ത് (24) ആണ് മരിച്ചത്. പരുമലയിലെ സ്വകാര്യ ആശുപത്രിയിലെ ട്രെയിനി നഴ്സാണ്.
ഞായറാഴ്ച വൈകിട്ട് 3.30നായിരുന്നു അപകടം. വലിയകുളങ്ങരയിലുള്ള സുഹൃത്തിന്റെ വീട്ടിൽ പോയ ശേഷം നങ്ങ്യാർകുളങ്ങര വഴി വീട്ടിലേക്ക് ബുള്ളറ്റിൽ മടങ്ങുകയായിരുന്നു അഞ്ജിത്ത്. സ്റ്റാൻഡിൽ നിന്ന് റോഡിലേക്ക് ഇറങ്ങിയ കെഎസ്ആർടിസി ബസുമായി ബുള്ളറ്റ് കൂട്ടിയിടിക്കുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ അഞ്ജിത്തിനെ ആദ്യം ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും തുടർന്ന് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
പരിക്ക് അതീവ ഗുരുതരമായതിനെ തുടർന്ന് പരുമലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും തിങ്കളാഴ്ച പുലർച്ചെ അഞ്ചരയോടെ മരിച്ചു. വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.സംസ്കാരം ഇന്നു രാവിലെ 11ന് വീട്ടുവളപ്പിൽ. സംഭവത്തിൽ കെഎസ്ആർടിസി ഡ്രൈവർക്കെതിരേ പൊലിസ് കേസെടുത്തു. സഹോദരി: അഞ്ജിത.
Tags : NattuVishesham DistrictNews