കീം പരീക്ഷയിൽ എൻജിനിയറിംഗിൽ ആദ്യ റാങ്ക് നേടിയ അയ്യമ്പുഴ സ്വദേശി റോഷൻ രാജുവിനെ ഉന്നത വിദ്യാഭ്യാസ മന്ത്ര
കാലടി: ജോയിന്റ് എന്‍ട്രന്‍സ് എക്സാം (ജെഇഇ) അഡ്വാന്‍സ്ഡ് പ്രവേശന പരീക്ഷയില്‍ കേരളത്തില്‍ ഒന്നാം റാങ്ക് നേടിയതിന് പിന്നാലെ കീം പരീക്ഷയിലും ഒന്നാം റാങ്ക് സ്വന്തമാക്കിയതിന്റെ ഇരട്ടി സന്തോഷത്തിലാണ് എറണാകുളം അങ്കമാലി അയ്യമ്പുഴ അമലാപുരം കാച്ചപ്പള്ളി വീട്ടില്‍ റോഷന് രാജു. കഠിനാധ്വാനത്തിന്റെയും ദൈവാനുഗ്രഹത്തിന്റെയും ഫലമായാണ് വിജയത്തെ റോഷന് കാണുന്നത്.
ആദ്യ പത്ത് റാങ്കുകളില്‍ ഇടം പിടിക്കുമെന്ന് വിചാരിച്ചിരുന്നുവെങ്കിലും തനിക്ക് ഒന്നാം റാങ്ക് ലഭിക്കും എന്ന് കരുതിയിരുന്നില്ലെന്ന് റോഷന് പറഞ്ഞു. മാന്നാനം കെഇ സ്കൂളിലാണ് പ്ലസ് ടു പഠനത്തോടൊപ്പം തന്നെ എന്‍ട്രന്‍സ് കോച്ചിംഗ് നടത്തിയിരുന്നു. രണ്ട് വര്‍ഷക്കാലം വീട്ടില്‍ നിന്ന് മാറി നിന്നായിരുന്നു കോച്ചിംഗ്. ജെഇഇ ഓള് ഇന്ത്യ തലത്തില്‍ 134ാം റാങ്കും കേരളത്തില്‍ ഒന്നാം റാങ്കും റോഷന് നേടിയിരുന്നു. ഈ നേട്ടത്തിന് പിന്നാലെയാണ് കീം പരീക്ഷയിലും ഒന്നാം റാങ്കിന്റെ തിളക്കം.
റാങ്ക് പ്രഖ്യാപനത്തിന് പിന്നാലെ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം.ജോണ്‍ റോഷനെ വീട്ടിലെത്തി അഭിനന്ദിച്ചു. തന്റെ മണ്ഡലത്തിൽനിന്നു തന്നെയുള്ള റോഷന് ഈ വലിയ അംഗീകാരം ലഭിച്ചതിൽ മന്ത്രി സന്തോഷം പ്രകടിപ്പിച്ചു.
റോഷന്റെ ഈ നേട്ടത്തില്‍ വലിയ സന്തോഷമുണ്ടെന്നും അവന് ഇതിന് അര്‍ഹതയുണ്ടെന്ന് ഉറപ്പായിരുന്നുവെന്നും റോഷന്റെ അമ്മ ജാസ്മിന്പറഞ്ഞു. അയ്യമ്പുഴ പഞ്ചായത്തിലെ അമലാപുരം എന്ന ചെറിയ ഗ്രാമം ഇപ്പോള്‍ സംസ്ഥാനത്തുടനീളം അറിയപ്പെടുന്നതില്‍ റോഷന്റെ ഒന്നാം റാങ്കിന്റെ പകിട്ടിലാണ്. അധ്യാപകരും കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഉള്‍പ്പെടെ നിരവധി പേര് റോഷനെ അഭിനന്ദിക്കാന്‍ വീട്ടിലെത്തി.
മദ്രാസ് ഐഐടിയില്‍ കംപ്യൂട്ടര്‍ സയന്‍സ് കോഴ്സ് അഡ്മിഷന് എടുത്തതായും ഒരു മാസത്തിനകം അവിടേക്ക് പോകുമെന്നും റാങ്ക് ജേതാവ് പറഞ്ഞു. പിതാവ് രാജു കെ എസ് എഫ് ഇ കാക്കനാട് റീജണല്‍ ഓഫീസിലെ മാനേജരും അമ്മ ജാസ്മിന് ആലുവ ഗവ. ബോയ്സ് ഹയര്‍ സെക്കൻഡറി സ്കൂളിലെ കെമിസ്ട്രി വിഭാഗം അധ്യാപികയുമാണ്.
വായന, സിനിമ, സംഗീതം... ഇഷ്ടങ്ങളെ കൂട്ടുപിടിച്ച് നേടിയ രോഹിത് കൃഷ്ണയുടെ റാങ്കിന് ഇരട്ടിമധുരം
സീമ മോഹൻലാൽ
കൊച്ചി: പഠനത്തിൽ നൂറ് ശതമാനം ശ്രദ്ധ പുലർത്തുന്ന വിദ്യാർഥികൾക്ക് ഹോബികൾക്ക് സമയമുണ്ടാകില്ലെന്ന പൊതുധാരണയെ തിരുത്തുകയാണ് കീം എൻജിനീയറിംഗ് പ്രവേശന പരീക്ഷയിൽ സംസ്ഥാനത്ത് നാലാം റാങ്ക് നേടിയ എറണാകുളം ചോറ്റാനിക്കര സ്വദേശിയായ എച്ച്. രോഹിത് കൃഷ്ണ. റാങ്ക് നേട്ടത്തിന്റെ തിളക്കത്തിനിടയിലും പുസ്തകങ്ങളും സിനിമയും സംഗീതവും ജീവിതത്തിന്റെ അവിഭാജ്യഘടകമാണെന്ന് പറയുന്ന രോഹിത്, വിജയത്തിനു പിന്നിൽ കൃത്യമായ സമയക്രമത്തിനൊപ്പം മനസിനെ സന്തോഷിപ്പിച്ച ഈ ഇഷ്ടങ്ങളുമുണ്ടെന്ന് തുറന്നു പറയുന്നു. കൊച്ചി നൈപുണ്യ പബ്ലിക് സ്കൂളിലെ വിദ്യാർഥിയാണ് രോഹിത്. വിദ്യാലയത്തിന് ചരിത്രനേട്ടം സമ്മാനിച്ച രോഹിത്, ഇത്തവണ കീം പരീക്ഷ എഴുതിയ സിബിഎസ്ഇ സ്ട്രീമിലെ വിദ്യാർഥികളിൽ സംസ്ഥാനത്തെ ഒന്നാമനാണ്.
പരീക്ഷാ തയാറെടുപ്പിന്റെ തിരക്കുകൾക്കിടയിലും ദിവസവും കുറച്ചുസമയം വായനയ്ക്കായി മാറ്റിവയ്ക്കുന്നത് രോഹിത്തിന്റെ ശീലമായിരുന്നു. പാഠപുസ്തകങ്ങൾക്ക് പുറത്തുള്ള ലോകം പരിചയപ്പെടുത്തുന്നത് വായനയാണെന്നാണ് രോഹിത്തിന്റെ വിശ്വാസം. അതുകൊണ്ടുതന്നെ ഫാന്റസി, സാഹസികത, നിഗൂഢത എന്നിവ ഇഴചേർന്ന കഥകളാണ് രോഹിത്തിന് ഏറെ ഇഷ്ടം.
ഇംഗ്ലീഷ് സിനിമകളോടുള്ള താൽപര്യവും വെസ്റ്റേൺ സംഗീതം കേൾക്കുന്നതും രോഹിത്തിന്റെ ഇഷ്ടങ്ങളാണ്. പത്താം ക്ലാസ് വരെ കൊച്ചിൻ റിഫൈനറീസ് സ്കൂളിലായിരുന്നു. ഒളിമ്പ്യാഡ് മത്സരങ്ങളിൽ നിരവധി തവണ വിജയിയായിട്ടുണ്ട്. നൈപുണ്യ സ്കൂൾ എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. സൈമൺ പള്ളുപ്പെട്ട, പ്രിൻസിപ്പൽ ബോബി ജോസഫ്, ബ്രില്യന്റ് പാലാ ഡയറക്ടർ സ്റ്റീഫൻ ജോസഫ്, വൈസ് പ്രിൻസിപ്പൽമാർ എന്നിവരുടെ സാന്നിധ്യത്തിൽ വിദ്യാലയ അധികൃതരും വിദ്യാർഥികളും രോഹിത്തിന്റെ ഉജ്ജ്വല വിജയം ആഘോഷിച്ചു.
എറണാകുളം മെഡിക്കൽ സെന്ററിലെ ഗൈനക്കോളജിസ്റ്റ് ഡോ. എസ്. അനുപമ - ബിപിസിഎല്ലിലെ എൻജിനീയർ എസ്. ഹരികൃഷ്ണ ദമ്പതികളുടെ മകനാണ്. നിലവിൽ നൈപുണ്യ സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയും 2026-ലെ പത്താം ക്ലാസ് സിബിഎസ്ഇ പരീക്ഷയിലെ ടോപ്പറുമായ പല്ലവി കൃഷ്ണ സഹോദരിയാണ്. കംപ്യൂട്ടർ സയൻസ് എടുത്ത് എൻജിനിയറാകാനാണ് രോഹിത്ത് കൃഷ്ണയുടെ താൽപര്യം.
Tags : Local News Nattuvishesham Ernakulam