ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെപിപിഎല്ലില്‍ എത്തിയപ്പോള്‍.
കടുത്തുരുത്തി: എയിംസ് സ്ഥാപനവുമായി ബന്ധപ്പെട്ട പരിശോധനകള്‍ വെള്ളൂരിലും നടത്തി. ആരോഗ്യ വകുപ്പ് സംഘം വെള്ളൂര്‍ കെപിപിഎല്ലിന്റെ സ്ഥലത്ത് കഴിഞ്ഞ ദിവസം പരിശോധന നടത്തി. ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഷര്‍മിള മേരി ജോസഫും ഡയറക്ടര്‍ കെ.വി. വിശ്വനാഥനും ഉള്‍പ്പെടുന്ന ഉദ്യോഗസ്ഥ സംഘമാണ് കെപിപിഎല്ലില്‍ പരിശോധനയ്ക്കായി എത്തിയത്.
കെപിപിഎല്‍ എംഡി പ്രസാദ് ബാലകൃഷ്ണനുമായി സംഘം കൂടിക്കാഴ്ച നടത്തി. തുടര്‍ന്ന് എയിംസിനു വേണ്ടി നിര്‍ദേശിച്ച സ്ഥലങ്ങള്‍ സംഘം സന്ദര്‍ശിച്ചു. വെള്ളം ശുദ്ധീകരിക്കുന്ന പമ്പ് ഹൗസും മൂവാറ്റുപുഴയാറും കാട് കയറി കിടക്കുന്ന ക്വാർട്ടേഴ്സുകള്‍, പിറവം റോഡ് റെയില്‍വേ സ്റ്റേഷന് തുടങ്ങിയ സ്ഥലങ്ങളിലുമാണ് സംഘം സന്ദര്‍ശനം നടത്തിയത്.
എ.കെ. ബിനിമോന് എംഎല്‍എ, വൈക്കം തഹസില്‍ദാര്‍ ശ്രീകുമാര്‍, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുര്യാക്കോസ് തോട്ടത്തില്‍, ബ്ലോക്ക് പഞ്ചായത്ത് മുന്‍ അംഗം സുബിന് മാത്യു, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവരും സംഘത്തോടൊപ്പമുണ്ടായിരുന്നു. ജനകീയ പ്രതികരണവേദി കോ-ഓര്‍ഡിനേറ്റര്‍ രാജു തെക്കേക്കാല തയാറാക്കിയ സ്ഥലത്തിന്റെ സ്കെച്ചും സംഘം മനസിലാക്കി.
കേരളത്തില്‍ എയിംസ് സ്ഥാപിക്കുന്നതിന് വേണ്ടി സംസ്ഥാന ആരോഗ്യവകുപ്പ് കേന്ദ്രത്തിന് വെള്ളൂര്‍ ഉള്‍പ്പെടെ പത്തു സ്ഥലങ്ങളാണ് നിര്‍ദേശിച്ചിട്ടുള്ളത്.
Tags : NattuVishasham DistrictNews