ആന്റണി
വിഴിഞ്ഞം: വിഴിഞ്ഞത്തുനിന്നു മീൻപിടിക്കാൻ പോയി കാണാതായവരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. മറ്റൊരാൾക്കായുള്ള തെരച്ചിൽ തുടരുന്നു. അടിമലത്തുറ അമ്പലത്തുംമൂല സ്വദേശി ബഞ്ചമിന്റെ മകൻ ആന്റണി(60) യുടെ മൃതദേഹമാണ് ഇന്നലെ രാവിലെ പതിനൊന്നരയോടെ അടിമലത്തുറയ്ക്കു സമീപത്തെ കടലിൽനിന്ന് കണ്ടെത്തിയതിയത്.
രാവിലെ തെരച്ചിലിനിറങ്ങിയ മറൈൻ എൻഫോഴ്സ്മെന്റിന്റെ ധീര എന്ന വള്ളത്തിലെ ലൈഫ് ഗാർഡുമാരായ പനിയടിമ, നസ്രത്ത്, റോബിൻ, റോബർട്ട് എന്നിവരാണ് ഒഴുകി നടക്കുന്ന നിലയിൽ കണ്ടെത്തിയ മൃതദേഹം വിഴിഞ്ഞം തുറമുഖത്തെത്തിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച സഹപ്രവർത്തകരായ മറ്റു രണ്ടു പേർക്കൊപ്പം ആന്റണിയുടെ മകൻ ബിനുവിന്റെ വള്ളത്തിലാണ് മീൻ പിടിക്കാൻ പുറപ്പെട്ടത്. ഉൾക്കടലിൽ നിന്നു മീൻ പിടിക്കുന്നതിനിടയിൽ രാത്രി ഒന്നരയോടെ ഉണ്ടായ കടൽക്ഷോഭത്തിൽ നിന്നു രക്ഷപ്പെടാൻ തുറമുഖം ലക്ഷ്യമാക്കി വള്ളമോടിച്ചെങ്കിലും കാറ്റിൽപ്പെടുകയാ യിരുന്നു.
വലവിരിച്ച സ്ഥലത്തുനിന്നു 18 കിലോമീറ്ററോളംദൂരം ഇരുട്ടിനെയും പുകമഞ്ഞിനെയും കാറ്റിനെയും വകവയ്ക്കാതെ ഓടിച്ച വള്ളത്തെ തുറമുഖത്തിനു തൊട്ടടുത്ത മൗത്തിനു സമീപം കാറ്റുമറിച്ചിട്ടു. കടലിൽ തെറിച്ചുവീണ രണ്ടു പേരെ മറ്റു വള്ളക്കാർ രക്ഷപ്പെടുത്തിയെങ്കിലും ആന്റ ണിയെ കാണാതാവുകയായിരുന്നു. തീരദേശ പോലീസ് മേൽനടപടികൾ സ്വീകരിച്ച മൃതദേഹം പോസ്റ്റു മോർട്ടത്തിനുശേഷം ബന്ധുക്കൾക്കു വിട്ടു നൽകി. ഭാര്യ: കുഞ്ഞുമേരി. വിനു, വിജി, വിപിൻ എന്നിവർ മക്കളും ജെൻസി, മത്യാസ് എന്നിവർ മരുമക്കളുമാണ്.
കണ്ടുകിട്ടാനുള്ള പുല്ലുവിള സ്വദേശി ജോൺ മത്യാസിനായുള്ള തെരച്ചിൽ തുടരുകയാണ്. ഉൾക്കടലിൽ വള്ളം മറിഞ്ഞു കാണാതായ ഇയാൾക്കായി മറൈൻ എൻഫോഴ്സ്മെന്റും തീരദേശ പോലീസും ഇന്നലെ വൈകുന്നേരം വരെയും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്നലെ നിർത്തിവച്ച തെരച്ചിൽ ഇന്നും തുടരും. ശക്തമായ കാറ്റും കടൽക്ഷോഭവും ഉണ്ടെങ്കിലും ഇന്നലെയും നിരവധി വള്ളങ്ങൾ കടലിൽ ഇറങ്ങിയതായും അധികൃതർ പറയുന്നുണ്ട്.
സ്വന്തം ലേഖകൻ
Tags : NattuVishasham DistrictNews