വാഴ നിശിപ്പിച്ച നിലയിൽ
പുൽപ്പള്ളി: മുള്ളൻകൊല്ലി പഞ്ചായത്തിലെ ശിവപുരം, ചാമപ്പാറ പ്രദേശങ്ങളിൽ കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു.കർണാടക വനത്തിൽ നിന്ന് കൂട്ടമായി ഇറങ്ങിയ കാട്ടാനകൾ പ്രദേശത്തെ നിരവധി കർഷകരുടെ ഇഞ്ചി, വാഴ, കപ്പ, കമുക്, തെങ്ങ് ഉൾപ്പെടെയുള്ള കൃഷികളാണ് നശിപ്പിച്ചത്. പ്രദേശത്ത് ഒരാഴ്ചയായി കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിക്കുന്നത് പതിവായിരിക്കുകയാണ്.
സന്ധ്യ മയങ്ങുന്നതോടെ കാട്ടാനക്കൂട്ടം വനാതിർത്തിയിലെ ട്രഞ്ചും ഫെൻസിംഗും തകർത്താണ് കൃഷിയിടങ്ങളിലേക്കെത്തുന്നത്.ട്രഞ്ചും ഫെൻസിംഗും നന്നാക്കണമെന്നാവശ്യപ്പെട്ട് ജനപ്രതിനിധികളുൾപ്പടെയുള്ളവർ വനംവകുപ്പ് അധികൃതരെ നേരിൽ കണ്ട് സംസാരിച്ചിട്ടും നടപടിയൊന്നും ഇതുവരെ ഉണ്ടായില്ലെന്നാണ് കർഷകരുടെ പരാതി.
മഴക്കാലം ശക്തമായതോടെ ആനശല്യം ഇനിയും വർധിക്കുമെന്നും ഇതിന് പരിഹാരം കാണാൻ വനാതിർത്തിയിലെ ട്രഞ്ചും ഫെൻസിംഗും നന്നാക്കാൻ അധികൃതർ തയാറാകണമെന്നുമാണ് കർഷകരുടെ ആവശ്യം.
Tags : NattuVishasham DistrictNews