അറസ്റ്റിലായ കൊച്ചു
മഞ്ചേരി: നഗരസഭാ കൗണ്‍സിലറായിരുന്ന തലാപ്പില്‍ അബ്ദുല്‍ ജലീല്‍ എന്ന കുഞ്ഞാ (57) നെ കൊലപ്പെടുത്തിയ കേസില്‍ വിധി പറയുന്ന ദിവസം ഒളിവില്‍പ്പോയ ഒന്നാം പ്രതി പിടിയില്‍. നെല്ലിക്കുത്ത് കോട്ടക്കുത്ത് മാട്ടയില്‍ വീട്ടില്‍ ഷുഹൈബ് എന്ന കൊച്ചുവിനെയാണ് (29) മഞ്ചേരി പോലീസ് പിടികൂടിയത്.
കേസില്‍ വിധി പറയാന്‍ നിശ്ചയിച്ച വ്യാഴാഴ്ച ഇയാള്‍ കോടതിയില്‍ ഹാജരാകാതെ മുങ്ങുകയായിരുന്നു. ഇതോടെ പ്രതിയുടെ ജാമ്യം റദ്ദാക്കിയ കോടതി പോലീസിനോട് പ്രതിയെ ഉടന്‍ കണ്ടെത്താനും നിര്‍ദേശം നല്കി. ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് മഞ്ചേരി എസ്ഐ പി. ആഷിഫിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പിടികൂടിയത്.
തമിഴ്നാട് കോയമ്പത്തൂര്‍, സേലം ഭാഗങ്ങളില്‍ കറങ്ങിയ പ്രതി ഞായറാഴ്ച പുലര്‍ച്ചെ വീട്ടിലേക്ക് എത്തുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ച പോലീസ് നടത്തിയ പരിശോധനയിലാണ് ഷുഹൈബ് പിടിയിലായത്.നെല്ലിക്കുത്ത് ഒലിപ്രക്കാട് പതിയന്‍തൊടിക വീട്ടില്‍ അബ്ദുല്‍ മാജിദ് (30), പാണ്ടിക്കാട് വള്ളുവങ്ങാട് സൗത്ത് സ്വദേശി കറുത്തേടത്ത് വീട്ടില്‍ ഷംസീര്‍ (36) എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍.
ഈ രണ്ട് പ്രതികളും വ്യാഴാഴ്ച കോടതിയില്‍ ഹാജരായിരുന്നെങ്കിലും ഒന്നാം പ്രതി മുങ്ങിയതോടെ കേസ് മാറ്റിവയ്ക്കുകയായിരുന്നു.വെള്ളിയാഴ്ച വീണ്ടും കേസ് പരിഗണിച്ച കോടതി ഒന്നാം പ്രതിയുടെ രണ്ട് ജാമ്യക്കാര്ക്കെതിരേ കേസെടുക്കുകയും ഒരു ലക്ഷം രൂപ വീതം കോടതിയില്‍ കെട്ടിവയ്ക്കാനും ഉത്തരവിട്ടിരുന്നു. അഞ്ചിന് കേസ് വീണ്ടും പരിഗണിക്കും.
എഎസ്ഐ ദേവന്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സാജന്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഉബൈദ്, സലിം, ജുനൈസ്, അനന്തു, ശ്രീരാജ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Tags : NattuVishasham DistrictNews