നിലന്പൂർ ഐജിഎംഎംആർ സ്കൂളിലെത്തിയ മന്ത്രി
നിലന്പൂർ: ആദിവാസി കുട്ടികൾ താമസിച്ച് പഠിക്കുന്ന നിലന്പൂരിലെ ഇന്ദിരാ ഗാന്ധി മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്കൂളിൽ (ഐജിഎംഎംആർ) കുട്ടികളുടെ സൗകര്യങ്ങളും പരാതികളും നേരിട്ട് മനസിലാക്കാൻ സന്ദർശനത്തിനെത്തിയ മന്ത്രി കെ.എ. തുളസി കുട്ടികളുടെ ടീച്ചറമ്മയായി.
ഒന്നാം ക്ലാസുകാരൻ പുഞ്ചക്കൊല്ലി ഉന്നതിയിൽനിന്നുള്ള വിപിൻ മന്ത്രിയുടെ വിരലിൽ തൂങ്ങി ഒപ്പം കൂടി. രണ്ടാം ക്ലാസുകാരൻ അതുൽ കൃഷ്ണക്ക് വീട്ടുകാരാരും കാണാൻ വന്നില്ലെന്നായിരുന്നു സങ്കടം. കാണാനായി ഞങ്ങളെല്ലാം വന്നില്ലേ എന്ന് മന്ത്രി ആശ്വസിപ്പിച്ചെങ്കിലും പരിഭവം മാറിയില്ല. മന്ത്രി ഫോണിൽ അതുലിന്റെ സഹോദരി വാസന്തിയെ വിളിച്ചപ്പോൾ ആദ്യം ലഭിച്ചില്ല. ആര്യാടൻ ഷൗക്കത്ത് എംഎൽഎ ഉടനടി നിലന്പൂരിലെ രേഖാ അദാലത്തിൽ അറിയിപ്പ് നൽകിയതോടെ രേഖകൾക്കായെത്തിയ അതുലിന്റെ സഹോദരി വാസന്തിയെ ഫോണിൽ ലഭിച്ചു.
വിശേഷം തിരക്കിയ ശേഷം മന്ത്രി ഫോണ്‍ നൽകിയപ്പോൾ സങ്കടം മാറി അതുലിന്റെ മുഖത്ത് പുഞ്ചിരി വിടർന്നു. വീട്ടുകാർ വ്യാഴാഴ്ച കാണാനെത്തുമെന്ന ഉറപ്പും ലഭിച്ചതോടെ അതുലും മന്ത്രിയുടെ വിരലിൽ തൂങ്ങി ഒപ്പം കൂടി.നെൻമാറ എൻഎസ്എസ് കോളജിൽ ചരിത്ര വിഭാഗം മേധാവിയും പ്രിൻസിപ്പലുമായിരുന്ന മന്ത്രി കെ.എ.. തുളസി അധ്യാപികയുടെ കരുതലോടെയും അമ്മയുടെ വാത്സല്യത്തോടെയുമാണ് കുട്ടികളുമായി ഇടപഴകിയത്. പെണ്‍കുട്ടികളുടെ ഹോസ്റ്റലിലെത്തിയപ്പോൾ പ്ലസ്ടു വിന് ഹ്യുമാനിറ്റീസ് ബാച്ചില്ലെന്നായിരുന്നു പരാതി. അനുമതിക്കായി ഉടനടി വിദ്യാഭ്യാസ വകുപ്പിനെ സമീപിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി. ഇവിടെ വലിയ ടിവി വേണമെന്ന് ഒരു കൂട്ടം കുട്ടികൾ ആവശ്യമുന്നയിച്ചു. ടിവിക്കായുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ ഐടിഡിപി പ്രൊജക്ട് ഓഫീസർക്ക് മന്ത്രി നിർദേശം നൽകി.
ഫുട്ബോൾ മൈതാനം നന്നാക്കണമെന്നായിരുന്നു ആണ്‍കുട്ടികളുടെ ആവശ്യം.
സ്കൂളിലുള്ളത് മികച്ച ഫുട്ബോൾ താരങ്ങളാണെന്നും എംഎൽഎ ട്രോഫിക്ക് വേണ്ടിയുള്ള മത്സരത്തിൽ മികച്ച പ്രകടനമായിരുന്നെന്ന് ആര്യാടൻ ഷൗക്കത്ത് എംഎൽഎയും ഈ ആവശ്യത്തെ പിന്താങ്ങി. ഫുട്ബോൾ ഗ്രൗണ്ട് നവീകരിക്കാൻ ഐടിഡിപിയെ മന്ത്രി ചുമതലപ്പെടുത്തി. കുട്ടികൾക്ക് മിഠായി നൽകിയാണ് മന്ത്രിയും എംഎൽഎയും മടങ്ങിയത്.
Tags : NattuVishasham DistrictNews