തുറവൂർ: താലൂക്ക് ആശുപത്രിയുടെ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് കോടികളുടെ അഴിമതിക്ക് നീക്കമെന്ന് ആരോപണം. നിലവിൽ താലൂക്ക് ആശുപത്രിയുടെ ഉടമസ്ഥതയിലുള്ള ഭൂമിക്കു തന്നെ വീണ്ടും പണം നൽകാനുള്ള നീക്കത്തിനെതിരേയാണ് അഴിമതി ആരോപണം ഉയർന്നിരിക്കുന്നത്. കെ.ആർ. ഗൗരിയമ്മ അരൂർ എംഎൽഎയായിരുന്ന സമയത്ത് ഗൗരിയമ്മയുടെ നിർദേശത്തെത്തുടർന്ന് തുറവൂർ സ്വദേശിയായ ഒരു വ്യക്തി ഒരു രൂപ പ്രതിഫലത്തിലാണ് ഒരേക്കർ എഴുപത്തിയാറ് സെന്റ് ഭൂമി കുത്തിയതോട് പഞ്ചായത്തിന്റെ പേരിൽ ആശുപത്രി നിർമാണത്തിനായി നൽകിയത്.
ആശുപത്രിയുടെ നിർമാണപ്രവർത്തനങ്ങൾ ആരംഭിച്ചശേഷം ഭൂമി നൽകിയ വ്യക്തിയുടെ മറ്റൊരു ബന്ധു കോടതിയെ സമീപിക്കുകയും ഈ ഭൂമിയിൽ അവർക്കും അവകാശമുണ്ടെന്ന് കാണിച്ചുകൊണ്ട് ഹർജി നൽകുകയും ചെയ്തു. ഒരേക്കർ 26 സെന്റ് ഭൂമിയുടെ പകുതി അവകാശികൾ തങ്ങളാണെന്നുകാണിച്ച് ഇവർ കോടതിയെ സമീപിച്ചതോടെ ഭൂമിയുടെ വില 66 ലക്ഷം രൂപ പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് കേടതിയിൽ കെട്ടിവച്ച് ഭൂമിയുടെ അവകാശം നേടിയിരുന്നു.
പരാതിക്കാർ കഴിഞ്ഞയിടെ ആദ്യം നൽകിയ ഒരേക്കർ 76 സെന്റ് ഭൂമിയുടെ അളവു കാണിച്ചുകൊണ്ട് നഷ്ടപെട്ട് പോയ 52 സെന്റ് സ്ഥലത്തിന് ഇവർക്ക് അവകാശമുണ്ടെന്നു കാണിച്ച് വീണ്ടും കോടതിയെ സമീപിച്ചു. ഹൈക്കോടതിയിൽ നൽകിയ കേസിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് ആരും ഹാജരാകാത്തതിനെത്തുടർന്ന് ഹർജിക്കാർ എക്സ്പാർട്ടി വിധി സന്പാദിക്കുകയും റവന്യു ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഭൂമി പോക്കുവരവ് ചെയ്ത് കരമടയ്ക്കുകയുമായിരുന്നു. ഇതേത്തുടർന്ന് പരാതിക്കാർക്ക് ഭൂമിയുടെ വിലയായി രണ്ടുകോടി രൂപ നൽകാൻ ബ്ലോക്ക് പഞ്ചായത്ത് ബജറ്റിൽ പണം നീക്കിവച്ചിരിക്കുകയാണ്. ഇതിന് ഭരണാനുമതിയും ആയെന്നു പറയുന്നു. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ അനുമതികൂടി ലഭിച്ചാലേ പണം നൽകാനാവൂ.
പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയും സംസ്ഥാന തലത്തിൽ ചില രാഷ്ട്രീയനേതാക്കളും ഭൂമി ഉടമയും ആശുപത്രി അധികൃതരും ചേർന്നുള്ള തട്ടിപ്പാണ് ഇതിനുപിന്നിലെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. സർക്കാർ ഭൂമിക്ക് സർക്കാർ വില കൊടുക്കുന്ന അവസ്ഥയാണ് ഇവിടെയുള്ളത്. ഈ അഴിമതിക്കെതിരേ ശക്തമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരേ കർശന നിയമ നടപടി സ്വീകരിക്കണമെന്നും കോടതിയെ സമീപിച്ച് സർക്കാർ അനുകൂല ഉത്തരവ് നേടണമെന്നുമുള്ള ആവശ്യം ശക്തമാവുകയാണ്.